'ഇത് പുതിയ ഇന്ത്യ, പുതിയ വിപണി: നേട്ടങ്ങള്‍ കാണാനിരിക്കുന്നതേയുള്ളൂ''

2018 ഫെബ്രുവരിയില്‍ തൊട്ടതെല്ലാം പൊന്നാക്കിയ പോര്‍ട്ട് ഫോളിയോ മാനേജരായിരുന്നു ഇക്വിറ്റി ഇന്റലിജന്‍സ് സ്ഥാപകനും പോര്‍ട്ട്‌ഫോളിയോ മാനേജരുമായ പൊറിഞ്ചു വെളിയത്ത്. 2019 ഫെബ്രുവരിയില്‍ സ്ഥിതി അതല്ല.

നിഫ്റ്റി 7.4 ശതമാനം നേട്ടമുണ്ടാക്കിയ കാലയളവില്‍ ഇക്വിറ്റി ഇന്റലിജന്‍സിന്റെ എന്‍എവി ഇടിഞ്ഞത് 30.7 ശതമാനം! സ്‌മോള്‍ കാപ് ഓഹരികള്‍ വിപണിയില്‍ നിലംപൊത്തിയപ്പോള്‍ പൊറിഞ്ചുവിന്റെയും ഇക്വിറ്റി ഇന്റലിജന്‍സിന്റെയും കൈപൊള്ളി.

എന്തുകൊണ്ട് ഇങ്ങനെ സംഭവിച്ചു? സ്‌മോള്‍ കാപ്പില്‍ നിന്ന് തിരിഞ്ഞു നടക്കുന്നുണ്ടോ? രാജ്യത്തെ ഓഹരി വിപണിയില്‍ വരാനിരിക്കുന്നതെന്ത്?

ധനം ബാങ്കിംഗ് ആന്‍ഡ് ഫിനാന്‍സ് സമിറ്റ് & അവാര്‍ഡ് നൈറ്റില്‍ ഫെഡറല്‍ ബാങ്ക് മുന്‍ ചെയര്‍മാന്‍ കെ.പി പത്മകുമാറിന്റെ നിശിതമായ ചോദ്യങ്ങള്‍ക്ക് പൊറിഞ്ചു വെളിയത്ത് നല്‍കിയ മറുപടി രാജ്യത്തിന്റെയും ഓഹരി വിപണിയുടെയും വരും കാല സാധ്യതകളെ കുറിച്ചുള്ള വേറിട്ട കാഴ്ചപ്പാടുകളുടേതായി. കെ.പി പത്മകുമാര്‍ - പൊറിഞ്ചു വെളിയത്ത് സംഭാഷണത്തിന്റെ പ്രസക്തഭാഗം

കെ.പി പത്മകുമാര്‍: ട്വിറ്ററില്‍ താങ്കളൊരു താരമാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആരാധകനാണ്. മോദിയുടെ നയങ്ങളെ വാനോളം പുകഴ്ത്തുന്നുണ്ട്. കടുത്ത വിമര്‍ശനം ഉയരുന്നവയെ പോലും താങ്കള്‍ പിന്തുണയ്ക്കുന്നുണ്ട്. താങ്കള്‍ പറയുന്ന മോദി ചെയ്ത നല്ല കാര്യങ്ങളും നേതൃമികവും വേണ്ട വിധത്തില്‍ പ്രതിഫലിക്കുന്നില്ലേ? അതാണോ വിമര്‍ശനങ്ങളുടെ കാരണം?

പൊറിഞ്ചു വെളിയത്ത്: കഴിഞ്ഞ വര്‍ഷം എന്റെ കൈയില്‍ പണം ഏറെയുണ്ടായി. തലയില്‍ മുടിയും കൂടുതലായിരുന്നു. ഇന്ന് അവ രണ്ടും കുറേയേറെ പോയി. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ശക്തമായ, ഘടനാപരമായ ചില നയതീരുമാനങ്ങള്‍ ദൂരവ്യാപകഫലങ്ങള്‍ സൃഷ്ടിക്കുന്നതാണ്. തീര്‍ച്ചയായും അവകൊണ്ട് ഹ്രസ്വകാലത്ത് പ്രശ്‌നങ്ങളുണ്ടായിട്ടുണ്ട്. ഇന്ന് രാജ്യത്തെ മാധ്യമങ്ങള്‍ പ്രധാനമായും രണ്ട് തട്ടിലാണ്. മോദി അനുകൂലിക്കുന്നവരും പ്രതികൂലിക്കുന്നവരും.

