കോവിഡ് ഭീതിയില്‍ ആളുകള്‍ വരുന്നില്ല, നിലനില്‍പ്പിനായി നട്ടം തിരിഞ്ഞ് സ്വകാര്യ ആശുപത്രികള്‍
കോവിഡ് ഭീതി മൂലം രോഗികള്‍ പരമാവധി ആശുപത്രി സന്ദര്‍ശനം ഒഴിവാക്കുന്ന സാഹചര്യം. കൂടാതെ വിദേശത്തുനിന്നും മറ്റു സംസ്ഥാനങ്ങളില്‍ നിന്നുമുള്ള രോഗികളുടെ വരവ് നിലച്ചു. ഈ സാഹചര്യത്തില്‍ ഭീമമായ പ്രവര്‍ത്തനച്ചെലവ് കണ്ടെത്താനാകാതെ നട്ടം തിരിയുകയാണ് സ്വകാര്യ ആശുപത്രികള്‍.
ഡോക്ടര്‍മാരുടെയും മറ്റ് ജീവനക്കാരുടെയും ശമ്പളം വെട്ടിച്ചുരുക്കിയും ചെലവുകള്‍ കുറച്ചും അതിജീവനത്തിനുള്ള വഴികള്‍ തേടുകയാണ് ആശുപത്രികള്‍. ഡോക്ടര്‍മാരുടെ വേതനം 50 ശതമാനം വരെ കുറച്ച ആശുപത്രികള്‍ നിരവധിയാണ്. പലയിടത്തും നഴ്‌സുമാരുടെ ഡ്യൂട്ടി സമയം കുറച്ച് അതിനനുസരിച്ച് മാത്രമാണ് ശമ്പളം കൊടുക്കുന്നത്. കേരളത്തിലെ ചില സ്വകാര്യ മെഡിക്കല്‍ കോളെജുകളാകട്ടെ ആറ് മാസത്തെ വരെ ശമ്പളം ഡോക്ടര്‍മാര്‍ക്ക് കൊടുക്കാനുണ്ടെന്ന് ഡോക്ടര്‍മാരുടെ സംഘടന ചൂണ്ടിക്കാട്ടുന്നു. സ്വകാര്യ മെഡിക്കല്‍ കോളെജുകളുടെ സാമ്പത്തികപ്രതിസന്ധി കോവിഡിന് മുമ്പേ തുടങ്ങിയിരുന്നു.
ഭീകരമായ തിരിച്ചടി
അനേകം സ്‌പെഷ്യാലിറ്റികളുള്ള കേരളത്തിലെ പ്രധാന നഗരങ്ങളിലെ വലിയ ആശുപത്രികള്‍ക്കാണ് ഏറ്റവും പ്രതിസന്ധിയുണ്ടായിരിക്കുന്നത്. വലിയ ആശുപത്രികളുടെ 30 ശതമാനത്തോളം വരുമാനം ലഭിക്കുന്നത് വിദേശീയരായ രോഗികളില്‍ നിന്നാണ്. 15 ശതമാനത്തോളം മറ്റു സംസ്ഥാനങ്ങളില്‍ നിന്ന് റെഫര്‍ ചെയ്ത് സര്‍ജറിക്കായും മറ്റും വരുന്ന രോഗികളാണ്. പക്ഷെ കോവിഡ് വന്നതോടെ വലിയ ആശുപത്രികളുടെ 45 ശതമാനത്തോളം വരുമാനം ഒറ്റയടിക്ക് നിലച്ചു. എന്നാല്‍ ഹോസ്പിറ്റല്‍ മേഖലയില്‍ രോഗികള്‍ ഇല്ലെങ്കില്‍ കുറയാവുന്ന ചെലവ് 15-20 ശതമാനം മാത്രമേയുള്ളു. ബാക്കിയുള്ള ചെലവുകള്‍ ശമ്പളം, അടിസ്ഥാനസൗകര്യം, മെയ്ന്റനന്‍സ് ചെലവുകള്‍ തുടങ്ങിയ അവിടതന്നെയുണ്ടാകും. 60 ശതമാനത്തോളം ചെലവ് ശമ്പളത്തിനായാണ് വരുന്നത്. ഇത് ഭീകരമായ തിരിച്ചടിയാണ് വലിയ ആശുപത്രികള്‍ക്ക് ഉണ്ടായിരിക്കുന്നത്.'' സണ്‍റൈസ് ഹോസ്പിറ്റല്‍സിന്റെ ചെയര്‍മാന്‍ ഡോ.ഹഫീസ് റഹ്മാന്‍ പറയുന്നു.
