Begin typing your search above and press return to search.
സെന്‍സെക്സും നിഫ്റ്റിയും തകര്‍ച്ചയില്‍, വലച്ച് യുദ്ധം, ഇടിഞ്ഞ് വിദേശ നിക്ഷേപം, സ്‌കൂബീഡേ ഗാര്‍മെന്റ്‌സിന് തിളക്കം
പശ്ചിമേഷ്യയിലെ യുദ്ധഭീതിയില്‍ ആഗോള വിപണികള്‍ക്കൊപ്പം ഇന്ത്യന്‍ വിപണിയും നഷ്ടത്തിലേക്ക് കൂപ്പു കുത്തി. വാരാന്ത്യമായ ഇന്ന് സെന്‍സെക്സ് 800 പോയിന്റ് (0.98 ശതമാനം) ഇടിഞ്ഞ് 81,688ലും നിഫ്റ്റി 200 പോയിന്റ് (0.79 ശതമാനം) ഇടിഞ്ഞ് 25,050ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.
ഇറാനെതിരെ ഇസ്രയേലിന്റെ പ്രത്യാക്രമണം ഉടനുണ്ടായേക്കാമെന്ന സൂചനകളാണ് വിപണിയെ ആശങ്കയിലാക്കുന്നത്. ഒപ്പം ഇന്ത്യന്‍ വിപണിയില്‍ നിന്ന് വിദേശ നിക്ഷേപകര്‍ പണം പിന്‍വലിച്ച് ഉയര്‍ന്ന മൂല്യമുള്ള ചൈനീസ് വിപണിയിലേക്ക് നിക്ഷേപിക്കുന്നതും തിരിച്ചടിയായി. 15,243.27 കോടി രൂപയുടെ ഓഹരികളാണ് ഇന്നലെ വിദേശ നിക്ഷേപ സ്ഥാപനങ്ങള്‍ വിറ്റഴിച്ചത്. മൂന്ന് ദിവസത്തിനിടെ വിറ്റഴിച്ചത് 30,614 കോടി രൂപയാണ്.
ഇന്ത്യന്‍ വിപണികളുടെ അടിസ്ഥാനം ശക്തമാണെന്നും സമ്പദ്വ്യവസ്ഥയില്‍ വളര്‍ച്ചയുണ്ടെന്നുമാണ് നിരീക്ഷകര്‍ ചൂണ്ടിക്കാണിക്കുന്നത്. ജി.ക്യു.ജി പാര്‍ട്ണേഴ്സിന്റെ മേധാവി രാജീവ് ജെയിനും ചൈനയില്‍ നിക്ഷേപിക്കുന്നതിന്റെ സുസ്ഥിരതയെ കുറിച്ച് ആശങ്ക ഉന്നയിച്ചിരുന്നു. ചൈനീസ് വിപണിയില്‍ നിന്ന് നിക്ഷേപകര്‍ ഇന്ത്യന്‍ വിപണിയിലേക്ക് തിരിച്ചെത്തുമെന്ന പ്രതീക്ഷയാണ് ഇത് നല്‍കുന്നത്.
ഇന്ന് നിക്ഷേപകരുടെ ആസ്തിയില്‍ ഏകദേശം 4.19 ലക്ഷം കോടി രൂപയുടെ ഇടിവുണ്ടായി. ബി.എസ്.ഇയിലെ ലിസ്റ്റഡ് കമ്പനികളുടെ വിപണി മൂല്യത്തില്‍ ഈ ആഴ്ചയില്‍ 16.87 ലക്ഷം കോടിയുടെ നഷ്ടമാണുണ്ടായത്.
സൂചികകള്‍ ചുവപ്പില്‍
വിവിധ സൂചികകളുടെ പ്രകടനം വാരാന്ത്യത്തില്‍ നിരാശ പകരുന്നതായി. ഐ.ടി, പൊതുമേഖ ബാങ്ക് സൂചികകള്‍ മാത്രമാണ് നേട്ടത്തില്‍ ക്ലോസ് ചെയ്തത്. ഇന്നലെ എല്ലാ സൂചികകളും ചുവപ്പണിഞ്ഞെങ്കില്‍ ഇന്ന് രണ്ടെണ്ണമെങ്കിലും പച്ചപ്പിലേക്ക് തിരിച്ചെത്തി. എണ്ണവില കുതിച്ചുയര്‍ന്നത് ഓയില്‍ ആന്‍ഡ് ഗ്യാസ സൂചികയെ സമ്മര്‍ദത്തിലാക്കി. 1.06 ശതമാനം ഇടിഞ്ഞാണ് വെള്ളിയാഴ്ച്ച അവസാനിപ്പിച്ചത്. മിഡ്ക്യാപ് സൂചിക 0.93 ശതമാനവും സ്‌മോള്‍ക്യാപില്‍ 1.02 ശതമാനവും ഇടിഞ്ഞു.
