വാര്‍ത്തകള്‍ ഒഴിവാക്കും, ഫേസ്ബുക്കിന്റെ ഭീഷണിക്ക് പിന്നിലെ കാരണം എന്താണ് ?

കഴിഞ്ഞ ദിവസമാണ് ഫേസ്ബുക്ക് കമ്പനി മെറ്റ, യുഎസിലെ ന്യൂസ് പോര്‍ട്ടലുകളെ വിലക്കുമെന്ന ഭീഷണി മുഴക്കിയത്. യുഎസ് സര്‍ക്കാര്‍ പാസാക്കാന്‍ ഒരുങ്ങുന്ന ജേണലിസം കോംപറ്റീഷന്‍ ആന്‍ഡ് പ്രിസര്‍വേഷന്‍ ആക്ട് ആണ് മെറ്റയെ ചൊടിപ്പിച്ചത്. വാര്‍ത്തകളില്‍ നിന്ന് ലഭിക്കുന്ന പരസ്യവരുമാനം പങ്കിടുന്നതില്‍ മീഡിയ പബ്ലിഷിംഗ് കമ്പനികള്‍ക്ക് മേല്‍ക്കൈ നല്‍കുന്നതാണ് ബില്ലിന്റെ ഉള്ളടക്കം.

പ്രത്യേകം പാസാക്കാനിരുന്ന ഈ നിയമം ഇപ്പോള്‍ ഡിഫന്‍സ് ബില്ലിന്റെ ഭാഗമായി അവതരിപ്പിക്കുമെന്നാണ് റിപ്പോര്‍ട്ട്. നിര്‍ബന്ധമായും പാസാക്കേണ്ടവയുടെ ഗണത്തില്‍ പെടുന്നവയാണ് ഡിഫന്‍സ് ബില്ലുകള്‍. ജേണലിസം കോംപറ്റീഷന്‍ ആന്‍ഡ് പ്രിസര്‍വേഷന്‍ ആക്ട് നിലവില്‍ വന്നാല്‍ മീഡിയ കമ്പനികള്‍ക്ക് ഗൂഗിള്‍, ഫേസ്ബുക്ക് അടക്കമുള്ള കമ്പനികളോട് കണ്ടന്റുകള്‍ ഉപയോഗിക്കുന്നത് സംബന്ധിച്ച് കൂട്ടമായി വിലപേശല്‍ നടത്താം.

യുഎസ് സര്‍ക്കാര്‍ ന്യൂസ് പോര്‍ട്ടലുകളുടെ വരുമാനം ഉയര്‍ത്താന്‍ ഇത് സഹായിക്കുമെന്നാണ് വിലയിരുത്തല്‍. നിലവില്‍ ആഗോളതലത്തില്‍ മീഡിയ ഇന്‍ഡസ്ട്രി കടുത്ത പ്രതിസന്ധിയിലൂടെയാണ് കടന്ന് പോവുന്നത്. 2008-2020 കാലയളവില്‍ യുഎസിലെ മാധ്യമ മേഖലയില്‍ ജോലി എടുക്കുന്നവരുടെ എണ്ണം ഇടിഞ്ഞത് 26 ശതമാനത്തോളം ആണ്. 70000 പേരോളം ജോലി ചെയ്തിരുന്ന മേഖലയില്‍ ഇപ്പോള്‍ 31000 പേരോളമാണ് ഉള്ളത്.

എന്നാല്‍ ന്യൂസ് പോര്‍ട്ടലുകള്‍ ഫേസ്ബുക്കില്‍ വാര്‍ത്തകള്‍ സ്വയം പോസ്റ്റ് ചെയ്യുന്നതണെന്നും അതിന്റെ നേട്ടം അവര്‍ക്ക് ലഭിക്കുന്നുണ്ടെന്നുമാണ് മെറ്റയുടെ വാദം. കഴിഞ്ഞ വര്‍ഷം ഓസ്‌ട്രേലിയന്‍ സര്‍ക്കാര്‍ സമാന നിയമം പാസാക്കിയതിനെ തുടര്‍ന്ന് ന്യൂസ് കണ്ടന്റുകള്‍ ഫേസ്ബുക്ക് താല്‍ക്കാലികമായി ഒഴിവാക്കിയിരുന്നു. സെര്‍ച്ച് എഞ്ചിന്‍ രാജ്യത്ത് നിന്ന് പിൻവലിക്കുമെന്നായിരുന്നു ഗൂഗിളിന്റെ ഭീഷണി.

