കല്യാണ്‍ ജൂവലേഴ്സിന്റെ 6.2% ഓഹരി ഹൈഡെല്‍ വിറ്റു; ഓഹരി വിലയില്‍ കയറ്റം

യു.എസ്. ആസ്ഥാനമായുള്ള സ്വകാര്യ ഇക്വിറ്റി കമ്പനിയായ വാര്‍ബര്‍ഗ് പിന്‍കസിന്റെ (Warburg Pincus) ഉടമസ്ഥതയിലുള്ള ഹൈഡെല്‍ ഇന്‍വെസ്റ്റ്മെന്റ് (Highdell Investment) കല്യാണ്‍ ജ്വല്ലേഴ്സിന്റെ (Kalyan Jewellers) 6.2 ശതമാനം ഓഹരി 725 കോടി രൂപയ്ക്ക് വിറ്റഴിച്ചു. എന്‍.എസ്.ഇയില്‍ ലഭ്യമായ ഇടപാട് വിവരങ്ങൾ പ്രകാരം ഹൈഡെല്‍ ഇന്‍വെസ്റ്റ്മെന്റ് മൊത്തം 6,41,02,561 ഓഹരികളാണ് വിറ്റഴിച്ചത്. ഓഹരി ഒന്നിന് ശരാശരി 113.10 രൂപ നിരക്കിലാണ് ഇടപാട് നടന്നത്.

ഓഹരി വാങ്ങിയവര്‍

ഫ്രാങ്ക്‌ലിന്‍ ടെമ്പിള്‍ടണ്‍ മ്യൂച്വല്‍ ഫണ്ട്, സുന്ദരം എം.എഫ്, ബി.എന്‍.പി പാരിബാസ് ആര്‍ബിട്രേജ്, സിറ്റി ഗ്രൂപ്പ് ഗ്ലോബല്‍ മാര്‍ക്കറ്റ്സ് മൗറീഷ്യസ്, എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് തുടങ്ങിയവരാണ് കല്യാണ്‍ ജ്വല്ലേഴ്സിന്റെ ഓഹരികള്‍ വാങ്ങിയവരാണ്.

ഹൈഡെല്‍ ഇന്‍വെസ്റ്റ്മെന്റിന് ഇനി 17.6%

ഈ ഇടപാടിന് ശേഷം ഹൈഡെല്ലിന്റെ ഓഹരി പങ്കാളിത്തം മാര്‍ച്ച് അവസാനമുണ്ടായിരുന്ന 23.82 ശതമാനത്തില്‍ നിന്ന് 17.6 ശതമാനമായി കുറഞ്ഞു. ഈ വര്‍ഷം മാര്‍ച്ചില്‍ ഹൈഡെല്‍ ഇന്‍വെസ്റ്റ്മെന്റ് കല്യാണ്‍ ജൂവലേഴ്സിന്റെ 2.26 ശതമാനം ഓഹരികള്‍ 256 കോടി രൂപയ്ക്ക് വിറ്റഴിച്ചിരുന്നു.

ഇടപാടിനെത്തുടര്‍ന്ന് കല്യാണ്‍ ജ്വല്ലേഴ്സിന്റെ ഓഹരികള്‍ 17.16 ശതമാനം ഉയര്‍ന്ന് 133.80 രൂപയിലാണ് നാഷണല്‍ സ്റ്റോക്ക് എക്സ്ചേഞ്ചില്‍ (National Stock Exchange) ക്ലോസ് ചെയ്തത്.

Related Articles
Next Story
Videos
Share it