വീണ്ടും തകർച്ച; വിദേശ സൂചനകൾ നെഗറ്റീവ്; പലിശവർധന മാന്ദ്യം ഉണ്ടാക്കുമെന്ന് ആശങ്ക

വിപണികൾ വീണ്ടും തകർച്ചയിൽ. കേന്ദ്ര ബാങ്കുകളെ അവർ വിശ്വസിക്കുന്നില്ല. ഇന്നലെ അമേരിക്കൻ വിപണി മൂന്നു മുതൽ അഞ്ചു വരെ ശതമാനം ഇടിഞ്ഞു. ഇന്ന് അതിൻ്റെ പ്രത്യാഘാതം ഇന്ത്യൻ വിപണിയിലും ഉണ്ടാകും.

ബുധനാഴ്ചത്തെ ഫെഡ് പ്രഖ്യാപനവും ചെയർമാൻ ജെറോം പവലിൻ്റെ വിശദീകരണവും വിപണിയെ പെട്ടെന്നു സന്തോഷിപ്പിച്ചു. രണ്ടു തവണ അര ശതമാനം വീതം പലിശവർധന വിപണിയുടെ കണക്കുകൂട്ടലുകൾക്കു നിരക്കുന്നതായി . 0.75 ശതമാനം പോലുള്ള വലിയ വർധന വേണ്ടെന്നത് ആശ്വാസകരമായി. വിപണി ആവശത്തോടെ കയറി.

കൂടുതൽ ആഴത്തിൽ വിശകലനം ചെയ്തപ്പോൾ വിപണി കണ്ടെത്തിയത് മറ്റൊന്നാണ്. പവൽ കരുതിയതു പോലെ മെരുങ്ങുന്നതല്ല വിലക്കയറ്റം. ഉദ്ദേശിക്കുന്ന പലിശവർധന ഇന്ധന-ഭക്ഷ്യ-ഉൽപന്ന വിലകളെ പിടിച്ചു നിർത്തില്ല. അതിനാൽ കടുത്ത പലിശവർധനയ്ക്ക് ഫെഡ് നിർബന്ധിതമാകും. അത് മാന്ദ്യത്തിലേക്കു നയിക്കും.

ഇന്നലെ യുഎസ് വിപണികളെ വലിച്ചു താഴ്ത്തിയത് ഈ ആശങ്കയാണ്. ഡൗ ജോൺസ് സൂചിക 3.12 ശതമാനവും നാസ്ഡാക് 4.99 ശതമാനവും ഇടിഞ്ഞു. നാസ്ഡാക് ഒരു വർഷത്തെ ഏറ്റവും താഴ്ന്ന നിലയിൽ എത്തിയ ശേഷം അൽപ്പം ഉയർന്നാണു ക്ലോസ് ചെയ്തത്.

ഇന്നു രാവിലെ യുഎസ് ഫ്യൂച്ചേഴ്സ് നേരിയ താഴ്ചയിലാണ്. ലാറ്റിനമേരിക്കൻ വിപണികളും വലിയ നഷ്ടത്തിലായി. ഓസ്ട്രേലിയൻ വിപണി തുടങ്ങിയതു രണ്ടു ശതമാനം താഴ്ചയോടെയാണ്.

ജപ്പാനിൽ നീണ്ട അവധിക്കു ശേഷം വ്യാപാരം തുടങ്ങിയപ്പോൾ മുഖ്യസൂചിക ഒരു ശതമാനം ഇടിഞ്ഞു. മറ്റ് ഏഷ്യൻ രാജ്യങ്ങളും ഇടിവിലാണ്.

സിംഗപ്പുർ എക്സ്ചേഞ്ചിലെ ഡെറിവേറ്റീവ് വിപണിയിൽ എസ്ജിഎക്സ് നിഫ്റ്റി ഇന്നലെ 16,485-ലേക്കു താഴ്ന്നു. ഇന്നു രാവിലെ വീണ്ടും താണ് 16,432 ലെത്തി. ഇന്ത്യൻ വിപണി വലിയ ഇടിവോടെ തുടങ്ങും എന്നാണ് ഇതിലെ സൂചന.

വ്യാഴാഴ്ച ഇന്ത്യൻ വിപണി വലിയ ആവേശത്തിലാണു വ്യാപാരം തുടങ്ങിയത്. അവസാന മണിക്കൂറിലാണ് ആവേശം ചോർന്ന് വിപണി നഷ്ടത്തിലേക്കു വീണത്. എങ്കിലും ക്ലോസിംഗിൽ നാമമാത്ര നേട്ടം കാണിക്കാൻ സാധിച്ചു.

