ഉത്പാദനം കുറയ്ക്കാന്‍ ഒപെക്; ക്രൂഡോയില്‍ വില ഉയരുന്നു

ലോകത്തിലെ ഏറ്റവും വലിയ കയറ്റുമതിക്കാരില്‍ പലരും ഉല്‍പ്പാദനം അപ്രതീക്ഷിതമായി വെട്ടിക്കുറച്ചതിന് പിന്നാലെ എണ്ണവില ഉയര്‍ന്നു. സൗദി അറേബ്യയും ഇറാഖും മറ്റ് പല ഗള്‍ഫ് രാജ്യങ്ങളും പ്രതിദിനം 10 ലക്ഷം ബാരല്‍ എണ്ണ ഉല്‍പ്പാദനം വെട്ടിക്കുറച്ചതായി അറിയിച്ചിരുന്നു. ഇതോടെ ബ്രെന്റ് ക്രൂഡ് ഓയിലിന്റെ വില അഞ്ച് ശതമാനത്തിലധികം കുതിച്ചുയര്‍ന്ന് ബാരലിന് 84 ഡോളറിന് മുകളിലായി.

സൗദി അറേബ്യ പ്രതിദിനം 5,00,000 ബാരലും ഇറാഖ് 2,11,000 ഉം ഉല്‍പ്പാദനം കുറയ്ക്കുന്നു. യുഎഇ, കുവൈറ്റ്, അള്‍ജീരിയ, ഒമാന്‍ എന്നീ രാജ്യങ്ങളും വെട്ടിക്കുറയ്ക്കുന്നുണ്ട്.പ്രതിദിനം അരലക്ഷം ബാരല്‍ വെട്ടിക്കുറയ്ക്കുന്നത് വര്‍ഷാവസാനം വരെ നീട്ടുമെന്നും റഷ്യ അറിയിച്ചു. ഒപെക് + എണ്ണ ഉല്‍പ്പാദകരിലെ അംഗങ്ങളാണ് ഉല്‍പാദനത്തില്‍ കുറവ് വരുത്തുന്നത്. ലോകത്തിലെ മൊത്തം അസംസ്‌കൃത എണ്ണ ഉല്‍പ്പാദനത്തിന്റെ 40 ശതമാനവും ഈ ഗ്രൂപ്പിന്റെ സംഭാവനയാണ്.

ഉചിതമായി കരുതുന്നില്ല

വിപണിയിലെ അനിശ്ചിതത്വം കണക്കിലെടുക്കുമ്പോള്‍ ഇപ്പോള്‍ ഉല്‍പ്പാദനം വെട്ടിക്കുറയ്ക്കുന്നത് ഉചിതമായി കരുതുന്നില്ലെന്ന് യുഎസ് നാഷണല്‍ സെക്യൂരിറ്റി കൗണ്‍സിലിന്റെ വക്താവ് പറഞ്ഞു. ഊര്‍ജ്ജ വില കുറയ്ക്കുന്നതിന് ഉല്‍പ്പാദനം വര്‍ധിപ്പിക്കാന്‍ നിര്‍മ്മാതാക്കളോട് യുഎസ് ആവശ്യപ്പെട്ടു. എണ്ണവില കുതിച്ചുയരുന്നത് പണപ്പെരുപ്പം കുറയ്ക്കാനുള്ള പോരാട്ടം കൂടുതല്‍ കഠിനമാക്കുമെന്ന് കെപിഎംജിയിലെ ചീഫ് ഇക്കണോമിസ്റ്റ് യേല്‍ സെല്‍ഫിന്‍ മുന്നറിയിപ്പ് നല്‍കി. എണ്ണവില ഉയരുന്നത് ഗതാഗതച്ചെലവിലാണ് ഏറ്റവും വലിയ ആഘാതമുണ്ടാകുന്നതെന്നും യേല്‍ സെല്‍ഫിന്‍ പറഞ്ഞു.

ഇന്ത്യയില്‍

ഇന്ത്യയില്‍ എണ്ണവില കുതിച്ചുയരുന്നതോടെ പണപ്പെരുപ്പത്തിന്റെ ആശങ്കയേറുന്നു. കഴിഞ്ഞ 15-16 മാസമായി സെന്‍ട്രല്‍ ബാങ്കിന്റെ 6 ശതമാനമെന്ന സഹനപരിധിക്ക് മുകളിലാണ് റീട്ടെയില്‍ പണപ്പെരുപ്പ നിരക്ക്. ഫെബ്രുവരിയില്‍ ഇന്ത്യയിലെ റീട്ടെയില്‍ പണപ്പെരുപ്പം 6.44 ശതമാനമായി ഉയര്‍ന്നു. വര്‍ധിച്ചുവരുന്ന തൊഴിലില്ലായ്മ നിരക്ക്, ടെക് മേഖലയ്ക്ക് അപ്പുറത്തേക്ക് പോകുന്ന പിരിച്ചുവിടലുകള്‍, വര്‍ധിച്ചുവരുന്ന വരുമാന അസമത്വം തുടങ്ങിയവയെല്ലാം സമ്പദ് വ്യവസ്ഥ മോശമാക്കുന്നു.

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it