നേട്ടത്തില്‍ ഓയില്‍ ഇന്ത്യ
രാജ്യാന്തര വിപണിയില്‍ ക്രൂഡ്ഓയില്‍ വില കുതിച്ചുയരുന്ന ഘട്ടത്തില്‍ ഓയില്‍ ഇന്ത്യ ഓഹരികള്‍ വലിയ നേട്ടത്തില്‍ വാരം അവസാനിപ്പിച്ചു. 5.05 ശതമാനം ഉയര്‍ന്നാണ് ഓയില്‍ ഇന്ത്യ വ്യാപാരം അവസാനിപ്പിച്ചത്. ബോംബെ സ്‌റ്റോക്ക് എക്‌സ്‌ചേഞ്ച് 4.08 ശതമാനവും സുന്ദരം ഫിനാന്‍സ് 2.85 ശതമാനവും നേട്ടം കൊയ്തു. തുടര്‍ച്ചയായ രണ്ടാംദിവസമാണ് ബി.എസ്.ഇ ലിമിറ്റഡിന്റെ ഓഹരികള്‍ പറക്കുന്നത്.
മഹീന്ദ്രയ്ക്ക് വീഴ്ച്ച
മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര ഫിനാന്‍സ് ഓഹരികള്‍ ഇന്ന് വലിയ നഷ്ടത്തിലാണ് ക്ലോസ് ചെയ്തത്. ഒരുഘട്ടത്തില്‍ ഏഴു ശതമാനത്തോളം ഇടിഞ്ഞ ഓഹരികള്‍ 6.56 ശതമാനം താഴ്ച്ചയിലാണ് വ്യാപാരം അവസാനിപ്പിച്ചത്. കമ്പനിയുടെ രണ്ടാപാദ ഫലം പുറത്തുവിട്ടതും വിപണിയെ സ്വാധീനിച്ചു. വായ്പ വിതരണം മുന്‍ വര്‍ഷത്തെ സമാനപാദത്തേക്കാള്‍ ഒരു ശതമാനത്തോളം ഇടിഞ്ഞുവെന്ന റിപ്പോര്‍ട്ടുകളാണ് വിപണിയെ സ്വാധീനിച്ചത്. ഗോദ്റെജ് പ്രോപ്പര്‍ട്ടീസ് ലിമിറ്റഡ് ഓഹരികളും ഇന്ന് മോശം പ്രകടനമാണ് നടത്തിയത്. 5.56 ശതമാനം ഇടിഞ്ഞാണ് ഒക്ടോബറിലെ ആദ്യ വാരാന്ത്യം അവസാനിപ്പിച്ചത്.
കേരള കമ്പനികളുടെ പ്രകടനം
കേരള ഓഹരികളില്‍ കൂടുതല്‍ ഓഹരികളും നഷ്ടത്തിലാണ് ക്ലോസ് ചെയ്തത്. ബാങ്കിംഗ് ഓഹരികളില്‍ സി.എസ്.ബി ബാങ്ക് (0.46), ഫെഡറല്‍ ബാങ്ക് (0.09) ഓഹരികള്‍ ഉയര്‍ന്ന് വ്യാപാരം അവസാനിപ്പിച്ചു. എന്നാല്‍ സൗത്ത് ഇന്ത്യന്‍ ബാങ്ക് ഓഹരികള്‍ 1.03 ശതമാനത്തോളം ഇടിഞ്ഞു. ഗൂഗ്ള്‍ പേയുമായുള്ള സഹകരണം പ്രഖ്യാപിച്ചത് മുത്തൂറ്റ് ഫിനാന്‍സ് ഓഹരികളെ കാര്യമായി സഹായിച്ചില്ല.
ഇന്ന് 1.29 ശതമാനത്തോളം ഇടിഞ്ഞാണ് മുത്തൂറ്റ് ഓഹരികള്‍ വ്യാപാരം അവസാനിപ്പിച്ചത്. മുത്തൂറ്റ് ക്യാപിറ്റല്‍ സര്‍വീസസ് 2.28 ശതമാനവും മുത്തൂറ്റ് മൈക്രോഫിന്‍ 1.65 ശതമാനവും താഴ്ന്നു. മറ്റൊരു എന്‍.ബി.എഫ്.സി ഓഹരിയായ മണപ്പുറം ഫിനാന്‍സിനും ഇന്ന് ക്ഷീണമായിരുന്നു. 1.12 ശതമാനം ഇടിഞ്ഞാണ് മണപ്പുറം ഓഹരികള്‍ അവസാനിപ്പിച്ചത്.
അതേസമയം, ഇസാഫ് സ്‌മോള്‍ ഫിനാന്‍സ് ബാങ്ക് ഓഹരി 4.16 ശതമാനം ഉയര്‍ന്ന് മികച്ച പ്രകടനം കാഴ്ച്ചവച്ചു. പോപ്പീസ് കെയര്‍ ഓഹരികളും 4.98 ശതമാനം നേട്ടത്തോടെ മിന്നും പ്രകടനമായിരുന്നു നടത്തിയത്. പുതുവര്‍ഷം മുന്നില്‍ കണ്ടുള്ള കൂടുതല്‍ ഓര്‍ഡറുകള്‍ ലഭിച്ചത് സ്‌കൂബീഡേ ഗാര്‍മെന്റ് ഓഹരികളിലേക്ക് നിക്ഷേപകരുടെ കണ്ണെത്തിച്ചു. 6.61 ശതമാനമാണ് ഇന്ന് ഈ ഓഹരി ഉയര്‍ന്നത്.
Next Story
Videos