കല്യാണ്‍ ജൂവലേഴ്‌സ്: നാലാംപാദത്തില്‍ മികച്ച വളര്‍ച്ച

കല്യാണ്‍ ജൂവലേഴ്‌സ് ഇന്ത്യയില്‍ നിന്നുള്ള വിറ്റുവരവില്‍ മികച്ച വര്‍ദ്ധന കൈവരിക്കുകയും ഗള്‍ഫ് വിപണിയിലെ ബിസിനസില്‍ ശക്തമായ തിരിച്ചുവരവ് നടത്തുകയും ചെയ്തതോടെ 2020 - 21 സാമ്പത്തികവര്‍ഷത്തിന്റെ നാലാം പാദത്തില്‍ മികച്ച പ്രകടനം കാഴ്ചവച്ചു. നാലാം പാദത്തില്‍ ആകെ വിറ്റുവരവ് 3056.6 കോടി രൂപയായിരുന്നു. മുന്‍വര്‍ഷത്തില്‍, ഇതേ പാദത്തില്‍ ആകെ വിറ്റുവരവ് 2140.7 കോടി രൂപ ആയിരുന്നു. ഇന്ത്യയിലെ വിറ്റുവരവ് 60.6 ശതമാനം വളര്‍ച്ച നേടിയപ്പോള്‍ മിഡില്‍ ഈസ്റ്റ് ഉള്‍പ്പെടെയുള്ള ആകമാന വിറ്റുവരവിലെ വളര്‍ച്ച 42.8 ശതമാനമായിരുന്നു.

2020 - 21 നാലാം പാദത്തില്‍ മൊത്തം അറ്റാദായം 73.9 കോടി രൂപ ആയിരുന്നു. മുന്‍വര്‍ഷത്തെ ഇതേ കാലയളവിനേക്കാള്‍ 54.1 ശതമാനം വളര്‍ച്ചയാണ് കമ്പനി നേടിയത്. സാമ്പത്തികവര്‍ഷത്തിന്റെ രണ്ടാം പകുതിയില്‍ മൊത്തം അറ്റാദായം 206.7 കോടി രൂപ ആയിരുന്നു. മുന്‍വര്‍ഷത്തേക്കാള്‍ 72.3 ശതമാനം വര്‍ധനയാണിത്.

അസംഘടിത മേഖലയില്‍ നിന്ന് സംഘടിത മേഖലയിലേക്ക് ജൂവലറി ബിസിനസ് ത്വരിതഗതിയില്‍ മാറുന്നതും വിവാഹ പര്‍ചേസുകളിലും അനുബന്ധ മേഖലകളിലും വീണ്ടും ഉണര്‍വ് ദൃശ്യമായതുമാണ് ഇന്ത്യയിലെ ബിസിനസ് വളരാന്‍ സഹായിച്ച ഘടകങ്ങള്‍. നാലാം പാദ വിറ്റുവരവില്‍ സ്വര്‍ണാഭരണവിഭാഗത്തില്‍ 69.6 ശതമാനം വളര്‍ച്ച നേടിയപ്പോള്‍ സ്റ്റഡഡ് (കല്ല് പതിച്ച ആഭരണങ്ങള്‍) വിഭാഗത്തില്‍ 36.6 ശതമാനം വര്‍ദ്ധനയുണ്ടായി.

2020- 21 വര്‍ഷത്തെ കമ്പനിയുടെ ആകെ വിറ്റുവരവ് 8,573.3 കോടി രൂപയായിരുന്നു. മുന്‍വര്‍ഷത്തെ 10,100.9 കോടിയില്‍നിന്ന് 15.1 ശതമാനം ഇടിവുണ്ടായി. അതേസമയം ഇന്ത്യന്‍ പ്രവര്‍ത്തനങ്ങളില്‍ നിന്നുള്ള വിറ്റുവരവിലെ ഇടിവ് 6.6 ശതമാനം മാത്രമാണ്. നാലാം പാദത്തില്‍ വിറ്റുവരവിലുണ്ടായ ശക്തമായ വളര്‍ച്ചയുടെ പിന്‍ബലത്തില്‍ കമ്പനിയുടെ ആദായം 67 കോടിയില്‍ നിന്ന് 46.9 ശതമാനം വര്‍ദ്ധനവോടെ 98.5 കോടി രൂപയിലെത്തിക്കാനായി. ഇബിഐടിഡിഎ (EBITDA) 179.6 കോടിയില്‍ നിന്ന് 227.7 കോടി രൂപയിലെത്തി.

സാമ്പത്തികവര്‍ഷത്തിന്റെ രണ്ടാം പകുതിയിലെ ആദായം മുന്‍വര്‍ഷത്തെ 174.2 കോടി രൂപയില്‍നിന്നും 51.1 ശതമാനം വര്‍ദ്ധിച്ച് 263.2 കോടി രൂപയായി. അതേസമയം രണ്ടാം പകുതിയിലെ ഇബിഐടിഡിഎ മുന്‍വര്‍ഷത്തെ 427.5 കോടി രൂപയില്‍ നിന്നും 26 ശതമാനം വര്‍ദ്ധിച്ച് 538.8 കോടി രൂപയായി.

