സെന്‍സെക്‌സ് 123 പോയ്ന്റ് ഇടിഞ്ഞു; കാരണം ഇതാണ്

പുതിയ ആഴ്ചയിലെ ആദ്യ വ്യാപാരദിനത്തില്‍ നേട്ടമുണ്ടാക്കാനാകാതെ ഓഹരി സൂചികകള്‍. എഫ് എം സി ജി, ഫിനാന്‍ഷ്യല്‍, റിയാല്‍റ്റി ഓഹരികളിലെ വില്‍പ്പന സമ്മര്‍ദ്ദവും റിലയന്‍സ് ഇന്‍ഡ്‌സട്രീസ്, ടെക് മഹീന്ദ്ര, ടിസിഎസ് തുടങ്ങിയവയില്‍ നിന്ന് ലാഭമെടുക്കാന്‍ നിക്ഷേപകര്‍ തയ്യാറായതും ഓഹരി സൂചികകളെ താഴ്ത്തി. ചാഞ്ചാടി നിന്ന ഓഹരി സൂചികകള്‍ അങ്ങനെ നഷ്ടത്തില്‍ ക്ലോസ് ചെയ്തു.

സെന്‍സെക്‌സ് 123.5 പോയ്ന്റ് അഥവാ 0.23 ശതമാനം താഴ്ന്ന് 52,852 ലും നിഫ്റ്റി 32 പോയ്ന്റ് അഥവാ 0.2 ശതമാനം താഴ്ന്ന് 15,824ലും ക്ലോസ് ചെയ്തു. അതേസമയം വിശാല വിപണി നേട്ടത്തില്‍ ക്ലോസ് ചെയ്തു. ബിഎസ്ഇ മിഡ് കാപ് സൂചിക 0.06 ശതമാനവും സ്‌മോള്‍കാപ് സൂചിക 0.34 ശതമാനവും ഉയര്‍ന്നു.

ആഗോള വിപണികളിലെ തണുപ്പും ഈയാഴ്ച പുറത്തുവരാനിരിക്കുന്ന പ്രമുഖ കമ്പനികളുടെ ഒന്നാംപാദ ഫലങ്ങള്‍ നിക്ഷേപകര്‍ ഉറ്റുനോക്കുന്നതും വിപണിയുടെ ചാഞ്ചാട്ടത്തിന് കാരണമായിട്ടുണ്ട്.

എഡ്യുടെക് കമ്പനികള്‍ക്ക് മൂക്കുകയറിടാനുള്ള ചൈനീസ് ഭരണകൂടത്തിന്റെ നീക്കം ചൈനയിലെ എഡ്യുക്കേഷന്‍, പ്രോപ്പര്‍ട്ടി, ടെക് മേഖലയിലെ കമ്പനികളുടെ ഓഹരി വിലകള്‍ കുത്തനെ ഇടിയാന്‍ കാരണമായതും ആഗോള രംഗത്തെ പ്രധാന സംഭവവികാസമായി. ഫെഡ് മീറ്റിംഗിന് കാതോര്‍ത്താണ് ആഗോള വിപണികള്‍ ഇപ്പോള്‍ നില്‍ക്കുന്നത്. ഈ അനിശ്ചിതത്വങ്ങള്‍ വിപണിയില്‍ ചാഞ്ചാട്ടത്തിന് വഴിവെയ്ക്കുന്നുണ്ട്.
കേരള കമ്പനികളുടെ പ്രകടനം
വിക്ടറി പേപ്പര്‍ ആന്‍ഡ് ബോര്‍ഡ്‌സിന്റെ ഓഹരി വില ഇന്ന് 20 ശതമാനമാണ് വര്‍ധിച്ചത്. 28 രൂപ ഉയര്‍ന്ന് 168.60 രൂപയിലെത്തി. നിറ്റ ജലാറ്റിന്റെ ഓഹരി വില ഇന്ന് 10 ശതമാനത്തിലേറെ കൂടി. 27 രൂപയിലേറെ ഉയര്‍ന്ന് ഓഹരി വില 295.95 രൂപയിലാണ് എത്തിയത്. ഫെഡറല്‍ ബാങ്ക് ഓഹരി വില 2.17 ശതമാനം വര്‍ധിച്ച് 87.25 രൂപയായി. ഈസ്റ്റേണ്‍ ട്രെഡ്‌സിന്റെ ഓഹരിവില 5.71 ശതമാനം കൂടി 51.80രൂപയിലും എത്തി.





Related Articles
Next Story
Videos
Share it