ഫെഡ് റിസര്‍വ് ചെയര്‍മാന്റെ 8 മിനിട്ട് പ്രസംഗം, മസ്‌കിനും കൂട്ടര്‍ക്കും നഷ്ടമായത് 78 ബില്യണ്‍ ഡോളര്‍

യുഎസ് ഫെഡ് റിസര്‍വ് ചെയര്‍മാന്‍ ജെറോം പവെല്‍ നടത്തിയ പ്രസംഗത്തിന് ശേഷം അമേരിക്കന്‍ ശതകോടീശ്വരന്മാര്‍ക്ക് നഷ്ടമായത് 78 ബില്യണ്‍ ഡോളറോളം രൂപയാണ്. കഴിഞ്ഞ വെള്ളിയാഴ്ച ജാക്ക്‌സണ്‍ ഹോള്‍ ഇക്കണോമിക് പോളിസി സിംപോസിയത്തില്‍ ആയിരുന്നു പവെലിന്റെ പ്രസംഗം. പണപ്പെരുപ്പം വരുതിയാക്കാന്‍ കടുത്ത നിയന്ത്രണ നടപടികള്‍ തുടരും എന്ന സൂചനയാണ് ചെയര്‍മാന്‍ നല്‍കിയത്.

ശനിയാഴ്ച തുടര്‍ന്ന യോഗത്തില്‍ ബാങ്ക് ഓഫ് ഇംഗ്ലണ്ട്, സ്വിസ് നാഷണല്‍ ബാങ്ക്, ബാങ്ക് ഓഫ് ജപ്പാന്‍, ബാങ്ക് ഓഫ് കൊറിയ എന്നിവയുടെ മേധാവികളും യൂറോപ്യന്‍ സെന്‍ട്രല്‍ ബാങ്ക് പ്രതിനിധികളും പണപ്പെരുപ്പം തടയേണ്ടതിന്റെ ആവശ്യഗത ചൂണ്ടിക്കാട്ടിയിരുന്നു. നിരക്ക് വര്‍ധനവ് ഉറപ്പായതോടെ ന്യൂയോര്‍ക്ക് ഓഹരി വിപണിയിലെ എസ്&പി 500 ഇടിഞ്ഞത് 3.4 ശതമാനം ആണ്.

ബ്ലൂംബെര്‍ഗ് ശതകോടീശ്വര പട്ടികയിലെ അമേരിക്കന്‍ ശതകോടീശ്വരന്മാര്‍ക്ക് നഷ്ടമായത് 78 ബില്യണ്‍ ഡോളറോളം ആണ്. ഏറ്റവും അധികം പണം നഷ്ടമായത് ആമസോണിന്റെ ജെഫ് ബസോസിനാണ്. ഒരുദിവസം കൊണ്ട് ബസോസിന്റെ ആസ്തി 6.8 ബില്യണ്‍ ഡോളറാണ് ഇടിഞ്ഞത്. ഇലോണ്‍ മസ്‌കിന് 5.5 ബില്യണ്‍ ഡോളറും ലാറി പേജിന് 5 ബില്യണ്‍ ഡോളറുമാണ് നഷ്ടമായത്. സിര്‍ജി ബ്രിന്‍ (4.7 ബില്യണ്‍ ഡോളര്‍), സ്റ്റീവ് ബാല്‍മെര്‍ (3.5 ബില്യണ്‍ ഡോളര്‍), വാറന്‍ ബഫറ്റ് ( 2.7 ബില്യണ്‍ ഡോളര്‍), ബില്‍ഗേറ്റ്‌സ് (2.2 ബില്യണ്‍ ഡോളര്‍) എന്നിവര്‍ക്കും പണം നഷ്ടമായി.

ജൂലൈയില്‍ യുഎസിലെ പണപ്പെരുപ്പം 9.1ല്‍ നിന്ന് 8.5 ആയി കുറഞ്ഞിരുന്നു. പണപ്പെരുപ്പം 2 ശതമാനത്തിലേക്ക് എത്തിക്കുകയാണ് ഫെഡ് റിസര്‍വിന്റെ ലക്ഷ്യം. കഴിഞ്ഞ രണ്ട് യോഗങ്ങളിലും ഫെഡ് റിസര്‍വ് 75 ബേസിസ് പോയിന്റിന്റെ വീതം വര്‍ധനവ് പലിശ നിരക്കില്‍ വരുത്തിയിരുന്നു. അടുത്ത യോഗത്തിലും പലിശ നിരക്ക് 75 ബേസിസ് പോയിന്റ് ഉയര്‍ത്തുമെന്നാണ് വിലയിരുത്തല്‍. പവെലിന്റെ പ്രസംഗം പ്രധാന ഓഹരി വിപണികളെയെല്ലാം ബാധിച്ചു. ഇന്ത്യന്‍ രൂപ ഇന്ന് ഡോളറിനെതിരെ എക്കാലത്തെയും താഴ്ന്ന നിലയായ 80.15ല്‍ എത്തി.

Related Articles
Next Story
Videos
Share it