കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡിന്റെ ഹൈഡ്രജന്‍ ബോട്ട് കാശിയിലേക്ക്; ഫ്‌ളാഗ് ഓഫ് ചെയ്ത് പ്രധാനമന്ത്രി മോദി

ഇന്ത്യ തദ്ദേശീയമായി നിര്‍മ്മിച്ച ആദ്യ ഹൈഡ്രജന്‍ ബോട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി നാടിന് സമര്‍പ്പിച്ചു. കൊച്ചി ആസ്ഥാനമായ കേന്ദ്ര പൊതുമേഖലാ സ്ഥാപനവും ഇന്ത്യയിലെ ഏറ്റവും വലിയ കപ്പല്‍ നിര്‍മ്മാണ, അറ്റകുറ്റപ്പണിശാലയുമായ കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡാണ് ഹൈഡ്രജന്‍ ബോട്ട് നിര്‍മ്മിച്ചത്. തൂത്തുക്കുടി വി.ഒ. ചിദംബര്‍നാര്‍ തുറമുഖത്ത് നടന്ന ചടങ്ങില്‍ സംബന്ധിക്കവേയാണ് പ്രധാനമന്ത്രി മോദി ബോട്ട് ഫ്‌ളാഗ് ഓഫ് ചെയ്തത്.
2070ഓടെ നെറ്റ്-സീറോ എമിഷന്‍ നേടുക, പി.എം ഗതിശക്തി, നാഷണല്‍ ഗ്രീന്‍ ഹൈഡ്രജന്‍ മിഷന്‍ തുടങ്ങിയ ലക്ഷ്യങ്ങളിലൂന്നിയ പ്രവര്‍ത്തനങ്ങളുടെ ഭാഗമാണ് ഇന്ത്യയുടെ ആദ്യ തദ്ദേശ നിര്‍മ്മിത ഹൈഡ്രജന്‍ ബോട്ട്. മാരിടൈം രംഗത്ത് ഇന്ത്യ സമീപകാലത്ത് മികച്ച പ്രകടനമാണ് നടത്തുന്നതെന്നും ഈ രംഗത്ത് ഇന്ത്യ റാങ്കിംഗ് മുന്നേറ്റം നടത്തിയെന്നും മോദി പറഞ്ഞു.
നിര്‍ണായക നാഴികക്കല്ലെന്ന് കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡ് ചെയര്‍മാന്‍
ഹൈഡ്രജന്‍ ഫ്യുവല്‍ സെല്‍ ബോട്ട് നാടിന് സമര്‍പ്പിച്ചപ്പോള്‍ അത് കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡിന് മാത്രമല്ല ഇന്ത്യയുടെ സാങ്കേതിക മേഖലയ്ക്കാകെ അഭിമാനിക്കുന്ന നിര്‍ണായക നാഴികക്കല്ലാണെന്ന് കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡ് ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ ഡോ. മധു എസ്. നായര്‍ പറഞ്ഞു. 50 പേര്‍ക്ക് യാത്ര ചെയ്യാവുന്ന ബോട്ട് കാശിയില്‍ (വാരാണസി) ഗംഗാനദിയിലെ സര്‍വീസിനായാണ് നിര്‍മ്മിച്ചത്.
അന്തരീക്ഷ, ശബ്ദമലിനീകരണമില്ലെന്നതാണ് ബോട്ടിന്റെ മുഖ്യ സവിശേഷത. ഓട്ടോമോട്ടീവ് രംഗത്തെ ഐ.ടി കമ്പനിയായ കെ.പി.ഐ.ടി., സി.എസ്.ഐ.ആര്‍., ഇന്ത്യന്‍ രജിസ്റ്റര്‍ ഓഫ് ഷിപ്പിംഗ് എന്നിവയുമായി സഹകരിച്ചാണ് കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡ് ഹൈഡ്രജന്‍ യാനം നിര്‍മ്മിച്ചത്.
വൈകാതെ കൂടുതല്‍ നഗരങ്ങളിലേക്ക് ഹൈഡ്രജന്‍ യാന പദ്ധതി ആരംഭിക്കാന്‍ കേന്ദ്രത്തിന് പദ്ധതിയുണ്ടെന്നും ഇത് കൊച്ചി കപ്പല്‍ശാലയ്ക്ക് നേട്ടമാകുമെന്നും ചെയര്‍മാന്‍ പറഞ്ഞു. കൊച്ചി, കൊല്ലം ഉള്‍പ്പെടെ നിരവധി നഗരങ്ങള്‍ കേന്ദ്രത്തിന്റെ പരിഗണനയിലുണ്ട്. കേന്ദ്രത്തിന്റെ 75 ശതമാനം ഫണ്ടിംഗുമായാണ് ആദ്യ ഹൈഡ്രജന്‍ ബോട്ട് നിര്‍മ്മിച്ചത്. ഇന്ത്യയിലെമ്പാടും എന്നതിന് പുറമേ വിദേശത്തേക്കും ഹൈഡ്രജന്‍ യാനങ്ങള്‍ ലഭ്യമാക്കാന്‍ കപ്പല്‍ശാല ഉന്നമിടുന്നതായും അദ്ദേഹം വ്യക്തമാക്കി.
