നാലാംപാദ പ്രവര്‍ത്തനത്തില്‍ കുതിച്ച് സി.എസ്.ബി. ബാങ്ക്‌, എസ്.ഐ.ബി ഓഹരിക്ക് നിരാശ; സ്വര്‍ണ വായ്പയില്‍ മുന്നേറി ധനലക്ഷ്മി ബാങ്ക്‌

കേരളം ആസ്ഥാനമായ സ്വകാര്യ ബാങ്കുകളായ സൗത്ത് ഇന്ത്യന്‍ ബാങ്ക്, സി.എസ്.ബി ബാങ്ക്, ധനലക്ഷ്മി ബാങ്ക് എന്നിവ 2023-24 സാമ്പത്തിക വര്‍ഷത്തെ അവസാന പാദമായ ജനുവരി-മാര്‍ച്ചിലെ പ്രാഥമിക പ്രവര്‍ത്തനക്കണക്കുകള്‍ വെളിപ്പെടുത്തി.

സി.എസ്.ബി ബാങ്കിന്റെ മൊത്തം നിക്ഷേപം മുന്‍ സാമ്പത്തിക വര്‍ഷത്തെ സമാനപാദത്തിലെ 24,506 കോടി രൂപയില്‍ നിന്ന് 29,719 കോടി രൂപയായി വര്‍ധിച്ചു. 21.27 ശതമാനമാണ് വര്‍ധന. ഡിസംബര്‍ പാദം അവസാനിക്കുമ്പോള്‍ നിക്ഷേപം 27,345 കോടി രൂപയായിരുന്നു.
മൊത്തം വായ്പകള്‍ 20,842 കോടി രൂപയില്‍ നിന്ന് 17.91 ശതമാനം വാർഷിക വളർച്ച
യോടെ
24,574 കോടി രൂപയായി.

ടേം ഡിപ്പോസിറ്റുകളില്‍ 30.17 ശതമാനം വളര്‍ച്ച നേടിയപ്പോള്‍ കറന്റ് അക്കൗണ്ടിലും സേവിംഗ്‌സ് അക്കൗണ്ടുകളിലുമായിട്ടുള്ള നിക്ഷേപ വളര്‍ച്ച 2.51 ശതമാനം മാത്രമാണ്. ബാങ്കുകളുടെ ഏറ്റവും ചെലവു കുറഞ്ഞ പണ സമാഹരണമാര്‍ഗമാണ് കറന്റ്, സേവിംഗ്‌സ് അക്കൗണ്ടിലെ (കാസ) നിക്ഷേപങ്ങള്‍. ഇത് മെച്ചപ്പെടുന്നത് ബാങ്കുകളുടെ ലാഭക്ഷമത ഉയര്‍ത്തും. സി.എസ്.ബി. ബാങ്കിന്റെ കാസാ റേഷ്യോ 27.2 ശതമാനമായി കുറഞ്ഞു. 2023 ഡിസംബറിലിത് 27.62 ശതമാനവും ഒരു വര്‍ഷം മുന്‍പ് 32.2 ശതമാനവുമായിരുന്നു. മൊത്തം നിക്ഷേപത്തില്‍ കറന്റ് അക്കൗണ്ടുകളിലും സേവിംഗ്‌സ് അക്കൗണ്ടുകളിലുമായിട്ടുള്ള നിക്ഷേപത്തിന്റെ വിഹിതമാണ് കാസ റേഷ്യോ.

2024 മാര്‍ച്ച് 31 വരെയുള്ള കണക്കനുസരിച്ച് ബാങ്കിന്റെ സ്വര്‍ണ വായ്പകള്‍ 21.90 ശതമാനം വര്‍ധനയോടെ 11,817 കോടി രൂപയായി. ബാങ്കിന്റെ മൊത്തം വായ്പകളുടെ 39.8 ശതമാനമാണ് സ്വര്‍ണ വായ്പകള്‍.