സെൻസെക്സ് 33.2 പോയിൻ്റ് (0.06%) കയറി 55,702.23 ലും നിഫ്റ്റി 5.05 പോയിൻ്റ് (0.03%) കയറി 16,682.65ലും ക്ലോസ് ചെയ്തു. ഐടി, മെറ്റൽ, ഓട്ടോ മേഖലകൾ മാത്രമേ നേട്ടത്തിൽ ക്ലാേസ് ചെയ്തുള്ളു.

വിദേശ നിക്ഷേപകർ ഇന്നലെ ക്യാഷ് വിപണിയിൽ 2074.74 കോടി രൂപയുടെ ഓഹരികൾ വിറ്റു. സ്വദേശി ഫണ്ടുകൾ 2229. 31 കോടിയുടെ ഓഹരികൾ വാങ്ങി.

വിപണി ബെയറിഷ് ആണ്. നിഫ്റ്റി 16,600-നു താഴേക്കു നീങ്ങിയാൽ 16,200 വരെ താഴാൻ ഇടയുണ്ടെന്നാണു സാങ്കേതിക വിശകലന വിദഗ്ധർ പറയുന്നത്. 16,575ലും 16,465ലും നിഫ്റ്റിക്കു സപ്പോർട്ട് ഉണ്ട്. ഉയർച്ചയിൽ 16,865 ഉം 17,055 - ഉം തടസങ്ങളാകും.

ക്രൂഡ് അൽപം താണു

ക്രൂഡ് ഓയിൽ വില ഇന്നലെ 113 ഡാേളറിനു മുകളിൽ എത്തിയിട്ടു 111 ഡോളറിലേക്കു താണു. ഒപെക് പ്ലസ് മുന്നേ നിശ്ചയിച്ചിരുന്ന നിരക്കിൽ മാത്രം ജൂണിൽ ക്രൂഡ് ഉൽപാദനം വർധിപ്പിച്ചാൽ മതി എന്നു തീരുമാനിച്ചു. ഇതു പ്രതീക്ഷിച്ചതായതിനാൽ വിപണിയിൽ ചലനങ്ങൾ ഉണ്ടാക്കിയില്ല.

പ്രകൃതിവാതക വില 8.85 ഡോളറിലേക്കു കയറി. ഇന്ത്യ വൈദ്യുതി ഉൽപാദനത്തിന് എൽഎൻജി ഇറക്കുമതി ചെയ്യാൻ ശ്രമിക്കുന്നതു വാതകവില ഉയരുന്നതിൽ ഘടകമായി.

വ്യാവസായിക ലോഹങ്ങൾ ചെറിയ കയറ്റിറക്കങ്ങളോടെ തുടരുന്നു. ചെമ്പ് ലഭ്യത തടസപ്പെടുമെന്ന സംസാരത്തിൽ ടണ്ണിന് 9540 ഡോളറിലേക്കു കയറി. അലൂമിനിയം 2903 ഡോളറിലേക്കു താണു. ഇരുമ്പയിര് വില ഒന്നര ശതമാനം ഉയർന്ന് 145 ഡോളറിലെത്തി.

സ്വർണം താഴോട്ട്

സ്വർണത്തിൽ വലിയ ചാഞ്ചാട്ടമാണ്. പലിശ നിരക്ക്, പണലഭ്യത, സാമ്പത്തിക വളർച്ച തുടങ്ങിയ ഘടകങ്ങൾ സംബന്ധിച്ച കാഴ്ചപ്പാട് മാറി മാറി വരുന്നതാണു കാരണം.

ഇന്നലെ 1911 ഡോളർ വരെ കയറിയ ശേഷം 1872 ഡാേളറിലേക്കു സ്വർണം വീണു. ഇന്നു രാവിലെ 1866-1868 ഡോളറിലാണു വ്യാപാരം. കേരളത്തിൽ ഇന്നലെ പവനു 320 രൂപ വർധിച്ചു. ഇന്നു വില കുറയാനാണു സാധ്യത.

ഡോളർ സൂചിക ഇന്നലെ 103.55 ലേക്കു കയറി. ഇതു രൂപയുടെ നിരക്കു മാറാൻ ഇടയാക്കും. ഇന്നലെ ഡോളർ 76.36 രൂപയിലാണു ക്ലോസ് ചെയ്തത്.

