ജോയ് ആലുക്കാസ് ഐപിഒയും ഉടന്‍; സെബിയില്‍ രേഖകള്‍ സമര്‍പ്പിച്ചു

പ്രമുഖ ജൂവല്‍റി റീറ്റെയ്ല്‍ ബ്രാന്‍ഡ് ജോയ് ആലുക്കാസ് ഐപിഒ നടപടികളുടെ ഭാഗമായുള്ള ഡി ആര്‍ എച്ച് പി ഫയല്‍ ചെയ്തു. ഐപിഒയ്ക്ക് അനുമതി തേടിക്കൊണ്ടുള്ള രേഖകള്‍ ശനിയാഴ്ചയാണ് ജോയ് ആലുക്കാസ് സമര്‍പ്പിച്ചത്. 2300 കോടി രൂപ സമാഹരണ ലക്ഷ്യത്തോടെ നടത്തുന്ന ഐപിഒ വഴി ജോയ് ആലുക്കാസ് ഗ്രൂപ്പിനെ കടരഹിത കമ്പനിയാക്കി മാറ്റാനുള്ള നീക്കമാണ് നടത്തുന്നതെന്ന് ബെഞ്ച്മാര്‍ക്ക് ഡോട്ട് കോം റിപ്പോര്‍ട്ട് ചെയ്യുന്നു. ജോയ്ആലുക്കാസ് ഗ്രൂപ്പിനെ കടമില്ലാത്ത കമ്പനിയാക്കി മാറ്റുകയെന്ന് ഗ്രൂപ്പ് സ്ഥാപകനും ചെയര്‍മാനുമായ ജോയ് ആലുക്കാസിന്റെ പ്രഖ്യാപിത ലക്ഷ്യമാണ്.

നേരത്തെ തൃശൂര്‍ ആസ്ഥാനമായുള്ള കല്യാണ്‍ ജൂവല്ലേഴ്‌സും ഓഹരി വിപണിയില്‍ ലിസ്റ്റ് ചെയ്തിട്ടുണ്ട്. കമ്പനിയുടെ കടങ്ങള്‍ തീര്‍ക്കാനും പുതിയ ഷോറൂമുകള്‍ തുറക്കാനുമാണ് ഓഹരി വിപണിയില്‍ നിന്നുള്ള പണം പ്രധാനമായും വിനിയോഗിക്കുകയെന്ന് സെബിയില്‍ സമര്‍പ്പിച്ച രേഖകളില്‍ ജോയ്ആലുക്കാസ് പറയുന്നു.

രാജ്യത്തെമ്പാടുമായി 85 ശാഖകളുള്ള ജോയ്ആലുക്കാസ് സെപ്തംബര്‍ 30ന് അവസാനിച്ച ആറുമാസ കാലയളവില്‍ 268.95 കോടി രൂപ ലാഭം നേടിയതായി രേഖകളില്‍ വ്യക്തമാക്കുന്നു.
ഓഹരി വിപണിയിലേക്ക് എത്തുന്നത് മൂന്ന് തൃശൂര്‍ കമ്പനികള്‍
തൃശൂരില്‍ നിന്ന് ആരംഭിച്ച മൂന്ന് കമ്പനികള്‍ അടുത്ത സാമ്പത്തിക വര്‍ഷത്തില്‍ ഓഹരി വിപണിയിലേക്ക് എത്തിയേക്കും. ഇസാഫ് സ്‌മോള്‍ ഫിനാന്‍സ് ബാങ്കിന് ഐപിഒ നടത്തുന്നതിനുള്ള അനുമതി ഇതിനകം ലഭിച്ചിട്ടുണ്ട്. തൃശൂരില്‍ കെ പി പോള്‍ തുടക്കമിട്ട പോപ്പുലര്‍ ഗ്രൂപ്പില്‍ നിന്നുള്ള പോപ്പുലര്‍ വെഹിക്ക്ള്‍സ് ആന്‍ഡ് സെയ്ല്‍സ് ലിമിറ്റഡിന്റെ ഐപിഒയ്ക്കും സെബി അനുമതി നല്‍കിയിട്ടുണ്ട്.


Related Articles
Next Story
Videos
Share it