നാലാം പാദ ബിസിനസ് മികച്ച വളര്‍ച്ച കാണിച്ചതിനാല്‍ സി.എസ്.ബി ബാങ്കിന്റെ ഓഹരികളിന്ന് മൂന്ന് ശതമാനത്തിലധികം ഉയര്‍ന്നു. കഴിഞ്ഞ മൂന്നു വര്‍ഷത്തില്‍ 60 ശതമാനത്തിലധികവും ഒരു വര്‍ഷക്കാലയളവില്‍ 55 ശതമാനത്തോളവും നേട്ടം നിക്ഷേപകര്‍ക്ക് നല്‍കിയ ഓഹരിയാണ് സി.എസ്.ബി. ബാങ്ക്.

ലക്ഷം കോടി പിന്നിട്ട് സൗത്ത് ഇന്ത്യന്‍ ബാങ്ക്
തൃശൂര്‍ ആസ്ഥാനായ സൗത്ത് ഇന്ത്യന്‍ ബാങ്ക് മൊത്തം നിക്ഷേപത്തില്‍ ലക്ഷം കോടി രൂപയെന്ന നാഴികക്കല്ല് പിന്നിട്ടു.
2024 മാര്‍ച്ച് 31ന് അവസാനിച്ച സാമ്പത്തിക വര്‍ഷത്തില്‍ ബാങ്കിന്റെ മൊത്ത നിക്ഷേപം 1,01,929 കോടി രൂപയാണ്. നിക്ഷേപത്തില്‍ മിതമായ വളര്‍ച്ച മാത്രമാണ് നേടാനായത്.
മുന്‍ സാമ്പത്തിക വര്‍ഷത്തെ സമാനപാദത്തിലെ 91,651 കോടി രൂപയില്‍ നിന്ന് 11.21 ശതമാനമാണ് വളര്‍ച്ച. ഇക്കഴിഞ്ഞ ഡിസംബര്‍ പാദത്തിലിത് 99,155 കോടി രൂപയായിരുന്നു.
ബാങ്കിന്റെ മൊത്തം വായ്പകള്‍ 72,092 കോടി രൂപയില്‍ നിന്ന് 11.44 ശതമാനം വര്‍ധിച്ച് 80,337 കോടി രൂപയായി.
കാസാ നിക്ഷേപങ്ങള്‍ 30,227 കോടി രൂപയില്‍ നിന്ന് 32,654 കോടി രൂപയായി. 8.03 ശതമാനം വര്‍ധന. കാസാ അനുപാതം 94 ബേസിസ് പോയിന്റ് താഴ്ന്ന് 32.98 ശതമാനത്തില്‍ നിന്ന് 32.04 ശതമാനമായി കുറഞ്ഞു.
2023 ഡിസംബറിലെ 31.8 ശതമാനത്തില്‍ നിന്ന് ചെറുതായി മെച്ചപ്പിട്ടിട്ടുണ്ട്.

ബാങ്കിന്റെ ഓഹരികളില്‍ ഇന്ന് വലിയ ചാഞ്ചാട്ടമാണ് ദൃശ്യമായത്. ഒരുവേള ഏഴ് ശതമാനത്തിലധികം ഇടിഞ്ഞ് 27.25 രൂപയിലെത്തിയ ഓഹരി വ്യാപാരാന്ത്യം 3.76 ശതമാനം ഇടിവുമായി 28.20 രൂപയിലാണുള്ളത്. നാലാം പാത്തിലെ വായ്പ-നിക്ഷേപ വര്‍ധന പ്രതീക്ഷയ്‌ക്കൊത്ത് ഉയരാത്തതാണ് കാരണം. ഒരു വര്‍ഷക്കാലയളവില്‍ 92.49 ശതമാനവും മൂന്ന് വര്‍ഷക്കാലയളവില്‍ 224.14 ശതമാനവും നേട്ടം നിക്ഷേപകര്‍ക്ക് നല്‍കിയിട്ടുള്ള ഓഹരിയാണ് സൗത്ത് ഇന്ത്യന്‍ ബാങ്ക്.