മോദി എടുത്ത പല നിശ്ചയദാര്‍ഢ്യത്തോടെയുള്ള തീരുമാനങ്ങളും രാഷ്ട്രീയപരമായി ആത്മഹത്യാപരമാണെങ്കില്‍ പോലും രാജ്യത്ത് ദൂരവ്യാപകമായി ഗുണം ചെയ്യും. ഇത് പുതിയ ഇന്ത്യയാണ്. പുതിയ ഓഹരി വിപണിയാണ്. ഹ്രസ്വകാലത്തേക്ക് കുഴപ്പങ്ങളുണ്ടായാലും ദീര്‍ഘകാലത്ത് ഇന്ത്യക്ക് ഗുണം ചെയ്യുന്ന കാര്യങ്ങളാണ് മോദി ചെയ്തത്. അടുത്ത തെരഞ്ഞെടുപ്പില്‍ നിലവിലുള്ള സര്‍ക്കാര്‍ കൂടുതല്‍ സീറ്റോടെ അധികാരത്തില്‍ വന്നാലും ഞാന്‍ അത്ഭുതപ്പെടില്ല.

കെ.പി പത്മകുമാര്‍: സ്‌മോള്‍ കാപ് ഓഹരികളില്‍ വന്‍ നിക്ഷേപമായിരുന്നു ഇക്വിറ്റി ഇന്റലിജന്‍സിന്റേത്. കഴിഞ്ഞ വര്‍ഷം ഈ രംഗത്ത് കാര്യമായി ഇടിവുമുണ്ടായി. ഭാവിയില്‍ എന്താണ് സ്ട്രാറ്റജി? എന്തുകൊണ്ടാണ് നിങ്ങളുടെ കൈ പൊള്ളിയത്?

പൊറിഞ്ചു വെളിയത്ത്: നിഫ്റ്റി 7.4 ശതമാനം നേട്ടമുണ്ടാക്കിയപ്പോള്‍ ഇക്വിറ്റി ഇന്റലിജന്‍സിന്റെ എന്‍ എ വിയില്‍ 30.7 ശതമാനം ഇടിവുണ്ടായ വര്‍ഷമാണ് കടന്നു
പോയത്. സ്‌മോള്‍ കാപ് ഓഹരി വിലയില്‍ 17-18 ശതമാനം ഇടിവാണുണ്ടായത്. ഞാന്‍ നേരത്തെ പറഞ്ഞല്ലോ അടിമുടി മാറ്റങ്ങളുടെ വര്‍ഷമായിരുന്നു ഇത്.

ജി എസ് ടി പോലെ ഇനിയൊരു തിരിച്ചുപോക്ക് അസാധ്യമായ വിധത്തിലുള്ള ഘടനാപരമായ മാറ്റങ്ങള്‍ക്ക് രാജ്യം സാക്ഷ്യം വഹിച്ചു. ഈ അടിമുടി മാറ്റങ്ങള്‍ ചെറുകിട, ഇടത്തരം ബിസിനസുകളെ ഉലച്ചു. പലതിന്റെയും അടിത്തറ ഇളകി. ഐബിസി, ജിഎസ്ടി പോലുള്ള വിപ്ലവകരമായ നീക്കങ്ങള്‍ രാജ്യത്തിന്റെ സാമ്പത്തിക പരിസ്ഥിതികളെ തന്നെ മാറ്റി മറച്ചു.

