ഓഹരി വിപണിയിലേക്ക് ഒരു ഡ്രഗ് നിര്‍മാതാക്കള്‍ കൂടി , സമാഹരിക്കുക 700-900 കോടി രൂപ

ഡ്രഗ് നിര്‍മാതാക്കളായ ഇന്നോവ ക്യാപ്റ്റാബ് (Innova Captab Ltd.) ഓഹരി വിപണിയിലേക്ക് ചുവടുവയ്ക്കാനൊരുങ്ങുന്നു. ഇതിനുമുന്നോടിയായി മാര്‍ക്കറ്റ് റെഗുലേറ്റര്‍ സെബിക്ക് (SEBI) മുമ്പാകെ ഡ്രാഫ്റ്റ് റെഡ് ഹെറിംഗ് പ്രോസ്പെക്റ്റസ് (ഡിആര്‍എച്ച്പി) കമ്പനി ഉടന്‍ സമര്‍പ്പിച്ചേക്കുമെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. പ്രാഥമിക ഓഹരി വില്‍പ്പനയിലൂടെ 900 കോടി രൂപ സമാഹരിക്കാനാണ് ഡ്രഗ് നിര്‍മാതാക്കള്‍ ലക്ഷ്യമിടുന്നത്. കരാര്‍ ഉല്‍പ്പാദനത്തിലും ജനറിക് ഫോര്‍മുലേഷനുകളുടെ നിര്‍മാണത്തിലും ഏര്‍പ്പെട്ടിരിക്കുന്ന കമ്പനി മുംബൈ ആസ്ഥാനമായാണ് പ്രവര്‍ത്തിക്കുന്നത്. പുതിയ ഓഹരികളുടെ കൈമാറ്റവും ഓഫര്‍ ഫോര്‍ സെയ്‌ലും ഉള്‍പ്പെടുന്നതായിരിക്കും പ്രാഥമിക ഓഹരി വില്‍പ്പനയെന്ന് കമ്പനിയുടെ അടുത്ത വൃത്തങ്ങള്‍ സൂചിപ്പിച്ചതായി റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.

പ്രാഥമിക ഓഹരി വില്‍പ്പനയുടെ മുന്നോടിയായി ജെഎം ഫിനാന്‍ഷ്യലിനെയും ഐസിഐസിഐ സെക്യൂരിറ്റീസിനെയും ബാങ്കര്‍മാരായി നിയമിച്ചതായാണ് വിവരം. എന്നാല്‍ ഇക്കാര്യത്തോട് ഇന്നോവ ക്യാപ്റ്റാബ് പ്രതികരിച്ചിട്ടില്ല. കാര്‍ഡിയോ മെറ്റബോളിക്, റെസ്പിറേറ്ററി, ന്യൂറോ സയന്‍സ് തുടങ്ങിയവ ചികിത്സാ രംഗത്ത് ശക്തമായ സാന്നിധ്യമുള്ള കമ്പനിക്ക് ഗവേഷണവും വികസനവും, നിര്‍മാണവും, മരുന്നുവിതരണവും, വിപണനവും കയറ്റുമതിയും ഉള്‍പ്പെടുന്ന ശൃംഖലയും സ്വന്തമായുണ്ട്. ലോകാരോഗ്യ സംഘടനയുടെ ജിഎംപി സര്‍ട്ടിഫൈഡ് നിര്‍മാണ സൗകര്യങ്ങളുള്ള ഡ്രഗ് നിര്‍മാതാക്കളുടെ കീഴില്‍ സിഎസ്‌ഐആറിന്റെ അംഗീകൃത ആര്‍ ആന്റ് ഡി സൗകര്യവും പ്രവര്‍ത്തിക്കുന്നു.
ജിയാന്‍ പ്രകാശ് അഗര്‍വാള്‍, മനോജ് കുമാര്‍ ലോഹരിവാല, വിനയ് കുമാര്‍ ലോഹരിവാല എന്നിവര്‍ ചേര്‍ന്ന് 2005 ല്‍ പങ്കാളിത്തത്തോടെയാണ് ഇന്നോവ ക്യാപ്റ്റാബ് സ്ഥാപിച്ചത്.


Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it