ഫ്രീഡ്മാൻ പറഞ്ഞത്

ഫെഡറൽ റിസർവും ബാങ്ക് ഓഫ് ഇംഗ്ലണ്ടും റിസർവ് ബാങ്ക് ഓഫ് ഇന്ത്യയും അടക്കം കേന്ദ്ര ബാങ്കുകൾ ഇപ്പോൾ പലിശ നിരക്ക് ഉയർത്തുന്ന യത്നത്തിലാണ്. പലിശ കൂട്ടി വിലക്കയറ്റവും നാണ്യപ്പെരുപ്പവും കുറയ്ക്കുക എന്നതാണു ലക്ഷ്യം. ഇതു ലക്ഷ്യം കാണുകയില്ലെന്ന് ചില ധനശാസ്ത്ര വിദഗ്ധർ പറയുന്നുണ്ടെങ്കിലും ആസ്ഥാനചിന്ത മറിച്ചാണ്.

പണപ്പെരുപ്പം എന്നും എവിടെയും പണപ്രതിഭാസമാണെന്നും കൂടുതൽ പണം വിപണിയിൽ എത്തുമ്പോഴാണ് ഇതുണ്ടാകുന്നതെന്നും ഉള്ള മിൽട്ടൺ ഫ്രീഡ്മാൻ്റെ വിഖ്യാത നിർവചനമാണ് ധന ശാസ്ത്രം ഇതിന് ആധാരമാക്കുന്നത്. പല തുടർ ഗവേഷണങ്ങളും ഇതിനെ ശരിവയ്ക്കുന്നു.

ലണ്ടൻ സ്കൂൾ ഓഫ് ഇക്കണോമിക്സ് പോൾ ഡി ഗ്രാേവെയും മാഗ്ദലേന പോളാനും 2005-ൽ 160 രാജ്യങ്ങളിലെ 30 വർഷത്തെ കണക്കു പരിശോധിച്ച ഗവേഷണത്തിലെ നിഗമനം ശ്രദ്ധേയമാണ്.

ഉയർന്നതോ നിയന്ത്രണമില്ലാത്തതാേ ആയ വിലക്കയറ്റങ്ങൾക്കെല്ലാം പിന്നിൽ അമിതമായ പണലഭ്യത നിർണായകമായിരുന്നു. എന്നാൽ മിതമായ (വർഷം 10 ശതമാനത്തിൽ താഴെ) വിലക്കയറ്റം ഉള്ളിടത്ത് ഈ സ്വാധീനം അത്ര ശക്തമല്ല. എന്തായാലും ഫ്രീഡ്മാൻ പറഞ്ഞതിനെ നിരാകരിക്കാൻ തക്ക ഗവേഷണങ്ങൾ ഉണ്ടായിട്ടില്ല.

കേന്ദ്രബാങ്കുകൾ ചെയ്യുന്നത്

എന്നാൽ പണലഭ്യതയെ മുഖ്യമായും പലിശ നിരക്കിലേക്ക് ഒതുക്കാനാണ് കേന്ദ്ര ബാങ്കുകൾ ശ്രമിക്കുന്നത്. സമ്പദ്ഘടനയിൽ- പ്രത്യേകിച്ചും ബാങ്ക് മേഖലയിൽ - ഉള്ള പണലഭ്യത ആണു പ്രധാന പ്രശ്നം. അതു കുറയ്ക്കുന്നതിനു പ്രഥമ പരിഗണന നൽകിയാൽ കേന്ദ്ര ബാങ്കുകൾക്കു സാധാരണ ജനങ്ങളെ അധികം ബുദ്ധിമുട്ടിക്കാതെ ലക്ഷ്യം നേടാം. ആസ്തിവിലകൾ ഇടിയുന്നതാകും അതിൻ്റെ ആദ്യത്തെ ദൂഷ്യഫലം. എന്നാൽ തൊഴിലും വളർച്ചയും കുറയണമെന്നില്ല.

പലിശ കൂട്ടുമ്പോൾ കൂടുതൽ വിശാലമാണു ദൂഷ്യഫലങ്ങൾ. ഭവന-വാഹന - കൺസ്യൂമർ വായ്പകൾ എടുക്കുന്നവരെല്ലാം അധിക ബാധ്യത വഹിക്കണം. അത് വായ്പയെടുക്കൽ കുറയ്ക്കും, ഉപഭോഗം കുറയ്ക്കും, വിൽപന കുറയ്ക്കും. തൊഴിൽ കുറയും. വരുമാനം കുറയും. സ്വാഭാവികമായും മാന്ദ്യം വരും. ഇന്ത്യയടക്കമുള്ള രാജ്യങ്ങൾ ഈ ഒരു അവസ്ഥയാണു മുന്നിൽ കാണുന്നത്.

