വിപണിയില്‍ അരങ്ങേറ്റം ഗംഭീരമാക്കി കാമ്പസ് ആക്റ്റീവ് വെയര്‍, ലിസ്റ്റ് ചെയ്തത് 23 ശതമാനം പ്രീമിയത്തോടെ
ഓഹരി വിപണിയിലേക്കുള്ള അരങ്ങേറ്റം ഗംഭീരമാക്കി കാമ്പസ് ആക്റ്റീവ്വെയര്‍. ഒരു ഓഹരിക്ക് 360 രൂപ എന്ന നിലയിലാണ് സ്‌പോര്‍ട്‌സ് ആന്റ് അത്‌ലിഷര്‍ ഫുട്‌വെയര്‍ കമ്പനിയായ കാമ്പസ് ആക്റ്റീവ്വെയര്‍ എന്‍എസ്ഇയില്‍ ലിസ്റ്റ് ചെയ്തത്. അതിന്റെ ഐപിഒ ഇഷ്യൂ വിലയായ ഒരു ഷെയറിന് 292 രൂപയുമായി താരതമ്യം ചെയ്യുമ്പോള്‍ 23 ശതമാനത്തിലധികം പ്രീമിയം. ബിഎസ്ഇയില്‍ കാമ്പസ് ആക്റ്റീവ്‌വെയര്‍ ഓഹരികള്‍ 355 രൂപയിലും വ്യാപാരം ആരംഭിച്ചു.
1400 കോടി രൂപയുടെ കാമ്പസ് ആക്റ്റീവ്‌വെയര്‍ ഐപിഒ ഏപ്രില്‍ 26 മുതല്‍ 28 വരെയാണ് സബ്സ്‌ക്രിപ്ഷനായി തുറന്നത്. 5 രൂപ മുഖവിലയുള്ള ഓരോ ഇക്വിറ്റി ഷെയറിനും 278-292 രൂപയായിരുന്നു പ്രൈസ് ബാന്‍ഡായി ഉണ്ടായിരുന്നത്. ഐപിഒ പൂര്‍ണമായും നിക്ഷേപകരുടെയും പ്രൊമോട്ടര്‍മാരുടെയും വില്‍പ്പനയ്ക്കുള്ള ഓഫറാണ്, അതിനാല്‍ ഓഫര്‍ ഫോര്‍ സെയില്‍ ഇഷ്യുവില്‍ നിന്ന് കമ്പനിക്ക് പണമൊന്നും ലഭിക്കില്ല. ക്യാമ്പസ് ആക്റ്റീവ്വെയര്‍ ഐപിഒ തുറക്കുന്നതിന് മുമ്പ് ആങ്കര്‍ നിക്ഷേപകര്‍ 418.3 കോടി രൂപ നേടി.
പ്രതിവര്‍ഷം 25.6 ദശലക്ഷം ജോഡികള്‍ നിര്‍മിക്കാനുള്ള സ്ഥാപിത ശേഷിയുള്ള ഡല്‍ഹി ആസ്ഥാനമായുള്ള കമ്പനി, 2021 ഏപ്രില്‍ മുതല്‍ ഡിസംബര്‍ വരെ ഏകദേശം 1,000 കോടി രൂപയുടെ വില്‍പ്പനയാണ് നേടിയത്. 2021 സാമ്പത്തിക വര്‍ഷത്തിലെ മൂല്യമനുസരിച്ച് ഇന്ത്യയിലെ ബ്രാന്‍ഡഡ് സ്പോര്‍ട്സ്, അത്ലിഷര്‍ ഫുട്വെയര്‍ വ്യവസായത്തില്‍ 17 ശതമാനം വിപണി വിഹിതമാണ് ക്യാമ്പസ് ആക്റ്റീവ്വെയര്‍ അവകാശപ്പെടുന്നത്. നിലവില്‍ കാമ്പസിന് നൂറോളം എക്‌സ്‌ക്ലൂസീവ് ബ്രാന്‍ഡ് സ്റ്റോറുകളുണ്ട്, അതില്‍ 65 എണ്ണം കമ്പനിയുടെ ഉടമസ്ഥതയിലുള്ളവയാണ്.