ആയിരം ഹരിതയാനങ്ങള്‍ വരുന്നൂ
ഏറെ ചെലവേറിയ ഇന്ധനമാണ് ഹൈഡ്രജന്‍. പൊതുമേഖലാ എണ്ണക്കമ്പനികളും മറ്റും ഗ്രീന്‍ ഹൈഡ്രജന്‍ ഉത്പാദനം കൂട്ടാനുള്ള പരിശ്രമത്തിലാണ്. ഹൈഡ്രജന്‍ വാലി പദ്ധതിയുമായി കേരളവും ഈ രംഗത്ത് സാന്നിദ്ധ്യമറിയിക്കുന്നു. വൈകാതെ ലഭ്യത കൂടുമെന്നും വില എത്തിപ്പിടിക്കാവുന്ന തലത്തിലേക്ക് എത്തുമെന്നുമാണ് പ്രതീക്ഷയെന്നും മധു എസ്. നായര്‍ പറഞ്ഞു.
ഇലക്ട്രിക്, ഹൈഡ്രജന്‍ ഇന്ധനങ്ങളുപയോഗിക്കുന്ന ആയിരം യാനങ്ങള്‍ അവതരിപ്പിക്കാന്‍ കേന്ദ്രത്തിന് പദ്ധതിയുണ്ട്. കേരളവും ബംഗാളും ഉള്‍പ്പെടെ ഉള്‍നാടന്‍ ജലഗതാഗതത്തിന് പ്രാമുഖ്യമുള്ള സംസ്ഥാനങ്ങളില്‍ പദ്ധതി നടപ്പാക്കാനാണ് ശ്രമം. ജലഗതാഗതത്തെ പൂര്‍ണമായും ഹരിതവത്കരിക്കുകയാണ് ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു. 5-10 വര്‍ഷത്തിനകം പരമ്പരാഗത ഇന്ധനത്തില്‍ നിന്ന് മാറി ഹൈഡ്രജന്‍ പൊതു മാരിടൈം ഇന്ധനമായി മാറിയേക്കുമെന്നും അദ്ദേഹം പറഞ്ഞു.
17,400 കോടിയുടെ പദ്ധതികള്‍
വി.ഒ. ചിദംബര്‍നാര്‍ തുറമുഖത്തിന്റെ കണ്ടെയ്‌നര്‍ കൈകാര്യശേഷിയില്‍ നാല് ദശലക്ഷം ടി.ഇ.യു കൂടി കൂട്ടിച്ചേര്‍ക്കുന്നതും ഇന്ത്യയുടെ കിഴക്കന്‍ തീരത്തെ കണ്ടെയ്‌നര്‍ ട്രാന്‍സ്മിഷന്‍ ഹബ്ബാക്കി
തുറമുഖത്തെ
മാറ്റുകയും ലക്ഷ്യമിടുന്ന 7,056 കോടി രൂപയുടെ ഔട്ടര്‍ ഹാര്‍ബര്‍ പദ്ധതിയുടെ ഉദ്ഘാടനം ഉള്‍പ്പെടെ മൊത്തം 17,400 കോടി രൂപ മതിക്കുന്ന 36 അടിസ്ഥാനസൗകര്യ വികസന പദ്ധതികളാണ് മോദി ഇന്ന് നാടിന് സമര്‍പ്പിച്ചത്.
ചിദംബര്‍നാര്‍ തുറമുഖത്ത് ഗ്രീന്‍ ഹൈഡ്രജന്‍ ഹബ് (ഉത്പാദനവും വിതരണവും കയറ്റുമതിയും ബങ്കറിംഗും), തമിഴ്‌നാട്ടില്‍ ദേശീയപാതകളുടെ വികസനം, റെയില്‍വേ ലൈന്‍ ഇരട്ടിപ്പിക്കലും വൈദ്യുതിവത്കരണവും, വിവിധ സംസ്ഥാനങ്ങളിലായി 75 ലൈറ്റ് ഹൗസുകള്‍ ടൂറിസം കേന്ദ്രമാക്കല്‍, തൂത്തുക്കുടി ജില്ലയിലെ കുലശേഖരപട്ടിണത്ത് ഐ.എസ്.ആര്‍.ഒയ്ക്ക് പുതിയ മന്ദിരം തുടങ്ങിയ പദ്ധതികളുടെ തുടക്കവും തറക്കല്ലിടലും ഉള്‍പ്പെടെയുള്ള ചടങ്ങുകളാണ് മോദി നിര്‍വഹിച്ചത്. റെയില്‍, റോഡ് വികസനപദ്ധതികള്‍ കേരളത്തിനും തമിഴ്‌നാടിനും വലിയ വികസനക്കുതിപ്പാകുമെന്നും മോദി പറഞ്ഞു.
Related Articles
Next Story
Videos
Share it