യുഎസ് ചരിത്രത്തിലെ വിലക്കയറ്റ പാഠം

ചരിത്രപാഠം അതാണ്. 1979- 82 കാലഘട്ടത്തിൽ ഇറാനിലെ വിപ്ലവം, ഇറാൻ - ഇറാഖ് യുദ്ധം തുടങ്ങിയ വിഷയങ്ങൾ ക്രൂഡ് ഓയിൽ വില വാനോളമുയർത്തി. തുടർച്ചയായി പൊതു വിലക്കയറ്റം കൂടി.

അമേരിക്കയിൽ 1980 ആദ്യം 22 ശതമാനമായി ചില്ലറ വിലക്കയറ്റം. ഫെഡ് പലിശ കുത്തനേ കൂട്ടി 20 ശതമാനത്തിലെത്തിച്ചു. ഫലം ജിഡിപി രണ്ടു ശതമാനം ചുരുങ്ങി, തൊഴിലില്ലായ്മ 7.8 ശതമാനമായി കുതിച്ചു. പലിശ നിരക്കു കുറച്ച ശേഷമാണു ജിഡിപി വളരാനാരംഭിച്ചത്. ആറു മാസം നീണ്ടുനിന്നു മാന്ദ്യം.

പിറ്റേ വർഷം വീണ്ടും എണ്ണ വില കുതിച്ചു.വിലക്കയറ്റം അതിലേറെ വേഗം കുതിച്ചു. രണ്ടു വർഷമെടുത്തു വിലക്കയറ്റം നാലു ശതമാനത്തിനടുത്തേക്കു താഴ്ത്താൽ. അതിനിടെ 16 മാസം രാജ്യം മാന്ദ്യത്തിലായി. ജിഡിപി മൂന്നു ശതമാനം ചുരുങ്ങി. തൊഴിലില്ലായ്മ 10.8 ശതമാനമായി.

വിലക്കയറ്റത്തിൻ്റെ വഴി

ഈ ചരിത്രം അവതരിപ്പിച്ചത് ബാഹ്യ കാരണങ്ങളാൽ ഉണ്ടാകുന്ന അമിത വിലക്കയറ്റം നിയന്ത്രിക്കാൻ പലിശ ആയുധമാക്കുന്നത് മിക്കപ്പോഴും ദുരിതവും മാന്ദ്യവുമാണ് ഉണ്ടാക്കുക എന്നു കാണിക്കാനാണ്. യുക്രെയ്ൻ യുദ്ധം മൂലം ഇന്ധനങ്ങൾക്കും ധാന്യങ്ങൾ, ഭക്ഷ്യ എണ്ണകൾ തുടങ്ങിയ ഭക്ഷ്യവസ്തുക്കൾക്കും വില കൂടി, ലഭ്യത കുറഞ്ഞു.

കോവിഡ് മൂലം ലോഹങ്ങളും ഇലക്ടോണിക് ഘടകങ്ങളും രാസവസ്തുക്കളും അടക്കമുള്ളവയുടെ ലഭ്യത കുറഞ്ഞു. ഉപരോധം ഇവയുടെ ലഭ്യത വീണ്ടും കുറച്ചു. ഇതെല്ലാമാണു വിലക്കയറ്റത്തിലേക്കു നയിച്ചത്. വിപണിയിൽ ഇഷ്ടം പോലെ പണമുള്ളത് ആസ്തിവിലകൾ (ഓഹരികൾ, കടപ്പത്രങ്ങൾ, സ്വർണം, ഭൂമി, കെട്ടിടങ്ങൾ തുടങ്ങിയവ) വർധിപ്പിച്ചു.


മാന്ദ്യത്തിൻ്റെ വഴി

ഈ സാഹചര്യം നേരിടാൻ പലിശ കൂട്ടുമ്പോൾ വില പെട്ടെന്നു താഴുകയില്ലെന്ന് 1980 കളിലെയും മറ്റും കാര്യങ്ങൾ പഠിപ്പിക്കുന്നു. പക്ഷേ പലിശ കൂട്ടലാണ് കേന്ദ്ര ബാങ്കുകൾ ആദ്യം ചെയ്യുന്നത്. അത് അനിവാര്യമായും ഉപഭോഗം കുറയ്ക്കും; ഡിമാൻഡ് കുറയും; ഉൽപാദനം കുറയ്ക്കേണ്ടി വരും. അതു മാന്ദ്യമാകും. അതു നേരത്തേ തന്നെ അറിയാവുന്നതായിരുന്നു. എങ്കിലും സാഹചര്യം ആസന്നമാകുമ്പോൾ ആശങ്ക കൂടും. അതാണ് ഇപ്പോൾ വിപണികളിൽ കാണുന്നത്.

This section is powered by Muthoot Finance
T C Mathew
T C Mathew  
Related Articles
Next Story
Videos
Share it