പെരുമഴയായി ഐ.പി.ഒ; പക്ഷേ, പണമൊഴുക്ക് കുറഞ്ഞു

കൊവിഡും റഷ്യ-യുക്രെയിന്‍ യുദ്ധവുമൊക്കെ സൃഷ്ടിച്ച സാമ്പത്തിക ഞെരുക്കം മാറുകയും വിപണി വീണ്ടും ഉഷാറാവുകയും ചെയ്തതോടെ ഇന്ത്യയിലിത് പ്രാരംഭ ഓഹരി വില്‍പനയുടെ (ഐ.പി.ഒ/IPO) പെരുമഴക്കാലം. ഈ വര്‍ഷം ഇതിനകം തന്നെ ഐ.പി.ഒ സംഘടിപ്പിച്ച കമ്പനികളുടെ എണ്ണം 43 ആയി. കഴിഞ്ഞവര്‍ഷം ഐ.പി.ഒ നടത്തിയത് 40 കമ്പനികളായിരുന്നു.

പക്ഷേ, കമ്പനികളുടെ എണ്ണം കൂടിയെങ്കിലും കഴിഞ്ഞവര്‍ഷത്തെ അപേക്ഷിച്ച് സമാഹരിച്ച തുക ഈ വര്‍ഷം കുറഞ്ഞു.
ശക്തിപ്രാപിക്കാതെ പണമൊഴുക്ക്
കേരളത്തില്‍ നിന്നുള്ള ഇസാഫ് സ്മോള്‍ ഫിനാന്‍സ് ബാങ്കായിരുന്നു ഈ വര്‍ഷത്തെ 41-ാം ഐ.പി.ഒ സംഘടിപ്പിച്ചത്. പിന്നാലെ പ്രോട്ടീന്‍ ഇഗവ് ടെക്നോളജീസെത്തി. ആസ്‌ക് ഓട്ടോമോട്ടീവാണ് ഏറ്റവുമൊടുവില്‍, അതായത് 43-ാം ഐ.പി.ഒ സംഘടിപ്പിച്ചത്.
ഈ 43 കമ്പനികളും കൂടി ഈ വര്‍ഷം സമാഹരിച്ചത് 36,000 കോടി രൂപയാണ്. 40 കമ്പനികള്‍ ഐ.പി.ഒ നടത്തിയ കഴിഞ്ഞവര്‍ഷം 65,000 കോടി രൂപ സമാഹരിച്ചിരുന്നു. എല്‍.ഐ.സിയുടെ 21,000 കോടി രൂപയുടെ ഐ.പി.ഒ കഴിഞ്ഞവര്‍ഷമാണ് നടന്നതെന്ന പ്രത്യേകതയുണ്ട്. എല്‍.ഐ.സിയുടെ ഐ.പി.ഒ മാറ്റിനിറുത്തിയാലും താരതമ്യം ചെയ്യുമ്പോള്‍ ഈ വര്‍ഷത്തെ സമാഹരണത്തുക കുറവാണ്.
1000 കോടി സമാഹരണം
2023ല്‍ ഇതിനകം ഐ.പി.ഒ സംഘടിപ്പിച്ച കമ്പനികളില്‍ 10 എണ്ണം മാത്രമേ ആയിരം കോടി രൂപയിലധികം സമാഹരിച്ചുള്ളൂ. 2022ല്‍ ഇത് 14 ആയിരുന്നു; 2021ല്‍ 34 കമ്പനികളും.
2021ല്‍ 65 കമ്പനികളാണ് ഐ.പി.ഒ വഴി ഓഹരി വിപണിയിലേക്ക് ചുവടുവച്ചത്. ഐ.പി.ഒ വഴി ആകെ സമാഹരിച്ചത് 1.31 ലക്ഷം കോടി രൂപയും. ഇത് റെക്കോഡ് ആണ്.
2021ല്‍ ആകെ 126 കമ്പനികള്‍ ഐ.പി.ഒയ്ക്കായി സെബിക്ക് (SEBI) അപേക്ഷ സമര്‍പ്പിച്ചിരുന്നു. 65 എണ്ണം മാത്രമാണ് ഐ.പി.ഒ നടത്തിയത്. 2022ല്‍ അപേക്ഷകര്‍ 89 ആയിരുന്നു. ഈ വര്‍ഷം ഇതിനകം ഐ.പി.ഒയ്ക്ക് അനുമതി ലഭിച്ചിട്ടുള്ളത് 75 കമ്പനികള്‍ക്കാണ്.
Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it