വിപണിയില്‍ കരടി വിളയാട്ടം, എല്ലാവരും വീണപ്പോള്‍ അദാനി കമ്പനികള്‍ക്ക് ആശ്വാസം; പോറലേല്‍ക്കാതെ ഷിപ്‌യാര്‍ഡ്

സെന്‍സെക്സും നിഫ്റ്റിയും ഇന്ന് കരടികളുടെ ആക്രമണത്തില്‍ നിലംപരിശായി. സെന്‍സെക്‌സ് 1,190.34 പോയിന്റ് ഇടിഞ്ഞ് 79,043.74ല്‍ ക്ലോസ് ചെയ്തു. നിഫ്റ്റി 360.75 പോയിന്റ് താഴ്ന്ന് 23,914.15ലും വ്യാപാരം അവസാനിപ്പിച്ചു. സെന്‍സെക്‌സില്‍ ഇന്നത്തെ ഇടിവ് 1.48 ശതമാനവും നിഫ്റ്റിയില്‍ 1.49 ശതമാനവുമാണ്.
ഐ.ടി ഓഹരികള്‍ ദുര്‍ബലമായതും മികച്ച ജി.ഡി.പി കണക്കുകളുടെയും മറ്റും പശ്ചാത്തലത്തില്‍ അമേരിക്ക ഉടന്‍ പലിശ നിരക്ക് കുറയ്ക്കില്ലെന്ന ആശങ്കളുമാണ് വിപണിയെ ബാധിച്ചത്. ഡോളര്‍ കരുത്താര്‍ജിക്കുന്നത് മറ്റ് വിപണികളേക്ക് പണമൊഴുക്കുന്നതില്‍ നിന്ന് വന്‍കിടെ നിക്ഷേപകരെ തടയുന്നുണ്ട്.

സൂചികകളുടെ പ്രകടനം

ട്രംപിന്റെ നയങ്ങള്‍ ആഗോള വ്യാപാര മേഖലയെ, പ്രത്യേകിച്ച് ചൈനയുമായുള്ള വ്യാപാരത്തെ എങ്ങനെ ബാധിക്കുമെന്ന് കൃത്യമായ ചിത്രം ലഭിക്കാന്‍ വിദേശ നിക്ഷേപകര്‍ കാത്തിരിക്കുന്നതും വിപണിയെ ബാധിക്കുന്നുണ്ട്. അദാനി ഓഹരികള്‍ വിപണിക്ക് സപ്പോര്‍ട്ട് നല്‍കിയെങ്കിലും റിലയന്‍സും എച്ച്.ഡി.എഫ്.സി ബാങ്കും അടക്കമുള്ള വമ്പന്‍മാരും വിപണിയെ പിന്നോട്ടു വലിച്ചു.

സൂചികയില്‍ റെഡ്

കഴിഞ്ഞ ദിവസം നേട്ടത്തിലായിരുന്ന ഒട്ടുമിക്ക മേഖലകളും ഇന്ന് ചുവപ്പില്‍ വ്യാപാരം അവസാനിപ്പിക്കുന്നതിനാണ് വിപണി സാക്ഷ്യം വഹിച്ചത്. ഏറ്റവും കൂടുതല്‍ നഷ്ടം നേരിട്ടത് ഐ.ടി സൂചികയാണ്. കഴിഞ്ഞ ദിവസം നഷ്ടത്തിലായിരുന്നെങ്കിലും ഇന്ന് 2.39 ശതമാനം ഇടിഞ്ഞാണ് ഐ.ടി സെക്ടര്‍ അവസാനിപ്പിച്ചത്. മീഡിയ, പൊതുമേഖല ബാങ്കുകള്‍, റിയാലിറ്റി സൂചികകള്‍ ഇന്ന് ചെറുതെങ്കിലും പച്ചയില്‍ തൊട്ടാണ് ദിവസം അവസാനിപ്പിച്ചത്.

