റഷ്യ-യുക്രെയ്ന്‍ സംഘര്‍ഷം: അനിശ്ചിതത്വത്തിലായത് 77,000 കോടിയുടെ ഐപിഒ

ലോകത്തെ തന്നെ പിടിച്ചുലച്ച റഷ്യ-യുക്രെയ്ന്‍ (Russia-Ukraine War) സംഘര്‍ഷത്തെ തുടര്‍ന്ന് ഇന്ത്യന്‍ വിപണിയില്‍ അനിശ്ചിതത്വത്തിലായത് 77,000 കോടിയുടെ ഐപിഒ. ഇരുരാജ്യങ്ങളും തമ്മിലുള്ള സംഘര്‍ഷം നീളുമെന്നതിനാല്‍ ഐപിഒ (IPO) അനിശ്ചിതത്വം അടുത്തസാമ്പത്തിക വര്‍ഷം ഒന്നാം പാദം അവസാനം വരെയുണ്ടാകുമെന്നാണ് വിദഗ്ധരുടെ വിലയിരുത്തല്‍. 51 കമ്പനികളാണ് മാര്‍ക്കറ്റ് റെഗുലേറ്ററുടെ അനുമതി ലഭിച്ച് ഐപിഒയ്ക്കായി കാത്തിരിക്കുന്നതെന്ന് ക്യാപിറ്റല്‍ മാര്‍ക്കറ്റ് റിസേര്‍ച്ചറായ പ്രൈം ഡാറ്റാബേസ് വ്യക്തമാക്കുന്നു. അതേസമയം, ഇന്ത്യന്‍ ഓഹരി വിപണിയുടെ ചരിത്രത്തിലെ നാഴികക്കല്ലെന്ന് വിശേഷിപ്പിക്കുന്ന എല്‍ഐസിയുടെ 65,000 കോടി രൂപയുടെ ഐപിഒ കൂടാതെയാണിത്. എല്‍ഐസി ഐപിഒയ്ക്ക് സെബി അനുമതി നല്‍കിയിട്ടുണ്ട്. ഇതും കൂടി കണക്കിലെടുക്കുമ്പോള്‍ ഒരുലക്ഷം കോടി രൂപയ്ക്ക് മുകളിലായിരിക്കും ആകെ ഐപിഒ തുക.

കൂടാതെ, 43 ഓളം കമ്പനികളും സെക്യൂരിറ്റീസ് ആന്‍ഡ് എക്സ്ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ (SEBI)യില്‍ ഐപിഒ രേഖകള്‍ സമര്‍പ്പിച്ച് കാത്തിരിക്കുന്നുണ്ട്. റഷ്യ-യുക്രെയ്ന്‍ സംഘര്‍ഷം ആരംഭിച്ചതിന് പിന്നാലെ ഓഹരി വിപണി കുത്തനെ ഇടിഞ്ഞിരുന്നു. ഈ സാഹചര്യത്തില്‍ പ്രാഥമിക ഓഹരി വില്‍പ്പന നടത്തിയാല്‍ തിരിച്ചടിയാകുമെന്നതിനാലാണ് കമ്പനികള്‍ ഐപിഒ നടത്തുന്നത് വൈകിപ്പിക്കുന്നത്.
നേരത്തെ, എല്‍ഐസി ഐപിഒ മാര്‍ച്ച് ആദ്യപകുതിയോടെ നടത്തുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ ഇക്കാര്യത്തിലും കേന്ദ്രം ഇതുവരെ തീരുമാനമെടുത്തിട്ടില്ല. ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന എല്‍ഐസി ഐപിഒ ഈ സാഹചര്യത്തില്‍ നടത്തിയാല്‍ വലിയ നഷ്ടമാകുമെന്നാണ് വിദഗ്ധരുടെ വിലയിരുത്തല്‍.


Related Articles
Next Story
Videos
Share it