ഗ്ലോബല്‍ ലോങ്‌ലൈഫ് ഹോസ്പിറ്റല്‍ ഐപിഒ നാളെ തുറക്കും

ഗ്ലോബല്‍ ലോങ്‌ലൈഫ് ഹോസ്പിറ്റല്‍ ആന്‍ഡ് റിസര്‍ച്ചിന്റെ പ്രാഥമിക ഓഹരി വില്‍പ്പനയ്ക്ക് നാളെ തുടക്കമാകും. ഏപ്രില്‍ 25 വരെയാണ് എസ്എംഇ ഐപിഒ നടക്കുന്നത്. 140 രൂപ വീതം വിലയുള്ള 1000 ഓഹരികളായിരിക്കും ഒരു ലോട്ടിലുണ്ടാവുക. 3,500,000 ഓഹരികള്‍ കൈമാറുന്ന പ്രാഥമിക ഓഹരി വില്‍പ്പനയിലൂടെ 49 കോടി രൂപ സമാഹരിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. ഐപിഒയുടെ 50 ശതമാനം സ്ഥാപനേതര നിക്ഷേപകര്‍ക്കായും 50 ശതമാനം റീറ്റെയ്ല്‍ നിക്ഷേപകര്‍ക്കായുമാണ് സംവരണം ചെയ്തിരിക്കുന്നത്.

പ്രാഥമിക ഓഹരി വില്‍പ്പനയിലൂടെ സമാഹരിക്കുന്ന തുക പാട്ടത്തിനടിസ്ഥാനത്തില്‍ ഭൂമി ഏറ്റെടുക്കുന്നതിനും നിലവിലുള്ള വായ്പകളുടെ തിരിച്ചടവിനും പൊതു കോര്‍പ്പറേറ്റ് ആവശ്യങ്ങള്‍ക്കുമാണ് വിനിയോഗിക്കുക. ഐപിഒയ്ക്ക് ശേഷം, കമ്പനി ബിഎസ്ഇ എസ്എംഇയില്‍ ലിസ്റ്റ് ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു.
അഹമ്മദാബാദ് ആസ്ഥാനമായുള്ള ഗ്ലോബല്‍ ലോങ്‌ലൈഫ് ഹോസ്പിറ്റല്‍ ആന്‍ഡ് റിസര്‍ച്ച് ആരോഗ്യ സേവനങ്ങള്‍ നല്‍കുന്ന ഒരു മള്‍ട്ടി-സ്‌പെഷ്യാലിറ്റി ടെര്‍ഷ്യറി കെയര്‍ ആശുപത്രിയാണ്. 2021 ഡിസംബര്‍ 31 വരെ, കമ്പനിയുടെ മൊത്തം ആസ്തിയും വരുമാനവും യഥാക്രമം 40.01 കോടിയും 26.74 കോടിയുമാണ്. ഓഹരികള്‍ മെയ് അഞ്ചിനകം ലിസ്റ്റ് ചെയ്യുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
എന്താണ് എസ്എംഇ ഐപിഒ
ചെറുകിട, ഇടത്തരം (SME) കമ്പനികളുടെ ഓഹരികളുടെ പ്രാഥമിക ഓഹരികള്‍ വില്‍ക്കുന്നത് എസ്എംഇ ഐപിഒ വഴിയാണ്. ബിഎസ്ഇ എസ്എംഇ അല്ലെങ്കില്‍ എന്‍എസ്ഇ എമര്‍ജ് പ്ലാറ്റ്‌ഫോമിലാണ് ഈ കമ്പനികള്‍ ലിസ്റ്റ് ചെയ്യുക.


Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it