അദാനി ഓഹരിത്തകർച്ച; മ്യൂച്വല്‍ ഫണ്ടുകളുടെ നഷ്ടം 6200 കോടി
അദാനി കമ്പനികളില്‍ നിക്ഷേപം നടത്തിയ മ്യൂച്വല്‍ ഫണ്ടുകളുടെ ജനുവരിയിലെ നഷ്ടം 6200 കോടി രൂപയാണ്. ഓഹരികളുടെ വില കുത്തനെ ഇടിഞ്ഞതിനെ തുടര്‍ന്നാണ് നഷ്ടം. അദാനി ഗ്രൂപ്പിന് കീഴിലുള്ള കമ്പനികളിലെ നിക്ഷേപം മ്യൂച്വല്‍ ഫണ്ടുകള്‍ കുറച്ചിട്ടുണ്ട്.
കഴിഞ്ഞ മാസം അദാനി ഗ്രൂപ്പിലെ മ്യൂച്വല്‍ ഫണ്ട് നിക്ഷേപങ്ങളുടെ ആകെ മൂല്യം 25 ശതമാനത്തോളം ഇടിഞ്ഞ് 18,995 കോടി രൂപയിലെത്തി. ഡിസംബറില്‍ ഈ നിക്ഷേപങ്ങളുടെ മൂല്യം 25,187 കോടിയായിരുന്നു. ഫിസ്ഡം റിസര്‍ച്ചാണ് ഇതു സംബന്ധിച്ച കണക്കുകള്‍ പ്രസിദ്ധീകരിച്ചത്.
കൂടുതൽ നിക്ഷേപം എസ്ബിഐ മ്യൂച്വല്‍ ഫണ്ടിന്
അദാനി കമ്പനികളില്‍ ഏറ്റവും അധികം നിക്ഷേപമുള്ള മ്യൂച്വല്‍ ഫണ്ട് കമ്പനി എസ്ബിഐ മ്യൂച്വല്‍ ഫണ്ടാണ്. എസ്ബിഐ നിക്ഷേപങ്ങളുടെ മൂല്യം 26 ശതമാനത്തോളം ഇടിഞ്ഞ് 4,126 കോടിയിലെത്തി. നാല്‍പ്പതോളം മ്യൂച്വല്‍ ഫണ്ടുകള്‍ 25,235 കോടി രൂപയാണ് അദാനി കമ്പനികളില്‍ നിക്ഷേപിച്ചിട്ടുള്ളത്. അതേ സമയം ഐസിഐസിഐ എംഎഫ്, ടാറ്റ എംഫ്, ആദിത്യ ബിര്‍ള എംഎഫ്, നിപ്പോണ്‍ എംഎഫ് ഉള്‍പ്പടെയുള്ളവര്‍ ദീര്‍ഘകാല ഫണ്ടുകളിലൂടെ അദാനി ഗ്രൂപ്പിലെ നിക്ഷേപം ഉയര്‍ത്തിയിട്ടുണ്ട്.
ഹിന്‍ഡെന്‍ബര്‍ഗ് റിസര്‍ച്ചിന്റെ റിപ്പോര്‍ട്ട് പുറത്ത് വന്നതിന് ശേഷം അദാനി കമ്പനികളുടെ വിപണി മൂല്യം 50 ശതമാനത്തിലധികം ആണ് ഇടിഞ്ഞത്. ഇന്ന് 6 അദാനി കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്. അദാനി ഗ്രീന്‍, അദാനി പവര്‍, അദാനി ടോട്ടല്‍ ഗ്യാസ്, അദാനി ട്രാന്‍സ്മിഷന്‍ എന്നിവയുടെ ഓഹരികള്‍ ലോവര്‍ സര്‍ക്യൂട്ടിലായി.