വിപണി തകര്‍ച്ചയ്ക്കിടെ നേട്ടമുണ്ടാക്കിയൊരു കമ്പനിയിതാ

ഓഹരി വിപണി താഴ്ചകളിലേക്ക് വീഴുന്നതിനിടെ നിക്ഷേപകര്‍ക്ക് നേട്ടം സമ്മാനിച്ച് ഐടിസി. യുക്രെയ്ന്‍- റഷ്യ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ ഓഹരി വിപണി തകരുമ്പോള്‍ കഴിഞ്ഞ അഞ്ച് ദിവസത്തിനിടെ ഏഴ് ശതമാനത്തിന്റെ വളര്‍ച്ചയാണ് ഐടിസിയുടെ ഓഹരി വിലയിലുണ്ടായത്.

ഇന്ന് ഓഹരി വില മൂന്ന് ശതമാനത്തോളം ഉയര്‍ന്ന ഐടിസി 226.45 രൂപയിലാണ് വ്യാപാരം അവസാനിപ്പിച്ചത്. ബെഞ്ച് മാര്‍ക്ക് സൂചിക സെന്‍സെക്‌സ് 1.41 ശതമാനം ഇടിഞ്ഞ്, മിക്ക ഓഹരികളും നിക്ഷേപകര്‍ക്ക് നഷ്ടമായപ്പോള്‍ ഐടിസി നേട്ടം സമ്മാനിച്ചു. കഴിഞ്ഞ ആറ് മാസത്തിനിടെ സെന്‍സെക്‌സില്‍ 6.69 ശതമാനം ഇടിവുണ്ടാപ്പോള്‍ ഐടിസിയുടെ ഓഹരികള്‍ എട്ട് ശതമാനത്തോളമാണ് ഉയര്‍ന്നത്.
കഴിഞ്ഞ ധനം ഓണം സ്‌പെഷ്യല്‍ പതിപ്പില്‍ പൊറിഞ്ചു വെളിയത്ത് നിക്ഷേപിക്കുന്നതിന് നിര്‍ദേശിച്ച അഞ്ച് കമ്പനികളില്‍ ഒന്നായിരുന്നു ഐടിസി. സിഗരറ്റ് വിപണിയില്‍ നായകരായി തുടരുന്നതിനൊപ്പം എഫ് എം സി ജി ഉല്‍പ്പന്നങ്ങളുടെ നീണ്ടശ്രേണിയിലൂടെ ഐടിസി അവിഭാജ്യഘടകമാണ്. ആശിര്‍വാദ്. സണ്‍ഫീസ്റ്റ്, യിപ്പീ, ബിംഗോ, ബി നാച്വറല്‍, ഫിയമ, എന്‍ഗേജ്, സാവ്്ലോണ്‍, ക്ലാസ്മേറ്റ്സ് എന്നിവ ഐടിസിയില്‍ ബ്രാന്‍ഡുകളില്‍ ചിലതാണ്. ഇതിന് പുറമേ ഇന്ത്യയിലെ ഏറ്റവും വലിയ രണ്ടാമത്തെ ഹോട്ടല്‍ ശൃംഖലയുടെ ഉടമസ്ഥതയും നിയന്ത്രണവും അവരുടെ കൈയിലാണുള്ളത്. രണ്ടരലക്ഷം കോടി രൂപ വിപണി മൂല്യമാണ് ഐടിസിക്കുള്ളത്. SUUTI (Specified Undertaking of the Unit Trust of India) യുടെ ഓഹരി വില്‍പ്പന സംബന്ധിച്ച് വ്യക്തത വരികയോ കമ്പനിയുടെ ഡീമെര്‍ജര്‍ (വിഭജനം) സംബന്ധിച്ച തീരുമാനം വരികയോ ചെയ്താല്‍ ഓഹരി പുതിയ ഉയരങ്ങളിലേക്ക് എത്താനിടയുണ്ടെന്ന് പൊറിഞ്ചു വെളിയത്ത് നിര്‍ദേശിച്ചിരുന്നു.


Related Articles
Next Story
Videos
Share it