രജിസ്റ്റര്‍ ചെയ്യാത്ത റിയല്‍ എസ്റ്റേറ്റ് പദ്ധതികളുടെ പരസ്യത്തിനും വില്‍പനയ്ക്കും ഇനി നിരോധനം

റിയല്‍ എസ്റ്റേറ്റ് അതോറിറ്റിയില്‍ (റെറ) രജിസ്റ്റര്‍ ചെയ്യാത്ത പദ്ധതികളുടെ പരസ്യവും വില്‍പനയും ജനുവരി 1 മുതല്‍ നിരോധിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കി. 8 അപ്പാര്‍ട്‌മെന്റില്‍ കൂടുതലുള്ള കെട്ടിടം, 500 ചതുരശ്ര മീറ്ററിലോ അതില്‍ കൂടുതല്‍ ഭൂമിയിലോ ഉള്ള റിയല്‍ എസ്റ്റേറ്റ് പദ്ധതി എന്നിവയ്ക്കാണ് നിബന്ധന ബാധകം.

റിയല്‍ എസ്റ്റേറ്റ് ഏജന്റുമാര്‍ക്ക് രജിസ്‌ട്രേഷനും നിര്‍ബന്ധമാക്കി. റിയല്‍ എസ്റ്റേറ്റ് പദ്ധതികളും ഏജന്റുമാരുണ്ടെങ്കില്‍ അവരും റെറയില്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടോ എന്ന് വാങ്ങുന്നവര്‍ ഉറപ്പാക്കണമെന്ന് ഉത്തരവില്‍ നിര്‍ദേശമുണ്ട്. നിയമലംഘനങ്ങളെക്കുറിച്ച് ഇമെയില്‍ വഴി പരാതി നല്‍കാമെന്ന് അതോറിറ്റി ചെയര്‍മാന്‍ പി.എച്ച്.കുര്യന്‍ അറിയിച്ചു.

കുത്തഴിഞ്ഞു കിടക്കുന്ന റിയല്‍ എസ്റ്റേറ്റ് മേഖലയ്ക്ക് പുതിയ നിയന്ത്രണം കൊണ്ടുവരാനും നിക്ഷേപകരുടെ ആത്മവിശ്വാസം ഉയര്‍ത്താനും ഉദ്ദേശിച്ചാണ് റെറ യാഥാര്‍ത്ഥ്യമാക്കിയിട്ടുള്ളത്. ഓരോ സംസ്ഥാനത്തും റിയല്‍ എസ്റ്റേറ്റ് റെഗുലേറ്ററി അതോറിറ്റിയും അപ്പലേറ്റ് ട്രിബ്യൂണലും സ്ഥാപിക്കപ്പെടണമെന്നാണ് നിയമം. റെഗുലേറ്ററി അതോറിറ്റിയായിരിക്കും റിയല്‍ എസ്റ്റേറ്റ് ഇടപാടുകള്‍ക്ക് മേല്‍നോട്ടം വഹിക്കുക, ബില്‍ഡര്‍മാരുടെ പ്രവര്‍ത്തനങ്ങളും വിശകലനം ചെയ്യപ്പെടും.

റിയല്‍ എസ്റ്റേറ്റ് മേഖലയുമായി ബന്ധപ്പെട്ട് ഉണ്ടാകുന്ന പ്രശ്നങ്ങള്‍ മുന്‍കൂട്ടി തടയാനും ഉപഭോക്താക്കള്‍ക്കും ബില്‍ഡര്‍മാര്‍ക്കും നിയമപരിരക്ഷ ഉറപ്പാക്കാനും റെറ വരുന്നതോടെ സാധിക്കുമെന്നാണു വിലയിരുത്തല്‍. അതോറിറ്റിയില്‍ രജിസ്റ്റര്‍ ചെയ്യാത്ത പദ്ധതികള്‍ വിപണനം ചെയ്യാന്‍ സാധിക്കില്ല. പദ്ധതികളില്‍ നിയമലംഘനമുണ്ടായാല്‍ സ്വമേധയാ കേസെടുത്ത് അന്വേഷണം നടത്താനുള്ള അധികാരം അതോറിറ്റിക്കുണ്ടെന്നത് സാധാരണക്കാര്‍ക്ക് ഗുണം ചെയ്യും.

ഫ്ളാറ്റുകളും വില്ലകളും മറ്റും വാങ്ങുന്നതിനു മുമ്പ് എല്ലാ ചട്ടങ്ങളും നിയമങ്ങളും പാലിച്ചാണോ അവ നിര്‍മിക്കുന്നതെന്നും മറ്റും ഉപഭോക്താക്കള്‍ക്ക് ഉറപ്പാക്കാന്‍ സാധ്യമാകാറില്ലെന്നതാണ് വാസ്തവം. നിലവിലുള്ള എല്ലാ നിയമങ്ങളും ചട്ടങ്ങളും പാലിക്കുന്നവര്‍ക്കു മാത്രമേ അതോറിറ്റിയില്‍ രജിസ്റ്റര്‍ ചെയ്യാന്‍ സാധിക്കൂവെന്ന മാനദണ്ഡം ഇത്തരം പ്രശ്നത്തില്‍ നിന്ന് ഉപഭോക്താവിനെ രക്ഷിക്കും. അനുമതികളെല്ലാം അതോറിറ്റി പരിശോധിച്ച് സുതാര്യത ഉറപ്പാക്കും. റെറയില്‍ റജിസ്റ്റര്‍ ചെയ്ത പദ്ധതികള്‍ വാങ്ങുമ്പോള്‍ ഉപഭോക്താവിന് നിയമ പരിരക്ഷ ലഭിക്കുമെന്നതാണ് ഏറ്റവും പ്രയോജനകരമായ കാര്യം.

ബാങ്കുകളില്‍ നിന്ന് വായ്പ ലഭിക്കാനടക്കം ഇനി മുതല്‍ റെറ രജിസ്ട്രേഷന്‍ നിര്‍ബന്ധമാണെന്ന നിബന്ധനയുമുണ്ട്. അതോറിറ്റിയില്‍ രജിസ്റ്റര്‍ ചെയ്യുമ്പോള്‍ അവകാശപ്പെടുന്ന വസ്തുതകള്‍ മാത്രമേ പരസ്യം ചെയ്യുമ്പോഴും ഉപഭോക്താക്കള്‍ക്ക് മുന്നില്‍ കമ്പനികള്‍ നല്‍കാവൂ. തെറ്റിദ്ധരിപ്പിക്കല്‍ ഇല്ലാതാക്കാന്‍ ഇത് സഹായകമാകും. ഫ്ളാറ്റുകളുടേയും അപ്പാര്‍ട്ട്മെന്റുകളുടേയും ബില്‍റ്റ് ഏരിയ, കാര്‍പ്പറ്റ് ഏരിയ, പാര്‍ക്കിംഗ് ഇടംതുടങ്ങി സകല കാര്യങ്ങള്‍ക്കും കൃത്യമായ നിര്‍വചനമുണ്ട്.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it