Top

ഫേസ്ബുക്കിന്റെ നിക്ഷേപം മുകേഷ് അംബാനിയുടെ കടം കുറയ്ക്കുമോ?

റിലയന്‍സ് ജിയോയില്‍ ഫേസ്ബുക്ക് നടത്തിയ നിക്ഷേപം റിലയന്‍സ് ഇന്‍ഡസ്ട്രീസിന് കരുത്തായിരിക്കുന്നു. ജിയോയുടെ 9.9 ശതമാനം ഓഹരികള്‍ 43,574 കോടി രൂപയ്ക്ക് ഫേസ്ബുക്ക് സ്വന്തമാക്കിയതിനെ തുടര്‍ന്ന് റിലയന്‍സ് ഓഹരി വില ഇന്ന് ഇന്ത്യന്‍ ഓഹരി വിപണിയില്‍ മുന്നേറ്റം കാഴ്ചവെച്ചു.

റിലയന്‍സ് ഇന്‍ഡസ്ട്രീസിനെ സംബന്ധിച്ചിടത്തോളം നിര്‍ണായകമായ സാഹചര്യത്തിലാണ് ഫേസ്ബുക്കിന്റെ നിക്ഷേപം വന്നിരിക്കുന്നത്. നടപ്പ് സാമ്പത്തിക വര്‍ഷത്തില്‍ കമ്പനിയുടെ കടഭാരം ഗണ്യമായ തോതില്‍ കുറയ്ക്കുമെന്നും സീറോ ഡെബ്റ്റ് കമ്പനിയായി റിലയന്‍സ് മാറുമെന്നുമുള്ള പ്രഖ്യാപിത ലക്ഷ്യത്തോടെ മുന്നോട്ടുപോകുന്ന കമ്പനിയുടെ മറ്റൊരു തന്ത്രപ്രധാനമായ ചര്‍ച്ചകള്‍ വഴിമുട്ടി നില്‍ക്കുമ്പോഴാണ് ഫേസ്ബുക്ക് നിക്ഷേപം സാധ്യമായിരിക്കുന്നത്.

സൗദി ആരാംകോയുമായി റിലയന്‍സ് ഓഹരി വില്‍പ്പന ചര്‍ച്ചകള്‍ നടത്തിയിരുന്നു. എന്നാല്‍ എണ്ണ വിലയിടിവും മറ്റ് സാമ്പത്തിക പ്രതിസന്ധികളും മൂലം അക്കാര്യത്തില്‍ പ്രതീക്ഷിച്ച പുരോഗതിയുണ്ടായിട്ടില്ല. ഇതേ തുടര്‍ന്ന് കമ്പനിയുടെ കടഭാരം കുറയ്ക്കുമെന്ന വാഗ്ദാനം നിറവേറ്റാനാകുമോയെന്ന സംശയം നിലനിന്നിരുന്നു. കടത്തെ കുറിച്ചുള്ള ആശങ്കകളും ഓഹരി വിപണിയില്‍ റിലയന്‍സിന്റെ ഓഹരികളുടെ പ്രകടനത്തെ പ്രതികൂലമായി ബാധിച്ചിരുന്നു.

റിലയന്‍സിന്റെ ആസ്തികളില്‍ നിന്ന് പരമാവധി നേട്ടമുണ്ടാക്കുക, കടം കുറയ്ക്കുക തുടങ്ങിയ നടപടികളാകും കമ്പനിയുടെ ഓഹരി വിലയെ സമീപ ഭാവിയില്‍ നിര്‍ണായകമായി സ്വാധീനിക്കുക എന്ന് നിരീക്ഷികര്‍ അഭിപ്രായപ്പെട്ടിരുന്നു.

