ഓഹരി വിപണിയിലെ തിരിച്ചടി; പുതിയ പദ്ധതികളൊന്നും അദാനി ഏറ്റെടുക്കില്ല
ഓഹരി വിപണിയിലെ അനിശ്ചിതത്വം അവസാനിക്കുന്നത് വരെ അദാനി ഗ്രൂപ്പ് പുതിയ പദ്ധതികളൊന്നും പ്രഖ്യാപില്ല. ഏറ്റെടുക്കലുകളിലൂടെ ബിസിനസ് വ്യാപിപ്പിക്കുന്ന രീതി താല്‍ക്കാലികമായി അവസാനിപ്പിക്കുകയാണ് അദാനി. ചീഫ് ഫിനാന്‍ഷ്യല്‍ ഓഫീസര്‍ (സിഎഫ്ഒ) ജുഗേഷിന്ദര്‍ സിംഗാണ് ഇക്കാര്യം അറിയിച്ചത്.
അതേ സമയം ഊര്‍ജ്ജം, ഡാറ്റ സെന്റര്‍, വിമാനത്താവളം, റോഡ്, ഉപഭോകതൃ ഉല്‍പ്പന്നം അടക്കമുള്ള മേഖലകളില്‍ കമ്പനി പ്രഖ്യാപിച്ച മൂലധന നിക്ഷേപങ്ങളില്‍ മാറ്റമുണ്ടാകില്ല. 16,700 കോടിയുടെ നവി മുംബൈ വിമാനത്താവളം, 17,000 കോടിയുടെ ഗംഗ എക്‌സ്പ്രസ്‌വേ തുടങ്ങിയ പദ്ധതികള്‍ കൃത്യസമയത്ത് പൂര്‍ത്തിയാക്കും.
ഡിബി പവറിനെ ഏറ്റെടുക്കാനായില്ല
ഡിബി പവര്‍ 7012 കോടി രൂപയ്ക്ക് ഏറ്റെടുക്കാനുള്ള അദാനി പവറിന്റെ നീക്കം പരാജയപ്പെട്ടു. കഴിഞ്ഞ ഒക്ടോബര്‍ 31-ന് ഇടപാട് ഏറ്റെടുക്കല്‍ പൂര്‍ത്തിയാക്കേണ്ടതായിരുന്നു. എന്നാല്‍ അതിന് സാധിച്ചില്ല. ഛത്തീസ്ഗഡിലെ ജാഞ്ച്ഗീറില്‍ 1200 മെഗാവാട്ടിന്റെ പവര്‍ പ്ലാന്റാണു ഡിബി പവറിന് ഉള്ളത്. പിന്മാറ്റം അദാനി പവറിന്റെ ഓഹരി വില ഉയര്‍ത്തിയിട്ടുണ്ട്.
അഞ്ചു സംസ്ഥാനങ്ങളിലായി 13.6 ജിഗാ വാട്ട് (ഒരു ജിഗാവാട്ട് ആയിരം മെഗാവാട്ട്) ശേഷിയുള്ള വൈദ്യുതി നിലയങ്ങള്‍ അദാനി പവറിന് ഉണ്ട്. സെപ്റ്റംബര്‍ 30ലെ കണക്കുകള്‍ അനുസരിച്ച് 36,031 കോടി രൂപ കടബാധ്യതയുള്ള കമ്പനിയാണ് അദാനി പവര്‍. ഹിന്‍ഡെന്‍ബര്‍ഗ് റിപ്പോര്‍ട്ട് പുറത്ത് വന്ന ശേഷം അദാനി ഗ്രൂപ്പിന് കീഴിലുള്ള കമ്പനികളുടെ വിപണി മൂല്യം പകുതിയോളമാണ് ഇടിഞ്ഞത്.
തുടക്കം നേട്ടത്തില്‍
ഇന്ന് അദാനി കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലാണ് വ്യാപാരം തുടങ്ങിയത്. നിലവില്‍ (10.30 AM) അദാനി ടോട്ടല്‍ ഗ്യാസിന്റെ ഓഹരികള്‍ മാത്രമാണ് ഇടിവില്‍. അദാനി എന്റര്‍പ്രൈസസിന്റെ ഓഹരികള്‍ 2 ശതമാനത്തിലധികം ഉയര്‍ന്നു. എന്‍ഡിടിവി ഉയര്‍ന്നത് 5 ശതമാനം ആണ്. അദാനി പവര്‍, അദാനി വില്‍മാര്‍ എന്നിവയും നാല് ശതമാനത്തിന് മുകളില്‍ ഉയര്‍ന്നു.