വിദേശീയരും മറ്റ് സംസ്ഥാനങ്ങളില്‍ നിന്നുമുള്ള രോഗികളുടെ വരവ് നിലച്ചത് കൂടാതെ ചെറിയ പട്ടണങ്ങളില്‍ നിന്ന് നഗരത്തിലെ ആശുപത്രികളിലേക്ക് ചികില്‍സയ്ക്ക് എത്തിയിരുന്നവരും ഇപ്പോള്‍ വരുന്നില്ല. അവര്‍ അത്യാവശ്യസന്ദര്‍ഭങ്ങളില്‍ അവരുടെ സ്ഥലത്തുതന്നെയുള്ള ആശുപത്രികളെ ആശ്രയിക്കുന്നു. മാത്രമല്ല വര്‍ക് ഫ്രം ഹോം അവസരമുള്ളതുകൊണ്ട് നഗരങ്ങളില്‍ നിന്ന് ആളുകള്‍ സ്വന്തം നാട്ടിലേക്ക് തിരിച്ചുപോകുന്നതും നഗരങ്ങളിലെ ആശുപത്രികളെ പ്രതിസന്ധിയിലാക്കി.
അഞ്ചിലൊന്ന് രോഗികള്‍ മാത്രം
''ഔട്ട് പേഷ്യന്റിന്റെ എണ്ണത്തിലും ഇന്‍പേഷ്യന്റിന്റെ എണ്ണത്തിലും വലിയ കുറവുണ്ടായിട്ടുണ്ട്. മുമ്പുണ്ടായിരുന്നതിന്റെ അഞ്ചിലൊന്ന് രോഗികള്‍ മാത്രമാണ് വരുന്നത്. പ്രവര്‍ത്തനച്ചെലവിനുള്ള വരുമാനം ആശുപത്രികള്‍ക്ക് കിട്ടാത്ത അവസ്ഥയാണ്. അത്ര അത്യാവശ്യകാര്യങ്ങള്‍ക്കല്ലാതെ രോഗികള്‍ വരുന്നില്ല. കോവിഡ് ഭീതി മാത്രമല്ല ഇതിന് കാരണം. ആളുകളുടെ വരുമാനം ഇല്ലാതായതും ഇതിന് കാരണമാണ്.'' എറണാകുളം വെല്‍കെയര്‍ ഹോസ്പിറ്റലിലെ കാര്‍ഡിയോളജിസ്റ്റ് ഡോ.ബ്ലെസണ്‍ വര്‍ഗീസ് പറയുന്നു.
കോവിഡ് ഭീതി മാത്രമല്ല സാമ്പത്തികബുദ്ധിമുട്ടും രോഗികളെ ആശുപത്രികളില്‍ നിന്ന് അകറ്റുന്നു. പലരും അത്യാവശ്യമല്ലാത്ത ശസ്ത്രക്രിയകള്‍ പണമില്ലാത്തതിന്റെ പേരില്‍ മാറ്റിവെക്കുന്നുണ്ടെന്ന് ഡോക്ടര്‍മാര്‍ ചൂണ്ടിക്കാട്ടുന്നു. അത്യാവശ്യ ടെസ്റ്റുകള്‍ പറയുമ്പോള്‍ പോലും കൈയില്‍ പണമില്ലെന്ന് പല രോഗികളും പറയുന്ന അവസ്ഥയാണ്. ആശുപത്രി വാസം വേണ്ടിവരുമ്പോള്‍ തന്നെയും ചെലവ് കുറയ്ക്കാനായി നിര്‍ബന്ധമായി ഡിസ്ചാര്‍ജ് വാങ്ങിപ്പോകുന്ന രോഗികളുടെ എണ്ണവും കൂടുകയാണ്. ഗള്‍ഫ് പണത്തിന്റെ ഒഴുക്ക് കുറഞ്ഞതും നിരവധിപ്പേരുടെ വരുമാനമാര്‍ഗം നഷ്ടപ്പെട്ടതുമൊക്കെ ഇതിന് കാരണമാണ്.
