കല്യാണ്‍ ജൂവല്ലേഴ്‌സ് ഐ പി ഒ മാര്‍ച്ച് 16 ന് തുടങ്ങും, ഓഹരി ഒന്നിന് 86-87 രൂപ

27 വര്‍ഷം മുമ്പ് തൃശൂര്‍ റൗണ്ടില്‍ ഒരു ഷോറൂമുമായി പ്രവര്‍ത്തനം തുടങ്ങിയ കല്യാണ്‍ ജൂവല്ലേഴ്‌സ് ഓഹരി വിപണിയിലേക്ക്. കല്യാണ്‍ ജൂവല്ലേഴ്‌സിന്റെ ഐ പി ഒ മാര്‍ച്ച് 16 ന് ആരംഭിച്ച് മാര്‍ച്ച് 18 ന് അവസാനിക്കും. 86-87 രൂപയാണ് ഇഷ്യു പ്രൈസ്.

നിക്ഷേപക സ്ഥാപനമായ വാര്‍ബര്‍ഗ് പിന്‍കസ് നിക്ഷേപം നടത്തിയിട്ടുള്ള കല്യാണ്‍ ജൂവല്ലേഴ്‌സ് ഐ പി ഒയിലൂടെ 1175 കോടി രൂപയാണ് സമാഹരിക്കാന്‍ ഒരുങ്ങുന്നത്. നേരത്തെ 1,750 കോടി രൂപയായിരുന്നു സമാഹരണ ലക്ഷ്യമെങ്കിലും വിപണി സാഹചര്യങ്ങള്‍ കണക്കിലെടുത്ത് ഐ പി ഒയുടെ വലുപ്പം 1175 കോടി രൂപയാക്കി കുറയ്ക്കുകയായിരുന്നു. പുതിയ ഓഹരി വില്‍പ്പനയിലൂടെ 800 കോടി രൂപയും ഓഫര്‍ ഫോര്‍ സെയ്‌ലിലൂടെ 375 കോടി രൂപയുമാണ് സമാഹരണ ലക്ഷ്യം.

പ്രമോര്‍ട്ടര്‍മാരായ ടി എസ് കല്യാണരാമന്‍ 125 കോടി രൂപ മൂല്യമുള്ള ഓഹരികളാണ് ഓഫര്‍ ഫോര്‍ സെയ്ല്‍ വഴി കൈമാറുക. ഹെയ്ഡല്‍ ഇന്‍വെസ്റ്റ്‌മെന്റ് 250 കോടി രൂപയുടെ ഓഹരിയും കൈമാറും.

2020 ജൂണിലെ കണക്കുപ്രകാരം 107 ഷോറൂമുകള്‍ രാജ്യത്തെ 21 സംസ്ഥാനങ്ങള്‍/ കേന്ദ്ര ഭരണ പ്രദേശങ്ങളിലായുണ്ട്. ഇതുകൂടാതെ 30 ഷോറൂമുകള്‍ മിഡില്‍ ഈസ്റ്റിലുമുണ്ട്. രണ്ടുവര്‍ഷത്തെ വികസനത്തിനായുള്ള പ്രവര്‍ത്തനമൂലധനം സമാഹരിക്കുകയാണ് ഐപിഒയുടെ ലക്ഷ്യം. 2020 സാമ്പത്തിക വര്‍ഷത്തില്‍ 10,100.92 കോടി രൂപയായിരുന്നു കമ്പനിയുടെ വരുമാനം. അറ്റാദായം 142.28 കോടി രൂപയും. വരുമാനത്തില്‍ 78.19 ശതമാനം ഇന്ത്യയിലെ ജൂവല്‍റികളില്‍ നിന്നും 21.81 ശതമാനം മിഡില്‍ ഈസ്റ്റില്‍ നിന്നുമാണ്.

ഗ്രാമഗ്രാമാന്തരങ്ങളില്‍ കല്യാണ്‍ ജൂവല്ലേഴ്‌സിന്റെ വേരുകള്‍ പടര്‍ത്തുന്നതിനായ 766 മൈ കല്യാണ്‍ കേന്ദ്രങ്ങളും പ്രവര്‍ത്തിക്കുന്നു. മൊത്തം വരുമാനത്തിന്റെ 21 ശതമാനത്തോളം സംഭാവന ചെയ്യുന്നത് മൈ കല്യാണ്‍ കേന്ദ്രങ്ങളാണ്. ''സ്വര്‍ണ വ്യാപാര രംഗത്ത് സുതാര്യത ഉറപ്പാക്കുന്ന നിരവധി കാര്യങ്ങള്‍ ആദ്യമായി ചെയ്തത് കല്യാണ്‍ ജൂവല്ലേഴ്‌സാണ്. സുതാര്യത, വിശ്വാസം, ഓരോ പ്രദേശത്തെയും ജനങ്ങളുടെ താല്‍പ്പര്യം തൊട്ടറിഞ്ഞ് അവരുടെ മണ്ണില്‍ പിറവിയെടുത്ത ബ്രാന്‍ഡെന്ന പോലെയുള്ള പ്രവര്‍ത്തന ശൈലി തുടങ്ങിയവയാണ് കല്യാണ്‍ ജൂവല്ലേഴ്‌സിനെ വ്യത്യസ്തമാക്കുന്നത്. നിലവില്‍ കല്യാണ്‍ ജൂവല്ലേഴ്‌സിന് സാന്നിധ്യമുള്ള സ്ഥലങ്ങളില്‍ ഇനിയും പ്രവര്‍ത്തനം ശക്തമാക്കും,'' ഡയറക്റ്റര്‍ ടി കെ രമേഷ് വ്യക്തമാക്കുന്നു.






Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it