ടെസ്‌ല തിരഞ്ഞെടുത്തത് ബെംഗളൂരു, എന്തുകൊണ്ട്?

ഇന്ത്യയില്‍ തങ്ങളുടെ വരവറിയിച്ചുകൊണ്ട് ലോകത്തെ ഏറ്റവും വലിയ ഇലക്ട്രിക് വാഹന നിര്‍മാതാക്കളായ ടെസ്‌ല ബെംഗളൂരുവില്‍ ടെസ്‌ല ഇന്ത്യ മോട്ടോഴ്‌സ് ആന്‍ഡ് എനര്‍ജി െ്രെപവറ്റ് ലിമിറ്റഡ് എന്ന പേരില്‍ കമ്പനി രജിസ്റ്റര്‍ ചെയ്തു. രജിസ്റ്റര്‍ ചെയ്ത വിലാസം നഗരത്തിന്റെ ഹൃദയഭാഗത്താണ്. പ്രശസ്തമായ യുബി സിറ്റി സമുച്ചയത്തില്‍ നിന്ന് ഒരു കിലോമീറ്റര്‍ മാത്രം അകലെ.

ഈ കമ്പനിയുടെ മൂന്ന് ഡയറക്ടര്‍മാരില്‍ രണ്ടുപേര്‍ മാതൃ കമ്പനിയിലെ ഉന്നത ഉദ്യോഗസ്ഥരാണ്. ടെസ്ലയിലെ ചീഫ് അക്കൗണ്ടിംഗ് ഓഫീസറായ വൈഭവ് തനേജയും ആഗോള സീനിയര്‍ ഡയറക്ടറുമായ ഡേവിഡ് ഫെയ്ന്‍സ്‌റ്റൈനും.

മൂന്നാമത്തെ ഡയറക്ടര്‍ വെങ്കട്ടരംഗം ശ്രീറാം, നിലവില്‍ മറ്റ് രണ്ട് സ്ഥാപനങ്ങളുടെ ബോര്‍ഡിലുണ്ട്. സെനോണ്‍ ഓട്ടോമോട്ടീവ് ഇന്ത്യ (ഓട്ടോമോട്ടീവ് ഡീലര്‍ മാനേജുമെന്റ് സ്ഥാപനം), വാഹന പരിശോധനയില്‍ വിദഗ്ദ്ധരായ ക്ലിയര്‍ക്വോട്ട് ടെക്‌നോളജീസ് ഇന്ത്യ എന്നിവയാണ് ഇവ. മറ്റ് രണ്ട് കമ്പനികളുമായുള്ള ബന്ധം കണക്കിലെടുക്കുമ്പോള്‍, ഒരു പുതിയ കസ്റ്റമര്‍ റീട്ടെയില്‍ മോഡലിന് ശ്രീറാം നേത്രത്വം കൊടുക്കുമെന്ന് വിശ്വസിക്കപ്പെടുന്നു.

തങ്ങളുടെ ഉല്‍പാദന, ഗവേഷണവികസന പ്രവര്‍ത്തനങ്ങള്‍ക്കായി കമ്പനി ഭൂമി തേടുന്നുണ്ട്. കര്‍ണാടക, മഹാരാഷ്ട്ര, ഗുജറാത്ത്, തമിഴ്‌നാട്, ആന്ധ്രാപ്രദേശ് എന്നിവയുള്‍പ്പെടെ ഒന്നിലധികം സംസ്ഥാനങ്ങളുമായി ചര്‍ച്ച നടത്തുന്നുണ്ട്. തിങ്കളാഴ്ച കര്‍ണാടക വ്യവസായ മന്ത്രി ജഗദീഷ് ഷെട്ടാര്‍ ടെസ്ലയുമായി ചര്‍ച്ച നടത്തിവരികയാണെന്ന് സ്ഥിരീകരിച്ചിരുന്നു. ഫാക്ടറിക്ക് കുറച്ച് സ്ഥലങ്ങളും നിര്‍ദ്ദേശിച്ചിട്ടുണ്ട്.

കമ്പനി ഇന്ത്യയിലേക്ക് പ്രവേശിക്കുമെന്ന അഭ്യൂഹങ്ങള്‍ കുറച്ചുകാലമായി പ്രചരിച്ചിരുന്നുവെങ്കിലും 2020 ഒക്ടോബറില്‍ സിഇഒ എലോണ്‍ മസ്‌ക് ടെസ്‌ല ക്ലബ് ഇന്ത്യയുടെ ചോദ്യത്തിന് മറുപടി നല്‍കുമ്പോള്‍ 2021ല്‍ വരുമെന്ന് ഉറപ്പു പറഞ്ഞിരുന്നു. കമ്പനി ഈ വര്‍ഷം ഇന്ത്യയില്‍ തുടങ്ങുമെന്ന് കേന്ദ്ര റോഡ് ഗതാഗത, ദേശീയപാത മന്ത്രി നിതിന്‍ ഗഡ്കരിയും അടുത്തിടെ പറഞ്ഞിരുന്നു.

