അദാനി കമ്പനികളിലെ നിക്ഷേപം: വിശദീകരണവുമായി എല്‍ഐസി
അദാനി ഗ്രൂപ്പിന് കീഴിലുള്ള ലിസ്റ്റഡ് കമ്പനികളിലെ നിക്ഷേപങ്ങള്‍ സംബന്ധിച്ച വിശദീകരണവുമായി ലൈഫ് ഇന്‍ഷുറന്‍സ് കോര്‍പറേഷന്‍ (എല്‍ഐസി). വിവിധ അദാനി കമ്പനികളിലായി 30,127 കോടി രൂപയുടെ ഓഹരി നിക്ഷേപമാണ് എല്‍ഐസി നടത്തിയിട്ടുള്ളത്. ജനുവരി 27ലെ കണക്കുകള്‍ അനുസരിച്ച് ഈ നിക്ഷേപങ്ങളുടെ മൂല്യം 56,142 കോടി രൂപയാണ്. അദാനി ഓഹരികളുടെ ഇന്നത്തെ നഷ്ടം പരിഗണിച്ചാല്‍ ഇതിലും താഴെയാവാം നിക്ഷേപങ്ങളുടെ മൂല്യം.
കടപ്പത്രങ്ങള്‍ കൂടി കണക്കിലെടുക്കുമ്പോള്‍ ആകെ നിക്ഷേപം 35,917.31 കോടി രൂപയാണ്. കൈകാര്യം ചെയ്യുന്ന മൊത്തം ആസ്തികളുടെ 0.975 ശതമാനം മാത്രമാണ് ഈ നിക്ഷേപങ്ങളെന്നും എല്‍ഐസി വ്യക്തമാക്കി. ഏകദേശം 41.66 ലക്ഷം കോടി രൂപയുടെ ആസ്തിയാണ് എല്‍ഐസി കൈകാര്യം ചെയ്യുന്നത്.
ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ടിനെ തുടര്‍ന്ന് ഇന്നും അദാനി ഓഹരികള്‍ ഇടിയുകയാണ്. ഇന്ന് ഇതുവരെ അദാനി കമ്പനികളുടെ വിപണി മൂല്യം ഒരു ലക്ഷം കോടിയോളമാണ് ഇടിഞ്ഞത്. മൂന്ന് വ്യാപാര ദിനങ്ങളിലായി വിപണി മൂല്യത്തില്‍ അദാനി നേരിട്ടത് 5.17 ലക്ഷം കോടി രൂപയുടെ നഷ്ടമാണ്.
നിലവില്‍ അദാനി കമ്പനികളില്‍ എസിസി സിമന്റ്‌സ്, അംബുജ സിമന്റ്‌സ്, അദാനി എന്റര്‍പ്രൈസസ് എന്നിവയുടെ ഓഹരികളില്‍ മാത്രമാണ് നേരിയ ലാഭത്തില്‍ വ്യാപാരം നടക്കുന്നത്. ഈ ഓഹരികളും ചാഞ്ചാട്ടത്തിലാണ്. ഗ്രൂപ്പിന് കീഴിലുള്ള മറ്റെല്ലാ കമ്പനികളും നഷ്ടത്തിലാണ് വ്യാപാരം.