ഇന്ന് ഇവ ഏറെ പഴി കേള്‍ക്കുന്നുണ്ടെങ്കിലും അഞ്ചാറ് വര്‍ഷങ്ങള്‍ കഴിയുമ്പോള്‍ കഴിഞ്ഞ മൂന്നര നാല് വര്‍ഷമായി തുടരുന്ന ഘടനാപരമായ മാറ്റങ്ങള്‍ പ്രകീര്‍ത്തിക്കപ്പെടും. ഇന്ത്യയെ കാത്തിരിക്കുന്നത് വര്‍ഷങ്ങളോളം നീണ്ടുനില്‍ക്കുന്ന ബുള്‍ മാര്‍ക്കറ്റാണ്. നിക്ഷേപകര്‍ കണ്ണ് തുറന്നു നോക്കുക. മികച്ച കമ്പനികളില്‍ നിക്ഷേപം തുടരുക. നേട്ടങ്ങള്‍ വരാനിരിക്കുന്നതേയുള്ളൂ.

കെ.പി പത്മകുമാര്‍: കേന്ദ്രത്തിന്റെ ഇടക്കാല ബജറ്റില്‍ കര്‍ഷകര്‍, മധ്യവര്‍ഗ കുടുംബങ്ങള്‍, അസംഘടിത തൊഴിലാളികള്‍ തുടങ്ങി വിവിധ വിഭാഗക്കാര്‍ക്ക് പ്രത്യേകം ഊന്നല്‍ നല്‍കിയിരുന്നു. ഇത് ഇന്ത്യയുടെ ആഭ്യന്തര ഉപഭോഗത്തിന് കുതിപ്പേകുമോ?

പൊറിഞ്ചു വെളിയത്ത്: തീര്‍ച്ചയായും. ഇന്ത്യയിലെ സ്‌മോള്‍ കാപ്, മിഡ് കാപ് കമ്പനികളുടെ തിരിച്ചുവരവിനു കൂടി ഇത് കളമൊരുക്കും. രാജ്യത്തെ ഉപഭോഗം വര്‍ധിക്കുന്നത് വിപണിക്ക് നേട്ടമാകും.

രാജ്യത്ത് ഏതാണ്ട് 5000 ത്തോളം ലിസ്റ്റഡ് കമ്പനികളുണ്ട്. അതില്‍ സജീവമായി ട്രേഡിംഗ് നടക്കുന്നത് ഏകദേശം 1500 എണ്ണത്തിലാണ്. ഇതില്‍ തന്നെ 800-1000 കമ്പനികള്‍ നിക്ഷേപ യോഗ്യമാണ്. രാജ്യത്ത് ഉപഭോഗം വര്‍ധിക്കുന്നതോടെ സ്‌മോള്‍, മിഡ് കാപ് കമ്പനികളുടെ ഓഹരികളില്‍ ബുള്‍ റണ്‍ ദൃശ്യമാകും.

കെ.പി പത്മകുമാര്‍: എന്നിരുന്നാലും ഓഹരി വിപണിയില്‍ രക്തം ചീന്തിയ നാളുകളാണ് അടുത്തിടെയുണ്ടായത്. വിദേശ നിക്ഷേപക സ്ഥാപനങ്ങള്‍ പിന്‍വലിഞ്ഞു. ഇതിനെ എങ്ങനെ കാണുന്നു?

പൊറിഞ്ചു വെളിയത്ത്: ഫോര്‍മലൈസ്ഡ് ഇക്കോണമിയിലേക്കുള്ള ഇന്ത്യയുടെ മാറ്റത്തിനാണ് നാം സാക്ഷ്യം വഹിച്ചത്. അത്തരമൊരു മാറ്റം നടക്കുമ്പോള്‍ പല ചലനങ്ങളും പല രംഗത്തുമുണ്ടാകും. ഓഹരി വിപണിയിലെ പല കമ്പനികള്‍ക്കും വലിയ തിരിച്ചടികളുണ്ടായി. അപ്രതീക്ഷിതമായിരുന്നു പല കാര്യങ്ങളും. അതിന്റെ ഒക്കെ ബാക്കിപത്രമാണ് വിപണിയില്‍ കണ്ടത്.

കെ.പി പത്മകുമാര്‍: ഒരു വ്യക്തി മൊത്തം നടത്തുന്ന നിക്ഷേപത്തിന്റെ എത്ര ശതമാനം ഓഹരിയില്‍ നിക്ഷേപിക്കണം?

