നിക്ഷേപകര്‍ ലാഭം ബുക്ക് ചെയ്തതോടെ ഇടിവിലേക്ക് വീണ് വിപണി

യുഎസ് ഫെഡറല്‍ പലിശ നിരക്ക് വര്‍ധിപ്പിക്കുമോ എന്ന തീരുമാനത്തിന് മുന്നോടിയായി നിക്ഷേപകര്‍ ലാഭം ബുക്ക് ചെയ്തതോടെ വ്യാപാരന്ത്യത്തില്‍ ഇടിവിലേക്ക് വീണ് വിപണി. ബെഞ്ച്മാര്‍ക്ക് സൂചിക സെന്‍സെക്‌സ് 152 പോയ്ന്റ് അഥവാ 0.29 ശതമാനം ഇടിഞ്ഞ് 52,541 ലാണ് വ്യാപാരം അവസാനിപ്പിച്ചത്. നിഫ്റ്റി 50 സൂചിക 40 പോയ്ന്റ് അഥവാ 0.25 ശതമാനം ഇടിഞ്ഞ് 15.692 ലുമെത്തി.

കമ്പനികളില്‍ ബജാജ് ഫിന്‍സെര്‍വ്, ടാറ്റ സ്റ്റീല്‍, ബജാജ് ഫിനാന്‍സ്, എല്‍ ആന്‍ഡ് ടി, ഏഷ്യന്‍ പെയ്ന്റ്സ് എന്നിവയാണ് ഇന്ന് മികച്ച നേട്ടമുണ്ടാക്കിയത്. ഇവയുടെ ഓഹരികള്‍ 1 മുതല്‍ 4 ശതമാനം വരെ ഉയര്‍ന്നു. എന്‍ടിപിസി, ഇന്‍ഫോസിസ്, എച്ച്‌യുഎല്‍, വിപ്രോ, ആര്‍ഐഎല്‍ എന്നിവയുടെ ഓഹരി വിലകളില്‍ ഒരു ശതമാനത്തിലധികം ഇടിവുണ്ടായി.
ബിഎസ്ഇ മിഡ്ക്യാപ്, സ്മോള്‍ ക്യാപ് സൂചികകള്‍ 0.5 ശതമാനം വീതം മുന്നേറിയതോടെ വിശാലമായ വിപണികള്‍ മുന്‍നിര സൂചികകളെ മറികടന്നു. മേഖലാതലത്തില്‍ നിഫ്റ്റി ഓട്ടോ സൂചിക ഒരു ശതമാനം ഉയര്‍ന്ന് മികച്ച നേട്ടമുണ്ടാക്കി. മെറ്റല്‍ സൂചിക 0.7 ശതമാനം ഇടിഞ്ഞു.
കേരള കമ്പനികളുടെ പ്രകടനം
വിപണി നഷ്ടത്തോടെ വ്യാപാരം അവസാനിപ്പിച്ചപ്പോള്‍ 13 കേരള കമ്പനികള്‍ ഇന്ന് നേട്ടമുണ്ടാക്കി. നിറ്റ ജലാറ്റിന്റെ ഓഹരി വില 5.8 ശതമാനമാണ് ഉയര്‍ന്നത്. 19 രൂപ വര്‍ധിച്ച് 348.60 രൂപയിലാണ് ഇന്ന് നിറ്റ ജലാറ്റിന്റെ ഓഹരികള്‍ വ്യാപാരം അവസാനിപ്പിച്ചത്. ഇതിനുപുറമെ എവിറ്റി, ഈസ്റ്റേണ്‍ ട്രെഡ്‌സ്, ജിയോജിത്ത് ഫിനാന്‍ഷ്യല്‍ സര്‍വീസസ്, ഹാരിസണ്‍സ് മലയാളം, കേരള ആയുര്‍വേദ, മുത്തൂറ്റ് ഫിനാന്‍സ്, റബ്ഫില ഇന്റര്‍നാഷണല്‍ എന്നിവയും വിപണിയില്‍ മുന്നേറ്റമുണ്ടാക്കി.
ഇവയുടെ ഓഹരി വില 1-3 ശതമാനം വരെ ഉയര്‍ന്നു. അതേസമയം ധനലക്ഷ്മി ബാങ്ക്, മുത്തൂറ്റ് കാപിറ്റല്‍ സര്‍വീസസ്, പാറ്റ്‌സ്പിന്‍ ഇന്ത്യ, വെര്‍ട്ടെക്‌സ് സെക്യൂരിറ്റീസ്, വണ്ടര്‍ലാ ഹോളിഡേയ്‌സ് തുടങ്ങിയവയുടെ ഓഹരി വിലയില്‍ ഇടിവുണ്ടായി.





Related Articles
Next Story
Videos
Share it