ഐപിഓയ്ക്ക് തയ്യാറെടുത്ത് ഫാര്‍മീസി; ഒക്‌റ്റോബറില്‍ പേപ്പര്‍ സമര്‍പ്പിച്ചേക്കും

ഇന്ത്യയിലെ ഏറ്റവും വലിയ ഇ-ഫാര്‍മസി പ്ലാറ്റ്‌ഫോമായ ഫാര്‍മീസി, ഈ സാമ്പത്തിക വര്‍ഷത്തില്‍ ഇനിഷ്യല്‍ പബ്ലിക് ഓഫറിംഗിന് ഒരുങ്ങുന്നു. ഒക്ടോബറില്‍ ഐപിഓയ്ക്കായുള്ള പേപ്പറുകള്‍ സമര്‍പ്പിച്ചേക്കുമെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍.

ഫണ്ടിംഗിനായി ജപ്പാനിലെ സോഫ്റ്റ്ബാങ്കുമായുള്ള ചര്‍ച്ചകള്‍ ഫലവത്താകാത്തതിനു പിന്നാലെയാണ് ഓഹരി വിപണിയില്‍ നിന്നുള്ള ധനസമാഹരണത്തിന് കമ്പനി ഇറങ്ങുന്നതെന്നാണ് ദേശീയമാധ്യമങ്ങളിലെ റിപ്പോര്‍ട്ടുകളില്‍ നിന്നും അറിയാന്‍ കഴിയുന്നത്.
ഐപിഓയ്ക്ക് മുന്നോടിയായി തന്നെ 200-300 മില്യണ്‍ ഡോളര്‍ വരെ നിക്ഷേപ സമാഹരണത്തിനായി 5.6 ബില്യണ്‍ ഡോളര്‍ വാല്വേഷനുള്ള കമ്പനി ശ്രമിക്കുന്നുണ്ട്.
ജൂണില്‍ തൈറോ കെയറിനെ ഏറ്റെടുക്കുമ്പോള്‍ 4.2 ബില്യണ്‍ ഡോളറായിരുന്നു കമ്പനിയുടെ മൂല്യം. പ്രോസസ് (നാസ്‌പേഴ്‌സ്), ബി ക്യാപിറ്റല്‍, ടിപിജി തുടങ്ങിയവരില്‍ നിന്നായി അടുത്തിടെ 650 മില്യണ്‍ ഡോളര്‍ സമാഹരിച്ചിരുന്നു ഫാര്‍മീസി.
റിലയന്‍സ് ഇന്‍ഡസ്ട്രീസുമായി നേരിട്ട് കൊമ്പുകോര്‍ക്കാനാണ് ഫാര്‍മീസി ഒരുങ്ങുന്നത്. കഴിഞ്ഞ വര്‍ഷം ഇ-ഫാര്‍മസി സ്റ്റാര്‍ട്ടപ്പ് നെറ്റ്‌മെഡ്‌സിന്റെ 60% ത്തിലധികം ഓഹരികള്‍ റിലയന്‍സ് വാങ്ങുകയും ടാറ്റ ഗ്രൂപ്പ് ജൂണില്‍ 1എംജിയെ ഏറ്റെടുക്കുകയും ചെയ്ത ശേഷം ഈ ഫാര്‍മസി വിപണിയില്‍ സ്വതന്ത്ര പ്ലേയര്‍ എന്നു വിശേഷിപ്പിക്കാവുന്നത് ഫാര്‍മീസിയെയാണ്.
വാര്‍ത്തകള്‍ ശരിയെങ്കില്‍ ഒക്‌റ്റോബറില്‍ പേപ്പര്‍ സമര്‍പ്പിച്ചേക്കാനും വര്‍ഷാന്ത്യത്തിലോ 2022 ആദ്യമോ ഓഹരി വിപണിയിലേക്കിറങ്ങാനോ ആണ് സാധ്യത. കമ്പനിയുടെ ഭാഗത്ത് നിന്നുള്ള ഔദ്യോഗിക അറിയിപ്പ് പുറത്തുവന്നിട്ടില്ല.


Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it