സ്വര്‍ണ വായ്പയില്‍ കുതിച്ച് ധനലക്ഷ്മി ബാങ്ക്

ധനലക്ഷ്മി ബാങ്കിന്റെ മൊത്തം ബിസിനസ് മാർച്ചിൽ 6.30 ശതമാനം വാര്‍ഷിക വളര്‍ച്ചയോടെ 24,668 കോടി രൂപയിലെത്തി. നേരിയ വളര്‍ച്ചയാണിത്. മുന്‍ സാമ്പത്തിക വര്‍ഷം അവസാനത്തിലിത് 23,205 കോടി രൂപയായിരുന്നു. ബാങ്കിന്റെ മൊത്തം നിക്ഷേപങ്ങള്‍ മാർച്ച് 31 വരെയുള്ള കാലയളവിൽ 6.80 ശതമാനം വര്‍ധനയോടെ 14,259 കോടി രൂപയായി. മുന്‍ സാമ്പത്തിക വര്‍ഷം സമാനപാദത്തിലിത് 13,351 കോടി രൂപയായിരുന്നു. എന്നാല്‍ ഡിസംബര്‍ പാദത്തിലെ 14,340 കോടി രൂപയില്‍ നിന്ന് നേരിയ കുറവുണ്ടായിട്ടുണ്ട്.
കാസ നിക്ഷേപങ്ങള്‍
നേരിയ വളര്‍ച്ചയോടെ 4,260 കോടി രൂപയില്‍ നിന്ന് 4,381 കോടി രൂപയായി. കാസയിലും ഡിസംബര്‍പാദത്തില്‍ നിന്ന് കുറവുണ്ടായി. കാസ റേഷ്യോ മൊത്തം നിക്ഷേപങ്ങളുടെ 30.7 ശതമാനമായി കുറഞ്ഞു. 2023 ഡിസംബറിലിത് 31.1 ശതമാനവും 2023 സാമ്പത്തിക വര്‍ഷത്തിന്റെ അവസാനത്തില്‍ 31.9 ശതമാനവുമായിരുന്നു.

ബാങ്കിന്റെ മൊത്തം വായ്പകള്‍ 9,854 കോടി രൂപയില്‍ നിന്ന് 5.63 ശതമാനം വര്‍ധിച്ച് 10,409 കോടി രൂപയായി. സ്വര്‍ണ വായ്പകള്‍ ഇക്കാലയളവില്‍ 24.85 ശതമാനം വളര്‍ച്ചയോടെ 2,839 കോടി രൂപയിലെത്തി. മുന്‍ സാമ്പത്തിക വര്‍ഷത്തിലെ സമാന പാദത്തിലിത് 2,274 കോടി രൂപയായിരുന്നു. മൊത്തം വായ്പകളുടെ 27.3 ശതമാനമാണ് സ്വര്‍ണ വായ്പകള്‍.

ധനലക്ഷ്മി ബാങ്ക് ഓഹരികളിന്ന് 5 ശതമാനത്തിലധികം ഉയര്‍ന്നു. ഫെബ്രുവരി ഒമ്പതിനു ശേഷമുള്ള ഏറ്റവും ഉയര്‍ന്ന ഓഹരി വിലയാണിത്. വ്യാപാരാന്ത്യം 4.92 ശതമാനം ഉയര്‍ച്ചയോടെ 44.85 രൂപയിലാണ് ഓഹരി വിലയുള്ളത്. കഴിഞ്ഞ ഒരു വര്‍ഷക്കാലയളവില്‍ 210 ശതമാനവും മൂന്നു വര്‍ഷക്കാലയളവില്‍ 188 ശതമാനവും നേട്ടം ധനലക്ഷ്മി ഓഹരികള്‍ നിക്ഷേപകര്‍ക്ക് നല്‍കിയിട്ടുണ്ട്. ഓഹരി വിപണിയില്‍ വ്യാപാരം അവസാനിച്ചതിനു ശേഷമാണ് പ്രവര്‍ത്തനഫലങ്ങള്‍ പുറത്തുവിട്ടത്. അതിനാല്‍ ഓഹരിയില്‍ നാളെയാകും ഇത് പ്രതിഫലിക്കുക.




Related Articles
Next Story
Videos
Share it