പൊറിഞ്ചു വെളിയത്ത്: അത് ഓരോരുത്തരുടെയും പ്രായം, റിസ്‌കെടുക്കാനുള്ള കഴിവ്, സാമ്പത്തിക സ്ഥിതി എന്നിവയെ എല്ലാം ആശ്രയിച്ചിരിക്കുന്നു. എന്റെ നിക്ഷേപം 100 ശതമാനവും ഓഹരിയിലാണ്. ഗോള്‍ഡില്‍ നിക്ഷേപിക്കില്ല. കുറച്ച് തുക ബാങ്കിലിട്ടാലും കുഴപ്പമില്ല.

കെ.പി പത്മകുമാര്‍: ഇന്ത്യയുടെ വളര്‍ച്ചാ നിരക്കിനെ കുറിച്ചുള്ള കണക്കുകൂട്ടലുകള്‍ എന്താണ്?

പൊറിഞ്ചു വെളിയത്ത്: നേരത്തെ സൂചിപ്പിച്ചതു പോലെ ഇന്ത്യ ഘടനാപരമായി മാറി കഴിഞ്ഞു. രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥ ഫോര്‍മലൈസ്ഡായി. ഏത് സര്‍ക്കാര്‍ വന്നാലും ആര് ഭരിച്ചാലും എട്ട് ശതമാനത്തിലധികം വളര്‍ച്ച രേഖപ്പെടുത്താവുന്ന വിധത്തിലായി രാജ്യം. ഇരട്ടയക്ക വളര്‍ച്ച രാജ്യം നേടിയാലും അത്ഭുതം വേണ്ട.

ആഗോളതലത്തിലെ വെല്ലുവിളികള്‍ പലതും ശേഷിക്കുന്നുണ്ടെന്നതും യാഥാര്‍ത്ഥ്യമാണ്. പക്ഷേ ഇന്ത്യന്‍ ഇക്കോണമി ചലനാത്മകമാണ്. ഇതുവരെ കാണാത്ത വിധത്തിലുള്ളതാണ്.

സംഭാഷണത്തിന്റെ അവസാനഘട്ടത്തില്‍ ചോദ്യ കര്‍ത്താവ് പൊറിഞ്ചു വെളിയത്തായി.

പൊറിഞ്ചു വെളിയത്ത്: താങ്കള്‍ മികച്ചൊരു ബാങ്കിംഗ് പ്രൊഫഷണലാണ്. ഇന്ത്യന്‍ ബാങ്കിഗ് രംഗത്തെ കുറിച്ചുള്ള താങ്കളുടെ വിശകലനമെന്താണ്?

കെ.പി പത്മകുമാര്‍: എന്‍പിഎ ഇന്ത്യന്‍ ബാങ്കുകളുടെ തലവേദനയാണ്. അതിനെ മറകടക്കാന്‍ കര്‍ശന നിലപാടുകളാണ് സ്വീകരിക്കുന്നത്. 11 ബാങ്കുകളാണ് പിസിഎയ്ക്ക് വിധേയമായിരിക്കുന്നത്. ഇവയ്ക്ക് വായ്പ നല്‍കാന്‍ സാധിക്കില്ല. എന്‍പിഎയെ വരുതിയിലാക്കി വരുകയാണ്.

ഇപ്പോള്‍ ബാങ്കുകള്‍ റീറ്റെയ്ല്‍ ബാങ്കിംഗിലാണ് ശ്രദ്ധിക്കുന്നത്. പക്ഷേ കോര്‍പ്പറേറ്റ് ലെന്‍ഡിംഗില്‍ വലിയ സാധ്യതയുണ്ട്. കോര്‍പ്പറേറ്റ് ലെന്‍ഡിംഗിന് വലിയ ബാങ്കുകള്‍ വേണം. അതുകൊണ്ട് കോര്‍പ്പറേറ്റുകള്‍ ചെറു ബാങ്കുകളേക്കാള്‍ വലിയ ബാങ്കുകളെയാണ് ആഗ്രഹിക്കുന്നത്. ചെറുബാങ്കുകള്‍ ലയിച്ച് വലിയ ബാങ്ക് സൃഷ്ടിക്കപ്പെടുന്ന കാലവും വിദൂരമല്ല.

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it