ഓഹരി വിപണിയിലേക്ക് ചേക്കേറാന്‍ കൂടുതല്‍ കമ്പനികള്‍, ആറ് മാസത്തിനിടെ റെക്കോര്‍ഡ് അപേക്ഷകള്‍

ഓഹരി വിപണിയിലേക്ക് ചുവടുവയ്ക്കാനൊരുങ്ങി കൂടുതല്‍ ഇന്ത്യന്‍ കമ്പനികള്‍. ഓഹരി വിപണി അസ്ഥിരമായി തുടര്‍ന്ന 2022 ലെ ആദ്യ പകുതിയില്‍ പ്രാഥമിക ഓഹരി വില്‍പ്പനയ്ക്കായി ഇന്ത്യന്‍ കമ്പനികളില്‍നിന്ന് റെക്കോര്‍ഡ് അപേക്ഷകളാണ് മാര്‍ക്കറ്റ് റെഗുലേറ്റര്‍ സെബിക്ക് മുമ്പാകെ ലഭിച്ചത്.

ആറ് മാസത്തിനിടെ 50-ഓളം കമ്പനികളാണ് ഓഹരി വിപണിയിലേക്കുള്ള പ്രവേശനത്തിനായി തങ്ങളുടെ ഡ്രാഫ്റ്റ് റെഡ് ഹെറിംഗ് പ്രോസ്‌പെക്ടസ് സെബിയില്‍ സമര്‍പ്പിച്ചതെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. പ്രൈം ഡാറ്റാബേസിന്റെ റിപ്പോര്‍ട്ട് പ്രകാരം 2007 ന് ശേഷം ഐപിഒകള്‍ക്കായി ഫയല്‍ ചെയ്യുന്ന ഏറ്റവും ഉയര്‍ന്ന എണ്ണമാണിത്.

2021 ല്‍ വിപണിയില്‍ കണ്ട ഐപിഒകളുടെ തുടര്‍ച്ചയായാണ് ഈ വര്‍ഷം കൂടുതല്‍ കമ്പനികള്‍ പ്രാഥമിക ഓഹരി വില്‍പ്പനയ്ക്കായി രംഗത്തെത്തുന്നത്. എന്നിരുന്നാലും അസ്ഥിരമായ വിപണി സാഹചര്യങ്ങള്‍, കാരണം പല കമ്പനികളും അവരുടെ ഐപിഒ പദ്ധതികള്‍ നിര്‍ത്തിവയ്ക്കാനോ ഉപേക്ഷിക്കാനോ സാധ്യതയുണ്ട്.

അതേസമയം, ഈ വര്‍ഷം ഇതുവരെ സമാഹരിച്ച ഐപിഒ തുകയിലും വന്‍ വര്‍ധനവാണുണ്ടായത്. 2022 ന്റെ ആദ്യ പകുതിയില്‍ കമ്പനികള്‍ പ്രാഥമിക ഓഹരി ഓഹരി വില്‍പ്പനയിലൂടെ 40,311 കോടി രൂപയാണ് സമാഹരിച്ചത്. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവിലെതിനേക്കാള്‍ 50 ശതമാനം കൂടുതലാണിത്. ലൈഫ് ഇന്‍ഷുറന്‍സ് കോര്‍പ്പറേഷന്റെ (എല്‍ഐസി) മെഗാ 20,500 കോടി രൂപയുടെ ഐപിഒയാണ് ഇതിന് പ്രധാന കാരണം. നിലവില്‍ 66 കമ്പനികള്‍ക്ക് 1.05 ട്രില്യണ്‍ രൂപയുടെ ഐപിഒ നടത്തുന്നതിനുള്ള അനുമതി ലഭിച്ചിട്ടുണ്ട്.

Related Articles
Next Story
Videos
Share it