നേട്ടം കൊയ്തവര്‍

കരുത്തറിയിച്ച് അദാനി ഓഹരികള്‍

ഇന്ന് നേട്ടം കൊയ്തവരില്‍ മുന്നില്‍ അദാനി കമ്പനികളാണ്. ടോപ് ഫൈവിലുള്ള ഓഹരികളില്‍ നാലും അദാനി കമ്പനികളുടേതാണ്. അദാനി ടോട്ടല്‍ ഗ്യാസ് 14.82 ശതമാനമാണ് ഉയര്‍ന്നത്. അദാനി ഗ്രീന്‍ എനര്‍ജി 10 ശതമാനം നേട്ടം കൊയ്തപ്പോള്‍ അദാനി എനര്‍ജി സൊല്യൂഷന്‍സ് (10), അദാനി പവര്‍ (6.49) ഓഹരികളും ഗംഭീര പ്രകടനം നടത്തി. യു.എസിലെ കോഴക്കേസില്‍ ഇടിഞ്ഞ അദാനി കമ്പനികളുടെ ഓഹരികള്‍ അതേ രീതിയില്‍ തിരികെ കയറുന്നതിനാണ് വിപണി സാക്ഷ്യം വഹിക്കുന്നത്. മറ്റ് പ്രധാന ഓഹരികളെല്ലാം താഴേക്ക് പോയപ്പോഴും അദാനിയുടെ തിരിച്ചുവരവ് വിപണിക്ക് ആശ്വാസമായി.

നഷ്ടം നേരിട്ടവര്‍

ഇന്‍ഷുറന്‍സ് ഓഹരികള്‍ക്ക് ഇടിവ്

ലൈഫ് ഇന്‍ഷുറന്‍സ് ഓഹരികള്‍ക്ക് ഇന്ന് വലിയ തിരിച്ചടിയാണ് നേരിട്ടത്. എസ്.ബി.ഐ ലൈഫ് ഇന്‍ഷുറന്‍സ് 5.41 ശതമാനം ഇടിഞ്ഞപ്പോള്‍ എച്ച്ഡിഎഫ്‌സി ലൈഫ് ഇന്‍ഷുറന്‍സ് 3.74 ശതമാനം താഴ്ന്നു. ബാങ്കുകള്‍ വഴിയുള്ള ഇന്‍ഷുറന്‍സ് ബിസിനസില്‍ നിയന്ത്രണം കൊണ്ടുവന്നേക്കുമെന്ന ഇന്‍ഷുറന്‍സ് റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ (ഐ.ആര്‍.ഡി.എ.ഐ) സൂചന നല്‍കിയതാണ് ഈ ഓഹരികളെ ബാധിച്ചത്. അതേസമയം, മണിപ്പാല്‍ സിഗ്ന ഹെല്‍ത്ത് ഇന്‍ഷുറന്‍സിന്റെ 50 ശതമാനം ഓഹരികള്‍ വാങ്ങാന്‍ പദ്ധതിയിടുന്നുവെന്ന വാര്‍ത്ത പുറത്തുവന്നത് ലൈഫ് ഇന്‍ഷുറന്‍സ് കോര്‍പറേഷന്‍ (എല്‍.ഐ.സി) ഓഹരികളെ 2.54 ശതമാനം ഉയര്‍ത്തി.

കേരള ഓഹരികളുടെ പ്രകടനം


കേരള ഓഹരികളില്‍ ഷിപ്പ്‌യാര്‍ഡ്

കൊച്ചിന്‍ കപ്പല്‍നിര്‍മാണശാലയുടെ ഓഹരികള്‍ കുറച്ചു ദിവസങ്ങളായി കാഴ്ചവയ്ക്കുന്ന മികവ് ഇന്നും തുടര്‍ന്നു. ഒരാഴ്ചയ്ക്കിടെ ഓഹരിവില 20 ശതമാനം ഉയര്‍ന്നിരുന്നു. ഇന്ന് 5.00 ശതമാനം ഉയര്‍ന്നാണ് ഷിപ്പ്‌യാര്‍ഡ് ഓഹരികള്‍ ക്ലോസ് ചെയ്തത്. കിറ്റെക്‌സ് ഗാര്‍മെന്റ്‌സ് ഇന്നലത്തെ നഷ്ടത്തില്‍ നിന്ന് കരകയറി 4.36 ശതമാനത്തോടെ വ്യാപാരം അവസാനിപ്പിച്ചു. മുത്തൂറ്റ് ഫിനാന്‍സ് ഓഹരികള്‍ നഷ്ടത്തിലായപ്പോള്‍ മണപ്പുറം ഫിനാന്‍സ് 1.37 ശതമാനം ഉയര്‍ന്നു.
Lijo MG
Lijo MG  

Sub-Editor

Related Articles
Next Story
Videos
Share it