ഡിസംബറില്‍ അവസാനിച്ച സാമ്പത്തിക പാദത്തില്‍ റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ മൊത്തം കടം 3,06,900 കോടി രൂപ കവിഞ്ഞിരുന്നു. കമ്പനിയുടെ മൂല്യത്തിന്റെ പകുതിയോളം വരുന്ന തുക ടെലികോം രംഗത്താണ് നിക്ഷേപിച്ചിരിക്കുന്നത്. ജിയോ പ്ലാറ്റ്‌ഫോമിന്റെ മൂല്യം 4.62 ലക്ഷം കോടി രൂപയെന്ന നിലയ്ക്കാണ് ഫേസ്ബുക്ക് നിക്ഷേപം നടത്തിയിരിക്കുന്നത്. ജിയോയില്‍ ഫേസ്ബുക്ക് നിക്ഷേപം നടത്തിയതോടെ ഇന്ത്യന്‍ വിപണിയില്‍ ഇരുകമ്പനികള്‍ക്കും നേട്ടമുണ്ടാക്കാനാകുന്ന സാഹചര്യമാണ് ഉടലെടുത്തിരിക്കുന്നത്. ജിയോയും ഫേസ്ബുക്കും സംയുക്തമായി ഇന്ത്യയില്‍ വി ചാറ്റ് മാതൃകയില്‍ സൂപ്പര്‍ ആപ്പ് അവതരിപ്പിക്കുമെന്ന റിപ്പോര്‍ട്ടുകളും പുറത്തുവന്നിട്ടുണ്ട്.

ചെറുകച്ചവടക്കാര്‍ക്ക് ഗുണകരം

ഫേസ്ബുക്കിന്റെ നിക്ഷേപം രാജ്യത്തിലെ ടെക്‌നോളജി രംഗത്തെ ഇതുവരെയുള്ള ഏറ്റവും വലിയ നേരിട്ടുള്ള വിദേശ നിക്ഷേപമാണ്. ഈ പങ്കാളിത്തം രാജ്യത്തെ മൂന്ന് കോടിയോളം ചെറുകച്ചവടക്കാര്‍ക്കും ഗുണകരമാകുമെന്നാണ് റിലയന്‍സ് വൃത്തങ്ങള്‍ പറയുന്നത്. ജിയോമാര്‍ട്ട്, വാട്‌സാപ്പ് പങ്കാളിത്തമാണ് ഇതിന് കാരണമാകുക. മാത്രമല്ല, രാജ്യത്തെ ഇന്റര്‍നെറ്റ് ഉപഭോക്താക്കളുടെ എണ്ണത്തിലുണ്ടാകുന്ന കുതിപ്പും ഇരുകമ്പനികള്‍ക്കും ഭാവിയില്‍ ഗുണമാകും.

രാജ്യത്തെ ആറ് കോടി സൂക്ഷ്മ, ചെറുകിട, ഇടത്തരം ബിസിനസുകള്‍, 12 കോടി കര്‍ഷകര്‍, മൂന്ന് കോടി ചെറുകച്ചവടക്കാര്‍, അനൗപചാരിക മേഖലയിലെ ദശലക്ഷക്കണക്കിന് സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭകര്‍ എന്നിവര്‍ക്കെല്ലാം ഗുണകരമാകുന്ന ഡിജിറ്റല്‍ അധിഷ്ഠിത സൊലൂഷനുകളാണ് ജിയോ - ഫേസ്ബുക്ക് പങ്കാളിത്തതിലൂടെ വരാന്‍ പോകുന്നത്.

നേരത്തെ റിലയന്‍സ് ബിപിയുമായി, ഇന്ധന റീറ്റെയ്ല്‍ ബിസിനസില്‍ ഒരു ബില്യണ്‍ യുഎസ് ഡോളറിന്റെ കരാര്‍ ഒപ്പിട്ടിരുന്നു. ടെലികോം ടവര്‍ ആസ്തികളുടെ കാര്യത്തില്‍ കനേഡിയന്‍ അസറ്റ് മാനേജ്‌മെന്റ് കമ്പനിയായ ബ്രൂക്ക്ഷീല്‍ഡ് ഇന്‍ഫ്രാസ്ട്രക്ചറുമായി റിലയന്‍സ് പങ്കാളിത്തത്തിലേര്‍പ്പെട്ടിട്ടുണ്ട്.

ഇരുകമ്പനികള്‍ക്കും അനിവാര്യമായതിനാല്‍ ആരാംകോയുമായുള്ള കരാര്‍ സാക്ഷാത്കരിക്കപ്പെടുമെന്നു തന്നെയാണ് നിരീക്ഷകര്‍ പറയുന്നത്.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it