കാമ്പസ് ആക്റ്റീവ്‌വെയര്‍ ഐപിഒ മെയ് മാസത്തോടെ, ബിസിനസ് വിപുലീകരണത്തിന് പുതിയ നീക്കങ്ങളുമായി കമ്പനി
സ്പോര്‍ട്സ് ആന്റ് അത്ലിഷര്‍ ഫുട്വെയര്‍ കമ്പനിയായ കാമ്പസ് ആക്റ്റീവ്‌വെയര്‍ ബിസിനസ് വിപുലീകരണത്തിന് പുതിയ നീക്കങ്ങളുമായി രംഗത്ത്. പടിഞ്ഞാറന്‍, തെക്കന്‍ മേഖലകളില്‍ കമ്പനിയുടെ സാന്നിധ്യം ശക്തമാക്കാന്‍ പദ്ധതിയിടുന്നതായി കമ്പനിയിലെ ഒരു ഉന്നത ഉദ്യോഗസ്ഥന്‍ പറഞ്ഞതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. കാമ്പസ് ആക്റ്റീവ്‌വെയറിന്റെ ഓഹരി വിപണിയിലേക്കുള്ള രംഗപ്രവേശനം മെയ് മാസത്തോടെയുണ്ടാകുമെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.
കഴിഞ്ഞ വര്‍ഷമാണ് പ്രാഥമിക ഓഹരി വില്‍പ്പനയ്ക്ക് മുന്നോടിയായി കമ്പനി ഡ്രാഫ്റ്റ് റെഡ് ഹെറിംഗ് പ്രോസ്പെക്ടസ് (ഡിആര്‍എച്ച്പി) സെബിക്ക് മുമ്പാകെ സമര്‍പ്പിച്ചത്. 5.1 കോടി ഇക്വിറ്റി ഷെയറുകളുടെ ഓഫര്‍ ഫോര്‍ സെയിലും പുതിയ ഓഹരികളുടെ കൈമാറ്റവും ഉള്‍പ്പെടുന്ന രീതിയിലായിരിക്കും ഐപിഒയെന്ന് കമ്പനി വ്യക്തമാക്കിയിരുന്നു. നിലവില്‍, പ്രൊമോട്ടര്‍മാര്‍ക്ക് കമ്പനിയില്‍ 78.21 ശതമാനം ഓഹരിയുണ്ട്, ടിപിജി ഗ്രോത്തിനും ക്യുആര്‍ജി എന്റര്‍പ്രൈസസിനും യഥാക്രമം 17.19 ശതമാനവും 3.86 ശതമാനവു ഓഹരികളാണുള്ളത്. ബാക്കിയുള്ള 0.74 ശതമാനം ഓഹരികള്‍ വ്യക്തിഗത ഷെയര്‍ഹോള്‍ഡര്‍മാരുടെയും നിലവിലെ ജീവനക്കാരുടെയും കൈവശമാണ്.
കൂടുതല്‍ സ്ഥലങ്ങളിലേക്ക് ബിസിനസ് വ്യാപിപ്പിക്കുന്നതിന് പുറമെ ഉല്‍പ്പന്ന ശ്രേണികളും ശക്തമാക്കാന്‍ കമ്പനി ലക്ഷ്യമിടുന്നുണ്ട്. സ്ത്രീകളുടെയും കുട്ടികളുടെയും പോര്‍ട്ട്ഫോളിയോയിലും തങ്ങളുടെ ഓഫര്‍ വിപുലീകരിക്കാന്‍ പദ്ധതിയിടുന്നതായി കാമ്പസ് ആക്റ്റീവ്‌വെയര്‍ സിഎഫ്ഒ രാമന്‍ ചൗള പറഞ്ഞു. ഇതിന്റെ ഭാഗമായി, കമ്പനി എക്സ്‌ക്ലൂസീവ് ബ്രാന്‍ഡ് ഔട്ട്ലെറ്റുകളുടെ (ഇബിഒ) ശൃംഖല ശക്തിപ്പെടുത്തുകയും ഓമ്നിചാനല്‍ സാന്നിധ്യവും ഓണ്‍ലൈന്‍ വില്‍പ്പനയും വര്‍ധിപ്പിക്കുകയും ചെയ്യും. നിലവില്‍ കാമ്പസിന് നൂറോളം എക്സ്‌ക്ലൂസീവ് ബ്രാന്‍ഡ് സ്റ്റോറുകളുണ്ട്, അതില്‍ 65 എണ്ണം കമ്പനിയുടെ ഉടമസ്ഥതയിലുള്ളവയാണെന്നും ബാക്കിയുള്ളവ ഫ്രാഞ്ചൈസി മോഡലിലാണെന്നും അദ്ദേഹം പറഞ്ഞു.
പ്രതിവര്‍ഷം 25.6 ദശലക്ഷം ജോഡികള്‍ നിര്‍മിക്കാനുള്ള സ്ഥാപിത ശേഷിയുള്ള ഡല്‍ഹി ആസ്ഥാനമായുള്ള കമ്പനി, 2021 ഏപ്രില്‍ മുതല്‍ ഡിസംബര്‍ വരെ ഏകദേശം 1,000 കോടി രൂപയുടെ വില്‍പ്പന കൈവരിച്ചതായും അദ്ദേഹം പറഞ്ഞു. 2021 സാമ്പത്തിക വര്‍ഷത്തിലെ മൂല്യമനുസരിച്ച് ഇന്ത്യയിലെ ബ്രാന്‍ഡഡ് സ്പോര്‍ട്സ്, അത്ലിഷര്‍ ഫുട്വെയര്‍ വ്യവസായത്തില്‍ 17 ശതമാനം വിപണി വിഹിതമാണ് ക്യാമ്പസ് ആക്റ്റീവ്‌വെയര്‍ അവകാശപ്പെടുന്നത്.