എന്നാല്‍ ഒടുവില്‍ ഇരു കമ്പനികളും സമവായത്തില്‍ എത്തുകയായിരുന്നു. ന്യൂസ് കണ്ടന്റുകള്‍ വഴി ലഭിക്കുന്ന കണ്‍സ്യൂമര്‍ ഡാറ്റ എങ്ങനെ ഉപയോഗിക്കുന്നു, സെര്‍ച്ച് അല്‍ഗൊരിതങ്ങളിലെ മാറ്റങ്ങള്‍ തുടങ്ങിയവ ഓസ്‌ട്രേലിയന്‍ നിയമ പ്രകാരം ഫേസ്ബുക്ക് അടക്കമുള്ളവര്‍ മീഡിയ കമ്പനികളുമായി പങ്ക് വെയ്ക്കണം. നിയമം വിജയകരാമായി നടപ്പാക്കിയെന്നാണ് ഓസ്‌ട്രേലിയയുടെ വാദം. ടിക്ടോക് , ട്വിറ്റിര്‍ അടക്കമുള്ള സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളെ കൂടി ഈ പരിധിയില്‍ കൊണ്ടുവരുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഗൂഗിളും ഫേസ്ബുക്കുമായി 30ഓളം ഡീലുകളാണ് രാജ്യത്തെ മീഡിയ കമ്പനികള്‍ നടത്തിയത്.

ഓസ്‌ട്രേലിയന്‍ മാതൃകയില്‍ ലോക രാജ്യങ്ങള്‍

പ്രാദേശിക പത്ര മാധ്യമങ്ങളുടെ വരുമാനം ഉയര്‍ത്താന്‍ ഓസ്‌ട്രേലിയ കൊണ്ടുവന്ന നയം ആഗോളതലത്തില്‍ രാജ്യങ്ങള്‍ പിന്തുടരും എന്നതിന്റെ തെളിവാണ് യുഎസിലേത്. ഇന്ത്യ ഉള്‍പ്പടെയുള്ള രാജ്യങ്ങളില്‍ സമാനമായ നീക്കങ്ങള്‍ നടക്കുന്നുണ്ട്. ഇന്ത്യന്‍ ന്യൂസ് പേപ്പര്‍ സൊസൈറ്റി, ഡിജിറ്റല്‍ ന്യൂസ് പബ്ലിഷേഴ്‌സ് അസോസിയേഷന്‍ എന്നീ സംഘടനകള്‍ ഗൂഗിളിന്റെ മേധാവിത്വത്തിനെതിരെ കോംപറ്റീഷന്‍ കമ്മീഷന്‍ ഓഫ് ഇന്ത്യയെ സമീപിച്ചിരുന്നു.

ന്യൂസ് പോര്‍ട്ടലുകളുടെ കണ്ടന്റ് ഉപയോഗിച്ച് ആളെക്കൂട്ടുന്ന ഫേസ്ബുക്കും ഗൂഗിളും അടക്കമുള്ള കമ്പനികള്‍ അതിന് ആനുപാതികമായ വരുമാന വിഹിതം നല്‍കുന്നില്ല എന്നതാണ് പ്രധാന പരാതി. ഡിജിറ്റല്‍ മേഖലയിലെ മേധാവിത്വം ഉപയോഗിച്ച് പരസ്യ വിപണിയെ നിയന്ത്രിക്കുന്നു എന്നതാണ് മറ്റൊരു ആരോപണം. മാധ്യമങ്ങളില്‍ നിന്ന് ലൈസന്‍സ് കണ്ടന്റുകള്‍ നല്‍കാനായി 2020ല്‍ ഇന്ത്യയിലടക്കം ന്യൂസ് ഷോകേസ് എന്ന പദ്ധതി ഗൂഗിൾ അവതരിപ്പിച്ചിരുന്നു. അതേ സമയം ഇത്തരം നിയമങ്ങൾ വന്‍കിട മാധ്യമ കമ്പനികൾക്ക് വിലപേശാനുള്ള അവസരം ആണ് ഒരുക്കുന്നതെന്നും, ചെറുകിട വാര്‍ത്ത പോര്‍ട്ടലുകള്‍ക്ക് ഗുണമൊന്നും ലഭിക്കില്ലെന്നും വാദിക്കുന്നവരുണ്ട്.

Amal S
Amal S  

Sub Editor

Related Articles

Next Story

Videos

Share it