ബ്ലോക്ക് ഡീലുകളിലൂടെ അദാനി കമ്പനികള്‍ക്ക് അടിയന്തിര സഹായം എത്തിയതിങ്ങനെ
ഹിന്‍ഡന്‍ ബെര്‍ഗ് റിസര്‍ച്ച് റിപ്പോര്‍ട്ടിനെ തുടര്‍ന്നു തകര്‍ച്ചയിലായിരുന്ന അദാനി ഓഹരികളില്‍ ഇക്കഴിഞ്ഞ രണ്ട് ദിവസമായാണ് തിരിച്ചു കയറ്റമുണ്ടായത്. കടം വീട്ടുവാനായി നിക്ഷേപകരെ തേടുന്ന കമ്പനി പുതിയ നിക്ഷേപകരെ കണ്ടെത്തിയിരിക്കുകയാണ്.
യുഎസ് ആസ്ഥാനമായുള്ള ബോട്ടിക് നിക്ഷേപ സ്ഥാപനമായ ജിക്യുജി പാര്‍ട്‌ണേഴ്‌സ് (GQG Partners)ആണ് ബ്ലോക്ക് ഡീലുകളിലൂടെ(Block Deal) നാല് അദാനി ഗ്രൂപ്പ് കമ്പനികളില്‍ 15,446 കോടി രൂപയുടെ ഓഹരികള്‍ വാങ്ങിയതായി റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. അദാനി പോര്‍ട്‌സ് ആന്‍ഡ് സ്‌പെഷ്യല്‍ ഇക്കണോമിക് സോണ്‍ ലിമിറ്റഡ്, അദാനി ഗ്രീന്‍ എനര്‍ജി ലിമിറ്റഡ്, അദാനി ട്രാന്‍സ്മിഷന്‍ ലിമിറ്റഡ്, അദാനി എന്റര്‍പ്രൈസസ് ലിമിറ്റഡ് എന്നിവയിലാണ് ജിക്യുജി പാര്‍ട്‌ണേഴ്‌സിന്റെ നിക്ഷേപമെത്തിയത്.
ഡീല്‍ ഇങ്ങനെ
ഓഹരിയൊന്നിന് 668.4 രൂപ നിരക്കില്‍ അദാനി ട്രാന്‍സ്മിഷന്റെ 88 ലക്ഷം ഓഹരികളും, 1,408.25 രൂപ നിരക്കില്‍ അദാനി എന്റര്‍പ്രൈസസിന്റെ 90 ലക്ഷം ഓഹരികളും, 596.2 രൂപ നിരക്കില്‍ അദാനി പോര്‍ട്ട്സിന്റെ 2.04 കോടി ഓഹരികളും, 504.60 രൂപ നിരക്കില്‍ അദാനി ഗ്രീന്‍ എനര്‍ജിയുടെ 1.38 കോടി ഓഹരികളുമാണ ജിക്യുജി പാര്‍ട്‌ണേഴ്‌സ് സ്വന്തമാക്കിയത്. അദാനി ഗ്രൂപ്പ് തന്നെയാണ് ഇക്കാര്യം വ്യക്തമാക്കിയത്.
ഗ്രൂപ്പ് തന്ത്രം
ഇത് കൂടാതെ പ്രൊമോട്ടര്‍ ഗ്രൂപ്പിന്റെ ഭാഗമായ എസ്ബി അദാനി ഫാമിലി ട്രസ്റ്റ്, അദാനി ഗ്രൂപ്പിന്റെ മൂന്ന് ഓഹരികള്‍ വിറ്റഴിച്ചു. അദാനി പോര്‍ട്ട്‌സ് ആന്‍ഡ് സ്‌പെഷ്യല്‍ ഇക്കണോമിക് സോണ്‍, അദാനി ഗ്രീന്‍ എനര്‍ജി, അദാനി ട്രാന്‍സ്മിഷന്‍ എന്നിവയുടെ 21 കോടി ഓഹരികളാണ് ഓപ്പണ്‍ മാര്‍ക്കറ്റ് വഴി വിറ്റത്. നിക്ഷേപകരുടെ വിശ്വാസം വീണ്ടെടുക്കാന്‍ കടങ്ങള്‍ മുന്‍കൂട്ടി അടയ്ക്കുന്ന തന്ത്രത്തിന്റെ ഭാഗമായാണ് അദാനി ഗ്രൂപ്പിന്റെ പുതിയ ഫണ്ടിംഗ് എന്നാണ് വിദഗ്ധരുടെ അഭിപ്രായം.
അദാനി ഓഹരികളില്‍ നിക്ഷേപകര്‍ അല്‍പം ജാഗ്രത തുടരേണ്ടതുണ്ട്. നിലവിലെ കയറ്റം ശാശ്വതമാണെന്നു പറയാനാകില്ല. അതേസമയം സെബിക്ക് ഇതുവരെ ഹിന്‍ഡന്‍ബഗ് ആരോപണങ്ങളില്‍ തെളിവൊന്നും ലഭിച്ചിട്ടില്ലെന്നും റിപ്പോര്‍ട്ടുണ്ട്.
(അഞ്ച് ലക്ഷത്തിനു മുകളിലുള്ള ഓഹരികള്‍ ഒറ്റ വില്‍പ്പനയിലൂടെ വില്‍പ്പന നടത്തുന്ന ഇടപാടാണ് ബ്ലോക്ക് ഡീല്‍)