Begin typing your search above and press return to search.
എയര്‍ ഇന്ത്യയെ ഏറ്റെടുക്കല്‍: ടാറ്റ ഗ്രൂപ്പിന് സഹായഹസ്തം നീട്ടി എസ്ബിഐ
കേന്ദ്ര സര്‍ക്കാര്‍ സ്വകാര്യവത്കരിക്കാനൊരുങ്ങുന്ന എയര്‍ ഇന്ത്യയെ ഏറ്റെടുക്കാനുള്ള ടാറ്റ ഗ്രൂപ്പിന്റെ നീക്കത്തിന് പിന്തുണയുമായി രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ. ടാറ്റ സണ്‍സിന്റെ ഡിബഞ്ചറുകളിലോ ഏറ്റെടുക്കലിനായുള്ള സ്‌പെഷ്യല്‍ പര്‍പ്പസ് വെഹിക്ക്‌ളില്‍ (എസ്പിവി) ഫണ്ടിംഗ് നടത്തിയോ ആകും ബാങ്ക് സഹായിക്കുക.
എഎഎ റേറ്റിംഗുള്ള ടാറ്റ ഗ്രൂപ്പുമായുള്ള സഹകരണത്തിലൂടെ നേട്ടമുണ്ടാക്കാനാകുമെന്നാണ് എസ്ബിഐയുടെ കണക്കുകൂട്ടല്‍. നിലവില്‍ എയര്‍ലൈന്‍ സേവനങ്ങള്‍ നല്‍കി വരുന്ന ടാറ്റ ഗ്രൂപ്പിന് എയര്‍ ഇന്ത്യ ഏറ്റെടുക്കാനായാല്‍, ഈ രംഗത്ത് മുന്നില്‍ നില്‍ക്കുന്ന ഇന്‍ഡിഗോയുമായി മികച്ച മത്സരം കാഴ്ചവെക്കാനാകും.
നിലവില്‍ ഇന്ത്യയിലെ ബാങ്കുകള്‍ കോര്‍പറേറ്റുകളെ ഏറ്റെടുക്കലിനായി നേരിട്ട് വായ്പ അനുവദിക്കാറില്ല. അതുകൊണ്ടാണ് ഡിബഞ്ചറുകളും എസ്പിവിക്കുള്ള ഫണ്ടിംഗും പരിഗണിക്കുന്നത്. അതേസമയം ഫണ്ടിനുള്ള പ്രൊപ്പോസലൊന്നും ടാറ്റ ഗ്രൂപ്പ് മുന്നോട്ട് വെച്ചിട്ടുമില്ല. ടാറ്റ കണ്‍സള്‍ട്ടന്‍സിയുടെ 10.18 ലക്ഷം കോടി രൂപ മൂല്യമുള്ള 72 ശതമാനം ഓഹരികള്‍ കൈവശമുള്ള ടാറ്റ സണ്‍സിന് ഫണ്ട് നല്‍കാന്‍ ധനകാര്യ സ്ഥാപനങ്ങള്‍ക്ക് മടിയുണ്ടാകില്ലെന്നാണ് വിലയിരുത്തല്‍. ടിസിഎസില്‍ നിന്ന് ഡിവിഡന്റടക്കം പ്രതിവര്‍ഷം 20000 കോടി രൂപ വരുമാനം ടാറ്റ സണ്‍സിന് ലഭിക്കുന്നുമുണ്ട്.
എയര്‍ ഇന്ത്യയ്ക്കു വേണ്ടിയുള്ള ലേലത്തില്‍ പങ്കെടുക്കുമെന്ന് കഴിഞ്ഞയാഴ്ച ടാറ്റ ഗ്രൂപ്പ് ഔദ്യോഗികമായി അറിയിച്ചിട്ടുണ്ട്. ഏകദേശം 15000 കോടി രൂപയാകും ഇതിനായി ടാറ്റ മുന്നോട്ട് വെക്കുകയെന്നാണ് പുറത്തു വരുന്ന വിവരങ്ങള്‍.
വര്‍ഷങ്ങളായി നഷ്ടത്തില്‍ പ്രവര്‍ത്തിച്ചു വരുന്ന എയര്‍ ഇന്ത്യയെ ഈ കലണ്ടര്‍ വര്‍ഷം അവസാനത്തോടെ സ്വകാര്യവത്കരിക്കുമെന്നാണ് സൂചന.
Next Story
Videos