ചെറു കടകളുടെ വന്‍ ശൃംഖല തുടങ്ങാന്‍ റിലയന്‍സ് പദ്ധതി

രാജ്യത്താകമാനം നൂറു കണക്കിന് ചെറു കടകളുടെ ശൃംഖല സ്ഥാപിച്ച് അവശ്യ സാധനങ്ങളുടെ ചില്ലറ വില്‍പ്പന സുഗമവും വ്യാപകവുമാക്കി ഇ-കൊമേഴ്സ് ഭീമന്മാരായ ആമസോണിനെയും, ഫളിപ്കാര്‍ട്ടിനെയും നേരിടാന്‍ മുകേഷ് അംബാനിയുടെ റിലയന്‍സ് ഒരുങ്ങുന്നു.

സമഗ്ര ഇ-കൊമേഴ്സ് സംരംഭമായ ജിയോ മാര്‍ട്ടിന്റെ വിതരണ ശൃഖലയിലെ അന്തിമ കണ്ണിയാകും ഈ റിലയന്‍സ് സ്മാര്‍ട്ട് പോയന്റുകള്‍. രാജ്യത്തുടനീളം നഗരങ്ങള്‍ കേന്ദ്രീകരിച്ചാകും ഇത്തരം ചെറിയ വിതരണ ശാലകള്‍ നിലവില്‍ വരുന്നത്. ഓണ്‍ലൈനായി ഓര്‍ഡര്‍ ചെയ്യുന്ന ഉല്‍പ്പന്നങ്ങള്‍ ഉപഭോക്താവിന്റെ എറ്റവും അടുത്തുള്ള സ്മാര്‍ട്ട് പോയന്റുകളില്‍ ലഭ്യമാക്കി വിപണി പിടിച്ചെടുക്കാനാണ് തന്ത്രം.

500-1500 ചതുരശ്ര അടി വലുപ്പമുള്ള ആയിരത്തിലധികം കടകളാണ് റിലയന്‍സ് ഉടന്‍ ആരംഭിക്കുക. ഭക്ഷണ സാധനങ്ങളും, പലചരക്ക് ഉല്‍പ്പന്നങ്ങളുമാവും ഈ കടകള്‍ വഴി ഉപഭോക്താക്കളിലേക്ക് പ്രധാനമായും എത്തിക്കുക. ഉല്‍പ്പന്നങ്ങള്‍ ഉപഭോക്താക്കളുടെ വീടുകളില്‍ എത്തിച്ച് കൊടുക്കുന്നതോടൊപ്പം, ഓണ്‍ലൈനില്‍ ഓര്‍ഡര്‍ ചെയ്ത ശേഷം ഇവിടെ നിന്ന് നേരിട്ട് കൈപ്പറ്റാനുമാവും.'ഹൈപ്പര്‍-ലോക്കല്‍ ഡെലിവറി ' ആശയമാണ് റിലയന്‍സ് സ്മാര്‍ട്ട് പോയന്റുകള്‍ക്കു പിന്നിലുള്ളത്.

ഇതിനകം മുംബൈ നഗരത്തിലെ നവി മുംബൈ, താനെ, കല്യാണ്‍ എന്നിവിടങ്ങളില്‍ പലചരക്ക്, ഫാര്‍മസി വില്‍പ്പന നടത്തുന്ന 18 സ്മാര്‍ട്ട് പോയന്റുകള്‍ കമ്പനി തുറന്നു കഴിഞ്ഞു. അടുത്ത മൂന്ന്, നാല് മാസത്തിനുള്ളില്‍ ഉത്തരേന്ത്യയില്‍ ഇത്തരം 500 ചെറുകിട സ്റ്റോറുകള്‍ തിരയാന്‍ റിലയന്‍സ് വിവിധ പ്രോപ്പര്‍ട്ടി ഡീലര്‍മാരെ നിര്‍ബന്ധിച്ചിട്ടുണ്ടെന്ന് ഒരു റിയല്‍ എസ്റ്റേറ്റ് ഏജന്റ് പറഞ്ഞു. കുറഞ്ഞ വാടകയുള്ള കെട്ടിടങ്ങള്‍ക്കായാണ് അന്വേഷണം നടക്കുന്നത്.

ഓമ്നി-ചാനല്‍ പ്ലേ ലക്ഷ്യമാക്കി ലക്ഷക്കണക്കിന് ചില്ലറ വില്‍പ്പന കടകളെയും തങ്ങളുടെ ഓണ്‍ലൈന്‍ ശൃംഖലയുടെ ഭാഗമാക്കാന്‍ കമ്പനി ലക്ഷ്യമിടുന്നുണ്ട്. ഈ വര്‍ഷം അവസാനത്തോടെ ജിയോ മാര്‍ട്ട് പൂര്‍ണസജ്ജമാവുമെന്നാണ് പ്രതീക്ഷ. ഇതോടെ സ്മാര്‍ട്ട്‌ഫോണ്‍ ഡാറ്റ രംഗത്ത് ജിയോ മൊബീല്‍ വന്നപ്പോഴെന്നതുപാലെ വിലക്കുറവിന്റെ വിപ്ലവം ഉപഭോക്തൃ വിപണിയിലും ദൃശ്യമാവുമോയെന്ന ചര്‍ച്ചയ്ക്കും വിപണിയില്‍ തുടക്കമായി.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it