ആറ് മാസത്തില്‍ ഓഹരി വിപണി നല്‍കിയത് മികച്ച നേട്ടം, വിവിധ മേഖലകളുടെ പ്രകടനം ഇങ്ങനെ
ഇന്ത്യന്‍ ഓഹരി വിപണി കഴിഞ്ഞ ആറ് മാസക്കാലത്ത് ശ്രദ്ധേയമായ പ്രകടനമാണ് കാഴ്ചവച്ചത്. 2023 ഡിസംബറിലെ അവസാന വ്യാപാരദിനത്തില്‍ 72,240.26 പോയിന്റിലായിരുന്ന സെന്‍സെക്‌സ് ആറ് മാസം കൊണ്ട് 9.40 ശതമാനം വളര്‍ച്ചയോടെ 79,032 പോയിന്റിലെത്തി. അതായത് ഇക്കാലയളവില്‍ സെന്‍സെക്‌സ് കൂട്ടിച്ചേര്‍ത്തത് 6,792 പോയിന്റ്. അതേസമയം നിഫ്റ്റിയുടെ വളര്‍ച്ചയാകട്ടെ 10.49 ശതമാനമാണ്. ഡിസംബറിലെ 21,731.40 പോയിന്റില്‍ നിന്ന് 24,010.60 പോയിന്റായി നിഫ്റ്റി വളര്‍ന്നു. നിഫ്റ്റി മിഡ്ക്യാപ്, സ്‌മോള്‍ക്യാപ് സൂചികകളുടെ മുന്നേറ്റം 20 ശതമാനത്തിലധികമാണ്.
വിവിധ സൂചികകളെടുത്താല്‍ നിഫ്റ്റി എഫ്.എം.സി.ജിയും മീഡിയയും ഒഴികെയുള്ള എല്ലാ സൂചികകളും ആറ് മാസം കൊണ്ട് മികച്ച നേട്ടമുണ്ടാക്കി. നിഫ്റ്റി റിയല്‍റ്റി 45 ശതമാനവും നിഫ്റ്റി ഓട്ടോ 35.35 ശതമാനവും ഉയര്‍ച്ചയുമായി സൂചികകളില്‍ മുന്നില്‍ നില്‍ക്കുന്നു.
ഇക്കാലയളവില്‍ ഏറ്റവും കൂടുതല്‍ നഷ്ടമുണ്ടാക്കിയ ഓഹരി സീ എന്റര്‍ടെയിന്‍മെന്റും (44.83ശതമാനം), പേയ്ടിഎമ്മിന്റെ മാതൃകമ്പനിയുമായ വണ്‍ 97 കമ്മ്യൂണിക്കേഷന്‍സുമാണ് (36.75ശതമാനം). ഡാല്‍മിയ സിമന്റ്, ടാറ്റ ഫ്‌ളെക്‌സി, ബെര്‍ജെര്‍ പെയിന്റ്‌സ് തുടങ്ങിയവയും നിക്ഷേപകര്‍ക്ക് കൂടുതല്‍ നഷ്ടം സമ്മാനിച്ച ഓഹരികളാണ്.
കേരള കമ്പനികളെടുത്താല്‍ കൊച്ചി ആസ്ഥാനമായ കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡാണ് നിക്ഷേപകരെ നേട്ടത്തില്‍ അതിശയിപ്പിച്ചത്. ആറ് മാസം കൊണ്ട് ഓഹരിയുടെ നേട്ടം 226.92 ശതമാനം. വി-ഗാര്‍ഡ്, കല്യാണ്‍, ധനലക്ഷ്മി ബാങ്ക്, ഫാക്ട്, കേരള ആയുര്‍വേദ, അപ്പോളോ ടയേഴ്‌സ് തുടങ്ങിയ ഓഹരികളും നിക്ഷേപകര്‍ക്ക് മികച്ച നേട്ടം സമ്മാനിച്ചു.