സാമ്പത്തികപ്രതിസന്ധി ഉച്ചസ്ഥായിയിലെത്തും
സാമ്പത്തികപ്രതിസന്ധി അടുത്ത വര്‍ഷം പകുതിയോടെ ഉച്ചസ്ഥായിയിലെത്താനാണ് സാധ്യതയെന്ന് ഐഎംഎ കേരളയുടെ വൈസ് ചെയര്‍മാന്‍ ഡോ.സുള്‍ഫി നൂഹ് ചുണ്ടിക്കാട്ടുന്നു. ''കോവിഡ് അടുത്ത ഏതാനും മാസങ്ങളോടെ കുറഞ്ഞുവന്നേക്കാം. പക്ഷെ അതിനുശേഷം അടുത്ത വര്‍ഷം പകുതിയോടെ സാമ്പത്തികപ്രതിസന്ധി എല്ലാ മേഖലകളെയും ബാധിക്കും. അടുത്ത രണ്ട്-മൂന്ന് വര്‍ഷത്തേക്ക് ഈ പ്രതിസന്ധി ആരോഗ്യമേഖലയെയും ബാധിക്കും. അടിയന്തരമല്ലാത്ത എല്ലാ ചികില്‍സകളും ശസ്ത്രക്രിയകളുമെല്ലാം ആളുകള്‍ മാറ്റിവെക്കുന്ന സാഹചര്യമായിരിക്കും. ഡെര്‍മറ്റോളജി, കോസ്‌മെറ്റോളജി തുടങ്ങിയ നിരവധി വിഭാഗങ്ങളെ ഇത് ബാധിക്കും.'' ഡോ.സുള്‍ഫി നൂഹ് ചൂണ്ടിക്കാട്ടുന്നു.
ലോക്ഡൗണ്‍ വന്നതോടെ ചില അസുഖങ്ങള്‍ കുറഞ്ഞതായും ഡോ.ഹഫീസ് റഹ്മാന്‍ ചൂണ്ടിക്കാട്ടുന്നു. ''വായുമലിനീകരണം നല്ല രീതിയില്‍ കുറഞ്ഞതുകൊണ്ട് രോഗങ്ങളുടെയും എണ്ണം കുറഞ്ഞിട്ടുണ്ട്. ഉദാഹരണത്തിന് ഞങ്ങളുടെ കാഷ്വാലിറ്റിയില്‍ ദിവസം ശരാശരി 30ഓളം കുട്ടികള്‍ നെബുലൈസേഷന് വരാറുണ്ടായിരുന്നു. അതിപ്പോള്‍ അഞ്ച് ആയി ചുരുങ്ങി. കുട്ടികള്‍ സ്‌കൂളില്‍ പോകുന്നില്ല. വീടുകളില്‍ തന്നെയായതിനാല്‍ പൊടി കുറവാണ്. മറ്റ് കുട്ടികളില്‍ നിന്ന് അസുഖങ്ങള്‍ പകര്‍ന്ന് കിട്ടുന്നില്ല.'' അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.
വര്‍ഷം തോറും നടത്തിയിരുന്ന മെഡിക്കല്‍ ചെക്കപ്പുകളും ഇപ്പോള്‍ ആരും ചെയ്യുന്നില്ല. എന്നാല്‍ വലിയ രോഗങ്ങളായിത്തീരാവുന്ന ചില സൂചനകളെ അവഗണിച്ച് ഡോക്ടറെ കാണാതിരിക്കുന്നത് അപടകരമായ അവസ്ഥയ്ക്ക് വഴിതെളിച്ചേക്കാമെന്ന് ഡോക്ടര്‍മാര്‍ ചൂണ്ടിക്കാട്ടുന്നു.
ഓണ്‍ലൈനായി തികച്ചും സൗജന്യമായി ഡോക്ടറെ കണ്‍സള്‍ട്ട് ചെയ്യാവുന്ന സര്‍ക്കാരിന്റെ ഇ-സഞ്ജീവനി ആപ്പിന് ഈയിടെ വലിയ പ്രചാരം സര്‍ക്കാര്‍ നല്‍കിയിരുന്നു. ഇപ്പോഴത്തെ കോവിഡ് ഭീതിയില്‍ കൂടുതല്‍പ്പേര്‍ ഈ സേവനം ഉപയോഗിക്കാന്‍ തയാറാവുന്നതും ആശുപത്രികളിലേക്കുള്ള ആളുകളുടെ വരവ് കുറച്ചു.
ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline
Dhanam YouTube Channel – youtube.com/dhanammagazine