ഓഹരി വിപണിയില്‍ തിരുത്തല്‍ സ്വാഭാവികം, ഫണ്ടമെന്റലുകളുള്ള ഓഹരിയില്‍ ശ്രദ്ധിക്കൂ: പൊറിഞ്ചു വെളിയത്ത്
ഓഹരി വിപണിയില്‍ നിലവില്‍ ദൃശ്യമാകുന്ന തിരുത്തലുകള്‍ സ്വാഭാവികമാണെന്നും നിക്ഷേപകര്‍ ഫണ്ടമെന്റലുകള്‍ വിലയിരുത്തി ഓഹരികളില്‍ നിക്ഷേപിക്കുന്നത് ഉചിതമായിരിക്കുമെന്നും പ്രമുഖ പോര്‍ട്ട്‌ഫോളിയോ മാനേജരും ഇക്വിറ്റി ഇന്റലിജന്‍സ് സ്ഥാപകനുമായ പൊറിഞ്ചു വെളിയത്ത് പറഞ്ഞു. നല്ല വാല്വേഷനുള്ള കമ്പനികള്‍ തിരഞ്ഞെടുത്ത് ദീര്‍ഘകാല ലക്ഷ്യത്തില്‍ നിക്ഷേപം നടത്തുകയാണ് ഇപ്പോൾ വേണ്ടത്.
വലിയ താഴ്ചയ്ക്ക് സാധ്യതയില്ല
ഓപ്പറേറ്റര്‍മാരും പ്രമോട്ടര്‍മാരുമൊക്കെ അര്‍ഹതയില്ലാത്ത പല ഓഹരികളെയും മനഃപൂര്‍വമായി ഉയര്‍ത്തി വിട്ടിട്ടുണ്ട്. എക്‌സസ് എന്നാണ് ഇത്തരം ഓഹരികള്‍ അറിയപ്പെടുന്നത്. 500 കോടി മാര്‍ക്കറ്റ് ക്യാപ് മാത്രം വരേണ്ട ചില കമ്പനികളൊക്കെയാണ് ഇപ്പോള്‍ 2,000 കോടിയിലെത്തി നില്‍ക്കുന്നത്. അതൊക്കെ തിരുത്തേണ്ടതുണ്ട്. മാര്‍ക്കറ്റ് ഇനിയും പല തവണ കയറിയിറങ്ങി ഇത്തരം കമ്പനികളെ യഥാര്‍ത്ഥ മൂല്യത്തിലേക്ക് തിരിച്ചു കൊണ്ടു വരും. പഴയകാലത്തില്‍ നിന്നു വ്യത്യസ്തമായി നിരന്തരമായ തിരുത്തല്‍ പ്രക്രിയയാണ് വിപണിയിലിപ്പോള്‍ നടക്കുന്നത്. ഒറ്റയടിക്ക് വലിയ താഴ്ചയിലേക്ക് പോകാനുള്ള സാധ്യത കാണുന്നില്ല അടിസ്ഥാനമില്ലാത്ത കമ്പനികളുടെ ഓഹരികള്‍ തിരിച്ച് പഴയ നിലയിലെത്തും വരെ ഈ കറക്ഷന്‍ തുടര്‍ന്ന ശേഷം വിപണി സ്ഥിരതപ്രാപിക്കുമെന്നും പൊറിഞ്ചു വെളിയത്ത് പറയുന്നു.
സെന്‍സെക്‌സ് ഒരു ലക്ഷം കടക്കുമോ?
അടുത്ത മൂന്ന് വര്‍ഷത്തിനുള്ളില്‍ അഞ്ച് ലക്ഷം കോടി ഡോളര്‍ ജി.ഡി.പി മൂല്യം എന്ന ലക്ഷ്യത്തിലേക്കാണ് രാജ്യം മുന്നേറുന്നത്. അതുമായി നോക്കുമ്പോള്‍ 30-40 ശതമാനം വളര്‍ച്ച വിപണിയില്‍ പ്രതീക്ഷിക്കാം. വാല്വേഷനുള്ള ഓഹരികള്‍ കണ്ടെത്തി നിക്ഷേപിക്കുന്നവര്‍ക്ക് നേട്ടമുണ്ടാക്കാനാകും. ഒരു ലക്ഷം പോയിന്റില്‍ സെന്‍സെക്‌സ് എപ്പോള്‍ എത്തുമെന്ന് പറയാനാകില്ലെങ്കിലും വിപണി കാലങ്ങളായി ബുള്ളിഷ് ട്രെന്‍ഡാണ് തുടരുന്നത്. അത് ഇനിയും മുന്നോട്ടുപോകും. ഭരണമാറ്റമുണ്ടായില്ലെങ്കില്‍ അതിവേഗം ലക്ഷ്യത്തിലേക്കെത്തുമെന്നും പൊറിഞ്ചു വെളിയത്ത് പറഞ്ഞു.
നിലവില്‍ ഓഹരി ഉള്‍പ്പെടെയുള്ള ധനകാര്യ വിപണിയില്‍ വലിയ തട്ടിപ്പുകള്‍ നടക്കുന്നുണ്ട്. അത്തരം ചതിയില്‍ പെടാതെ കാര്യങ്ങള്‍ വിലയിരുത്തി മാത്രം നിക്ഷേപം തുടരാനും അദ്ദേഹം നിക്ഷേപകര്‍ക്ക് മുന്നറിയിപ്പ് നല്‍കുന്നു. തന്റെ പേര് ദുരുപയോഗം ചെയ്ത് സാമൂഹ്യമാധ്യമങ്ങള്‍ വഴി കോടികളുടെ തട്ടിപ്പു നടത്തുന്നതായി പൊറിഞ്ചു വെളിയത്ത് അടുത്തിടെ പോലീസിലും സൈബര്‍സെല്ലിലും പരാതി നല്‍കിയിരുന്നു.