ഓഹരിവിപണി: 2 ദിവസം കൊണ്ട് നിക്ഷേപകർക്ക് നഷ്ടപ്പെട്ടത് 3.79 ലക്ഷം കോടി

വെള്ളിയാഴ്ച ബിഎസ്ഇ സെൻസെക്സ് 560 പോയ്ന്റാണ് ഇടിഞ്ഞത്. നിഫ്റ്റി ക്ലോസ് ചെയ്തതാകട്ടെ 11,500 മാർക്കിലും. വ്യാഴാഴ്ച പ്രകടമായ തളർച്ചയുടെ തുടർച്ചയായിരുന്നു ഇത്. ഇതോടെ രണ്ടു ദിവസം കൊണ്ട് നിക്ഷേപകർക്ക് നഷ്ടമായത് 3.79 ലക്ഷം കോടി രൂപയാണെന്ന് കണക്കുകൾ വ്യക്തമാക്കുന്നു. 2019 ലെ മൂന്നാമത്തെ വലിയ ഇടിവാണ് ഈയാഴ്ച കണ്ടത്.

വിപണിയിലെ തുടർച്ചയായ ഇടിവിന് കാരണമായത് പ്രധാനമായും ഈ കാരണങ്ങളാണ്.

എഫ്‌പിഐകളുടെ ആശങ്കകൾ

ആദായ നികുതി സർചാർജിലുള്ള വർധന ഫോറിൻ പോർട്ട് ഫോളിയോ നിക്ഷേപകരുടെ സെന്റിമെന്റിനെ പ്രതികൂലമായി ബാധിച്ചിട്ടുണ്ട്. ബജറ്റിൽ നിർദേശിച്ച സർചാർജ് വർധന നിലവിൽ വന്നാൽ 2-5 കോടി രൂപ നികുതി ബാധക വരുമാനമുള്ള വ്യക്തികൾക്ക് നൽകേണ്ടി വരുന്ന ആദായ നികുതി 35.88% ൽ നിന്നും 39% മായി ഉയരും.

5 കോടി രൂപയ്ക്ക് മുകളിലുള്ളവർക്ക് ഇത് 42.7% മാകും. ഇന്ത്യയിൽ നിക്ഷേപം നടത്തുന്നതിനായി ഫോറിൻ പോർട്ട് ഫോളിയോ ഇൻവെസ്റ്റർമാർ (FPI) ട്രസ്റ്റുകൾ രൂപീകരിച്ചിട്ടുണ്ട്. ഇവയെ Association of Persons ആയി ഗവണ്മെന്റ് ക്ലാസിഫൈ ചെയ്‌താൽ FPI കളും ഈ സർചാർജ് നൽകേണ്ടതായി വരും.

എന്നാൽ, അതിസമ്പന്നർക്ക് ഏർപ്പെടുത്തിയ സർചാർജ് പിൻവലിക്കില്ലെന്നും ഇതിൽ നിന്ന് ഒഴിവാക്കണമെങ്കിൽ ഫോറിൻ പോർട്ട്ഫോളിയോ ഇൻവെസ്റ്റർമാർ ട്രസ്റ്റുകൾക്ക് പകരം കമ്പനികളായി രജിസ്റ്റർ ചെയ്യണമെന്നും ധനമന്ത്രി നിർമല സീതാരാമൻ പാർലമെന്റിൽ പറഞ്ഞു. വ്യാഴാഴ്ച വ്യാപാര സമയത്തിന് ശേഷം വന്ന ധനമന്ത്രിയുടെ പ്രസ്താവന അടുത്തദിവസം വിപണിയെ ഉലച്ചു.

വ്യാഴാഴ്ച എഫ്‌പിഐകൾ 1,404.86 കോടി രൂപയുടെ ഇക്വിറ്റി വിറ്റഴിച്ചു എന്നാണ് സ്റ്റോക്ക് മാർക്കറ്റിൽ നിന്നുള്ള കണക്കുകൾ പറയുന്നത്.

വ്യാപാര തർക്കം, ഇന്ത്യ ജിഡിപി

യുഎസ്, ചൈന, ഇന്ത്യ തുടങ്ങിയ രാജ്യങ്ങൾ ഉൾപ്പെടുന്ന വ്യാപാര തർക്കങ്ങൾ ഇപ്പോഴും വിപണിയുടെ സെന്റിമെന്റിനെ ബാധിക്കുന്നുണ്ട്. അതിനിടെ, ഇന്ത്യയുടെ സാമ്പത്തിക വളർച്ചാ നിരക്ക് മുൻപ് പ്രതീക്ഷിച്ചതിലും കുറയുമെന്ന് ഏഷ്യൻ ഡെവലപ്മെന്റ് ബാങ്ക് (ADB) പറഞ്ഞതും വ്യാപാരത്തെ ബാധിച്ചു. 2020 സാമ്പത്തിക വർഷം ഇന്ത്യ 7.2 ശതമാനം വളരുമെന്നാണ് എഡിബി പ്രവചിച്ചിരുന്നത്.

തിളക്കമില്ലാതെ കോർപ്പറേറ്റ് ഏണിങ്സ്

മിക്ക കമ്പനികളും സാമ്പത്തിക ഫലം പുറത്തുവിടുന്ന സമയമാണിത്. ജൂണിൽ അവസാനിക്കുന്ന ത്രൈമാസപാദത്തിലെ കോർപ്പറേറ്റ് ഏണിങ്സ് നിക്ഷേപകരെ നിരാശപ്പെത്തിയിട്ടുണ്ടെന്നാണ് സൂചന. റിസൾട്ട് സീസണ് തുടക്കമിട്ട ടിസിഎസ് പോലും കുറഞ്ഞ മാർജിൻ ആണ് റിപ്പോർട്ട് ചെയ്തത്. RBL Bank Ltd, Yes Bank എന്നിവയുടെ ഫലങ്ങളും നിക്ഷേപകർക്ക് ആശങ്ക സൃഷ്ടിച്ചിട്ടുണ്ട്.

സ്വകാര്യ ഉപഭോഗത്തിലെ തുടർച്ചയായ കുറവ്

വാഹനങ്ങളുടെ ഡിമാന്റിൽ ഉണ്ടായിരിക്കുന്ന പ്രകടമായ കുറവുമൂലം രാജ്യത്തെ വൻകിട വാഹന കമ്പനികളുടെ ഓഹരിവിലയിൽ ഇടിവുണ്ടായിട്ടുണ്ട്. മാർക്കറ്റ് റിസർച്ച് കമ്പനിയായ നീൽസൻറെ ഏറ്റവും പുതിയ റിപ്പോർട്ടിൽ തുടർച്ചയായ മൂന്നാം പാദത്തിലും എഫ്എംസിജി വിപണിയിൽ വളർച്ചാ നിരക്ക് കുറഞ്ഞെന്ന് ചൂണ്ടിക്കാട്ടിയിരുന്നു.

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it