മാര്‍ച്ച് 2021ല്‍ അവസാനിച്ച സാമ്പത്തികവര്‍ഷത്തില്‍, കമ്പനിയുടെ ഇന്ത്യയിലെ പ്രവര്‍ത്തനത്തില്‍നിന്നുള്ള ആദായം 187.5 കോടിയായിരുന്നു മുന്‍വര്‍ഷത്തില്‍ ഇത് 235.3 കോടി രൂപയായിരുന്നു. ആദ്യ പാദത്തില്‍ ലോക്ക്ഡൗണ്‍ മൂലം വിറ്റുവരവിലെ കുറവും, കോവിഡ് മൂലം ഏകദേശം 100 കോടി രൂപയുടെ ഗള്‍ഫില്‍ നടത്തിയ ഒറ്റത്തവണ എഴുതി തള്ളലും ഉള്‍പ്പടെ കമ്പനി 6.1 കോടി രൂപയുടെ നഷ്ടം രേഖപ്പെടുത്തി.

2021 മാര്‍ച്ച് 31ലെ കണക്ക് പ്രകാരം കല്യാണ്‍ ജൂവലേഴ്‌സിന് 137 ഷോറൂമുകളാണ് ഉള്ളത്. ഇതില്‍ 107 എണ്ണം ഇന്ത്യയിലും 30 എണ്ണം ഗള്‍ഫ് രാജ്യങ്ങളിലുമാണ്. കമ്പനിക്ക് ഇന്ത്യയില്‍ 4,60,000 ചതുരശ്രയടിയും ഗള്‍ഫില്‍ 38,000 ചതുരശ്രയടിയും ഉള്‍പ്പെടെ മൊത്തം ഏതാണ്ട് അഞ്ചു ലക്ഷം ചതുരശ്രയടിയുടെ റീട്ടെയ്ല്‍ സ്‌പേസ് ഉണ്ട്.

കമ്പനിയുടെ ഇകൊമേഴ്‌സ് വിഭാഗമായ കാന്‍ഡിയര്‍ FY2021 നാലാം പാദത്തില്‍ വിറ്റുവരവില്‍ 66 ശതമാനത്തിന്റെ വര്‍ദ്ധന രേഖപ്പെടുത്തി. ഇതില്‍നിന്നുള്ള വാര്‍ഷിക വിറ്റുവരവ് 47 ശതമാനം ഉയര്‍ന്ന് 82.1 കോടി രൂപയായി. 2019- 20ല്‍ 1.7 കോടി രൂപയുടെ അറ്റ നഷ്ടത്തിലായിരുന്ന കാന്‍ഡിയര്‍ 2020- 21ല്‍ 3.2 കോടി രൂപ അറ്റാദായം നേടി.

''പല കാരണങ്ങള്‍ മൂലം ഇതുവരെ കാണാത്ത രീതിയിലുള്ളതായിരുന്നു കഴിഞ്ഞ സാമ്പത്തികവര്‍ഷം. ആഗോള മഹാമാരി കാരണം ഞങ്ങളുടെ ഷോറൂമുകള്‍ പലപ്പോഴായി അടച്ചിടേണ്ടി വന്നിട്ടുണ്ട് എന്നാല്‍, ജീവനക്കാരുടെ മികച്ച സംഘടിത പ്രവര്‍ത്തനവും സജീവമായി ഉപയോക്താക്കളുമായി ഇടപെടുന്നതിനുള്ള ഉദ്യമങ്ങളും മൂലം കമ്പനിക്ക് അടുത്ത മാസങ്ങളില്‍ മികച്ച രീതിയില്‍ തിരിച്ചുവരവ് നടത്താന്‍ കഴിഞ്ഞു. FY2021 രണ്ടാം പകുതിയില്‍, പ്രത്യേകിച്ച് നാലാം പാദത്തില്‍, മികച്ച വിറ്റുവരവ് നേടാനായതിനാലാണ് രണ്ടാം പകുതിയില്‍ അറ്റാദായത്തില്‍ 72.3 ശതമാനം വളര്‍ച്ച നേടാന്‍ സാധിച്ചത്. 2019- 20ലെ മുഴുവന്‍ വര്‍ഷത്തേക്കാള്‍ 45.3 ശതമാനം കൂടുതലാണ് ഇത്. ഇപ്പോള്‍ വിവിധ സംസ്ഥാനങ്ങള്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന നിയന്ത്രണങ്ങള്‍ മൂലം ഇന്ത്യയിലെ സ്‌റ്റോര്‍ ശൃംഖലയില്‍ 80 ശതമാനവും അടഞ്ഞുകിടക്കുകയാണ്. ഏതാനും ആഴ്ചകള്‍ കൂടി സ്ഥിതിഗതികള്‍ വെല്ലുവിളി നിറഞ്ഞതായിരിക്കുമെന്ന് കരുതുന്നു. എങ്കിലും നിലവിലുള്ള വ്യാപാരത്തിന്റെ വ്യാപ്തിയും ചെലവുചുരുക്കല്‍ നടപടികളും കഴിഞ്ഞ വര്‍ഷത്തെ പരിചയസമ്പത്തും ഈ സാഹചര്യത്തെ നേരിടാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഈയിടെ ഐപിഒ നടത്തി ബാലന്‍സ് ഷീറ്റ് ശക്തിപ്പെടുത്തിയതും നേട്ടമാകും.'' കല്യാണ്‍ ജൂവലേഴ്‌സ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ രമേഷ് കല്യാണരാമന്‍ പറഞ്ഞു.


Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it