അര ഡസനിലധികം ഓട്ടോമോട്ടീവ് കമ്പനികളുള്ള ബെംഗളൂരു രാജ്യത്തെ സാങ്കേതിക, ഗവേഷണവികസന കേന്ദ്രങ്ങളുടെ ഏറ്റവും വലിയ ക്ലസ്റ്ററുകളിലൊന്നാണ്. മെഴ്‌സിഡസ് ബെന്‍സ്, ഗ്രേറ്റ് വാള്‍ മോട്ടോഴ്‌സ്, ജനറല്‍ മോട്ടോഴ്‌സ്, കോണ്ടിനെന്റല്‍, മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര, ബോഷ്, ഡെല്‍ഫി, വോള്‍വോ എന്നിവയ്ക്ക് ബെംഗളൂരുവില്‍ ഗവേഷണവികസന യൂണിറ്റുകള്‍ ഉണ്ട്.

മഹീന്ദ്ര ഇലക്ട്രിക്, ആതര്‍ എനര്‍ജി, അള്‍ട്രാവയലറ്റ് ഓട്ടോമോട്ടീവ് എന്നിവയുള്‍പ്പെടെ 45 ലധികം ഇലക്ട്രിക് വെഹിക്കിള്‍ സ്റ്റാര്‍ട്ട് അപ്പുകള്‍ ബെംഗളൂരുവിലാണ് പ്രവര്‍ത്തിക്കുന്നതെന്ന് കര്‍ണാടക സര്‍ക്കാര്‍ അവകാശപ്പെടുന്നു. ഇവയില്‍ പലതും ഇരുചക്രവാഹനങ്ങളില്‍ കേന്ദ്രീകരിച്ചിരിക്കുന്നു. ഇലക്ട്രിക് ഇരുചക്ര വാഹനം നിര്‍മ്മിക്കുമെന്ന് അടുത്തിടെ പ്രഖ്യാപിച്ച ഓല ഇലക്ട്രിക് ബെംഗളൂരു ആസ്ഥാനമായാണ് പ്രവര്‍ത്തിക്കുന്നത്.

ഇന്ത്യയിലെ വിപുലമായ ഐടി, എഞ്ചിനീയറിംഗ് ടാലന്റ് പൂളില്‍ നിന്ന് പ്രയോജനം നേടാനുള്ള ടെസ്‌ലയുടെ ഉദ്ദേശ്യത്തെ ഇത് സൂചിപ്പിക്കുന്നു. യുഎസ്, യൂറോപ്പ്, ചൈന എന്നിവടങ്ങളിലുമുള്ള ഓട്ടോ കമ്പനികള്‍ ഇന്ത്യയിലെ ആര്‍&ഡി സെന്ററുകള്‍ ഉപയോഗിക്കുന്നുണ്ട്.

ബെംഗളൂരുവില്‍ നിന്ന് 400 കിലോമീറ്റര്‍ അകലെയുള്ള ഹുബ്ലിയിലും ധാര്‍വാഡിലും ലിഥിയം അയണ്‍ സെല്‍, ബാറ്ററി നിര്‍മാണ യൂണിറ്റ് എന്നിവയുള്‍പ്പെടെ ഇലക്ട്രിക് വാഹന കേന്ദ്രം സ്ഥാപിക്കുന്നതിന് കര്‍ണാടക സര്‍ക്കാര്‍ 3 ബില്യണ്‍ ഡോളര്‍ അനുവദിച്ചിരുന്നു. സ്റ്റാമ്പ് ഡ്യൂട്ടിക്ക് 100 ശതമാനം ഇളവ്, ഭൂമി വികസന ഫീസ് തിരിച്ചടവ്, നിക്ഷേപ പ്രമോഷന്‍ സബ്‌സിഡി തുടങ്ങിയ ആനുകൂല്യങ്ങളും സംസ്ഥാനം നല്‍കുന്നു.

2020ല്‍, ടെസ്‌ല അതിന്റെ ഇലക്ട്രിക് കാറുകളുടെ വില്പന വര്‍ധിപ്പിച്ചതിനെ തുടര്‍ന്ന് ഓഹരിയുടെ വിലയില്‍ 740 ശതമാനം വര്‍ധനവ് നേടുകയും ലോകത്തിലെ ഏറ്റവും മൂല്യമുള്ള വാഹന സ്ഥാപനമായി മാറുകയും ചെയ്തു.


Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it