അദാനി വിഷയത്തില്‍ സെബിയോട് വിശദീകരണം തേടി സുപ്രീംകോടതി
അദാനി വിഷയത്തില്‍ സെബിയോട് സൂപ്രീംകോടതി വിശദീകരണം തേടി. നിക്ഷേപകരുടെ സംരക്ഷണത്തിന് എന്തൊക്കെ നടപടികളാണ് സ്വീകരിക്കുന്നതെന്ന് സെബി വ്യക്തമാക്കണം. വിഷയത്തില്‍ ധനമന്ത്രാലയവും സെബിയും ഫെബ്രുവരി 13ന് വിശദീകരണം നല്‍കണം.
10 ലക്ഷം കോടിയോളം നിക്ഷേപകര്‍ക്ക് നഷ്ടമായി എന്നാണ് പറയുന്നത്. നിക്ഷേപകര്‍ സംരക്ഷിക്കപ്പെടുന്നു എന്ന് എങ്ങനെ ഉറപ്പിക്കാനാവും. ഭാവിയില്‍ ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ എന്ത് ചെയ്യണമെന്നും കോടതി ചോദിച്ചു. അദാനി ഗ്രൂപ്പിനെതിരെ ഹിന്‍ഡന്‍ബര്‍ഗ് ഉയര്‍ത്തിയ ആരോപണങ്ങള്‍ സംബന്ധിച്ച് ഫയല്‍ ചെയ്ത പൊതുതാല്‍പ്പര്യ ഹര്‍ജികള്‍ പരിഗണിക്കുകയായിരുന്നു കോടതി. ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഢ്, ജസ്റ്റിസ് പിഎസ് നരസിംഹ, ജെബി പര്‍ഡിവാല എന്നിവരടങ്ങിയ ബഞ്ചാണ് കേസ് പരിഗണിക്കുന്നത്.
മൂഡീസ്, എംഎസ്‌സിഐ തീരുമാനങ്ങള്‍ തിരിച്ചടി
അദാനി ഗ്രൂപ്പിന് കീഴിലുള്ള നാല് കമ്പനികളുടെ റേറ്റിംഗ് ആണ് മൂഡീസ് കുറച്ചത്. നാല് കമ്പനികളുടെ റേറ്റിംഗ് 'സ്റ്റേബിള്‍'ല്‍ നിന്ന് 'നെഗറ്റീവ'് ആയി പുതുക്കി. അദാനി ഗ്രീന്‍ എനര്‍ജി ലിമിറ്റഡ്, അദാനി ഗ്രീന്‍ എനര്‍ജി റെസ്ട്രിക്റ്റഡ് ഗ്രൂപ്പ്, അദാനി ട്രാന്‍സ്മിഷന്‍ സ്റ്റെപ് വണ്‍ ലിമിറ്റഡ്, അദാനി ഇലക്ട്രിസിറ്റി മുംബൈ ലിമിറ്റഡ് എന്നി കമ്പനികളുടെ റേറ്റിംഗ് ആണ് കുറച്ചത്.
മോര്‍ഗന്‍ സ്റ്റാന്‍ലി (എംഎസ്‌സിഐ) എമര്‍ജിംഗ് മാര്‍ക്കറ്റ് ഇന്‍ഡക്‌സില്‍ നാല് അദാനി കമ്പനികളുടെ വെയ്‌റ്റേജ് കുറച്ചു. അദാനി എന്റര്‍പ്രൈസസ്, അദാനി ടോട്ടല്‍ ഗ്യാസ്, അദാനി ട്രാന്‍സ്‌നിഷന്‍, എസിസി എന്നിവയാണ് ഈ കമ്പനികള്‍. ജനുവരി 30ലെ കണക്കുകള്‍ പ്രകാരം ഈ കമ്പനികളുടെ ആകെ വെയ്‌റ്റേഡ് 0.4 ശതമാനം ആയിരുന്നു. പുതിയ വെയ്‌റ്റേജ് മാര്‍ച്ച് ഒന്ന് മുതലാണ് നിലവില്‍ വരുക.
ഇന്നലെ അദാനി ഗ്രൂപ്പ് കമ്പനികളില്‍ അംബുജ സിമന്റ്, അദാനി പോര്‍ട്ട്‌സ് എന്നിവ മാത്രമാണ് നേട്ടമുണ്ടാക്കിയത്. അദാനി ഗ്രൂപ്പിലെ ഏഴ് ലിസ്റ്റഡ് കമ്പനികളെയാണ് ഹിന്‍ഡന്‍ബെര്‍ഗ് പഠന വിധേയമാക്കിയത്. കമ്പനികളുടെ ഓഹരി വില യഥാര്‍ത്ഥ മൂല്യത്തെക്കാള്‍ 85 ശതമാനത്തോളം ഉയര്‍ന്നതാണെന്നും മൂല്യം കൃത്രിമമായി ഉയര്‍ത്തിയെന്നതടക്കമുള്ള ആരോപണങ്ങളാണ് ഹിന്‍ഡന്‍ബര്‍ഗ് ഉയര്‍ത്തിയത്. ജനുവരി 24ന് പുറത്തുവിട്ട ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ടിന് ശേഷം അദാനി ഗ്രൂപ്പിന്റെ വിപണി മൂല്യം ഇടിഞ്ഞത് 10 ലക്ഷം കോടി രൂപയോളം ആണ്.