നൈകയുടെ അറ്റാദായത്തില്‍ 33 ശതമാനം വര്‍ധന
നടപ്പ് സാമ്പത്തിക വര്‍ഷ (Current Financial Year) ത്തെ ആദ്യപാദത്തിലെ അറ്റാദായത്തില്‍ 33 ശതമാനം വര്‍ധനവുമായി നൈക (Nykaa). 4.55 കോടി രൂപയാണ് നൈകയുടെ ജൂണിലെ അറ്റാദായം. മുന്‍വര്‍ഷത്തെ കാലയളവില്‍ ഇത് 3.41 കോടി രൂപയായിരുന്നു. കഴിഞ്ഞപാദത്തിലെ കമ്പനിയുടെ വരുമാനവും 41 ശതമാനം വര്‍ധിച്ചു. 1,148.4 കോടി രൂപയാണ് ഏപ്രില്‍-ജൂണ്‍ കാലയളവിലെ വരുമാനം. മുന്‍വര്‍ഷമിത് 817 കോടി രൂപയായിരുന്നു.
അവലോകന കാലയളവില്‍ എബിറ്റ്ഡ (earnings before interest, taxes, depreciation, and amortization) 71 ശതമാനം ഉയര്‍ന്ന് 46 കോടി രൂപയായി. ഫാഷന്‍ റീട്ടെയിലറുടെ മൊത്ത വ്യാപാര മൂല്യം 47 ശതമാനം വര്‍ധിച്ച് 2,155.8 കോടി രൂപയായി.
മുംബൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഫാഷന്‍ ബ്രാന്‍ഡായ നൈകയ്ക്ക് ഇന്ത്യയിലെ 52 നഗരങ്ങളിലായി 112 സ്വന്തം ഫിസിക്കല്‍ സ്റ്റോറുകളുമുണ്ട്. കൂടാതെ യു.എ.ഇ, യു.എസ് എന്നിവിടങ്ങളില്‍ കൂടി സ്റ്റോറുകള്‍ വ്യാപിപ്പിക്കാനുള്ള ഒരുക്കത്തിലാണ് കമ്പനി.
ഇന്നലെ ഓഹരി വിപണി (Stock Market) യില്‍ 1.7 ശതമാനം ഇടിവോടെ 1,420 രൂപ എന്ന നിലയിലാണ് നൈക വ്യാപാരം അവസാനിപ്പിച്ചത്.