'ക്രിപ്‌റ്റോ കറന്‍സി ഇടപാടുകള്‍ക്ക് ഉപദേശം നല്‍കരുത്'; സാമ്പത്തിക ഉപദേശകരെ വിലക്കി സെബി

നിക്ഷേപ ഉപദേശകരോട് സെക്യൂരിറ്റീസ് എക്‌സ്‌ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യയുടെ പുതിയ നിര്‍ദേശമെത്തി, ക്രിപ്‌റ്റോവാങ്ങാനുള്ള ഉപദേശങ്ങള്‍ നല്‍കാനാകില്ല. രാജ്യത്തെ നിയമവ്യവസ്ഥകള്‍ക്ക് കീഴില്‍ വരാത്ത ഡിജിറ്റല്‍ ഗോള്‍ഡ്, എന്‍എഫ്ടികള്‍, ക്രിപ്‌റ്റോ കറന്‍സികള്‍, സ്ഥാപിതമല്ലാത്ത ബ്രാന്‍ഡുകള്‍ക്ക് കീഴില്‍ വരുന്ന ഡിജിറ്റല്‍ ഗോള്‍ഡ് പോലെ വരുന്ന അസറ്റുകള്‍ എന്നിവയ്ക്ക് ഉപദേശം നല്‍കുന്നതിനെതിരെയാണ് സെബിയുടെ വിലക്ക്.

സാമ്പത്തിക ഉപദേശക രംഗത്ത് രജിസ്റ്റര്‍ ചെയ്ത ചില സ്ഥാപനങ്ങള്‍ ഇത്തരത്തിലുള്ള ഡിജിറ്റല്‍ അസറ്റുകള്‍ക്ക് മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കുന്നതായി ശ്രദ്ധയില്‍ പെട്ടതിനെത്തുടര്‍ന്നാണ് സെബിയുടെ നടപടി.
1992 ലെ നിയമമാണ് ഇതിനെ സാധൂകരിക്കുന്നത്. ഇത്തരത്തില്‍ നിയമപ്രകാരമല്ലാതെയുള്ള ഉപദേശങ്ങള്‍ ശ്രദ്ധയില്‍പെട്ടാല്‍ സ്ഥാപനത്തിന്റെ ലൈസന്‍സ് റദ്ദാക്കുന്നതുള്‍പ്പെടെയുള്ള നടപടികള്‍ അഭിമുഖീകരിക്കേണ്ടതായി വരുമെന്നും സെബി മുന്നറിയിപ്പ് നല്‍കുന്നു.
എന്നാല്‍ വ്യക്തികള്‍ക്ക് ക്രിപ്‌റ്റോ ഇടപാട് നടത്തുന്നതിന് തടസ്സമില്ല. ഫോറിന്‍ എക്‌സ്‌ചേഞ്ചുകളെ സമീപിക്കുന്നത് പോലെ വിദേശത്ത് സേവനമനുഷ്ടിക്കുന്ന സാമ്പത്തിക ഉപദേശകരില്‍ നിന്നും ഇവര്‍ക്ക് ഉപദേശങ്ങള്‍ സ്വീകരിക്കാവുന്നതാണ്.
ക്രിപ്‌റ്റോകറന്‍സികളില്‍ നിക്ഷേപിക്കും മുമ്പ്
ക്രിപ്‌റ്റോകറന്‍സികളില്‍ നിക്ഷേപിക്കും മുമ്പ് ചില ചാര്‍ജുകള്‍ അറിഞ്ഞിരിക്കണം. ക്രിപ്‌റ്റോ ഇടപാടുകള്‍ക്ക് എക്‌സ്‌ചേഞ്ച് നിരക്കുകളുണ്ട്. എക്‌സ്‌ചേഞ്ചുകളുടെ ഒരു പ്രധാന വരുമാന മാര്‍ഗ്ഗമാണിത്. ഇന്ത്യയിലെ ഒട്ടുമിക്ക എക്‌സ്‌ചേഞ്ചുകളും ഒരു നിശ്ചിത നിരക്കിലാണ് ഈ ചാര്‍ജ് ഈടാക്കുന്നത്. എന്നാല്‍ ചില എക്‌സ്‌ചേഞ്ചുകളില്‍ ഈ നിരക്കിന് മാറ്റം വന്നേക്കാം. ഇതുകൂടാതെ ക്രിപ്‌റ്റോ ഉപദേശം തേടുന്നതിനുള്ള ഫീസ് നിക്ഷേപകന്‍ നല്‍കിയിരിക്കണം.
നിക്ഷേപം നടത്തുന്നതിനു മുമ്പ് എക്്‌സ്‌ചേഞ്ച് നിരക്കു കുറഞ്ഞ ക്രിപ്‌റ്റോകറന്‍സി എക്‌സ്‌ചേഞ്ചുകള്‍ തിരഞ്ഞെടുക്കാന്‍ ശ്രദ്ധിക്കണം. നിങ്ങള്‍ ക്രിപ്‌റ്റോകറന്‍സികള്‍ സ്ഥിരമായി വാങ്ങുകയും അല്ലെങ്കില്‍ കൂടുതല്‍ നാള്‍ കറന്‍സി കൈവശം വയ്ക്കുകയും ചെയ്യുന്ന ഒരാളാണെങ്കില്‍ എക്‌സ്‌ചേഞ്ച് നിരക്കുകളില്‍ ചിലപ്പോള്‍ ഇളവുകള്‍ ലഭിക്കും. ഇത് ചോദിച്ച് മനസ്സിലാക്കുക.
ക്രിപ്‌റ്റോ കറന്‍സി മൈനിംഗ് നടത്തുന്നവര്‍ക്കു നെറ്റ്വര്‍ക്ക് ഫീസ് നല്‍കണം. നിങ്ങള്‍ നടത്തുന്ന കറന്‍സി ഇടപാടുകള്‍ ബ്ലോക്ക്‌ചെയിനില്‍ ഉള്‍പ്പെടുത്തുന്ന കമ്പ്യൂട്ടര്‍ വിദഗ്ധരാണിവര്‍. നിങ്ങള്‍ വാങ്ങുന്ന കറന്‍സികളുടെ സുരക്ഷ ഉറപ്പാക്കുന്നതും ഇവരാണ്. അതുകൊണ്ട് തന്നെ ക്രിപ്‌റ്റോകറന്‍സി ഇടപാടുകളില്‍ ഇവരുടെ പങ്ക് വളരെ വലുതാണ്.
ക്രിപ്‌റ്റോകറന്‍സികള്‍ സൂക്ഷിച്ചു വയ്ക്കാന്‍ ഒരു ഡിജിറ്റല്‍ വാലറ്റ് ആവശ്യമാണ്. നിങ്ങള്‍ ക്രിപ്‌റ്റോകറന്‍സികള്‍ വാങ്ങുകയും വില്‍ക്കുകയും ചെയ്യുമ്പോള്‍ അത് കാണപ്പെടുന്നത് ഈ ഡിജിറ്റല്‍ വാലറ്റില്‍ ആയിരിക്കും. ബാങ്ക് അക്കൗണ്ടുകള്‍ പോലെ തന്നെ ആണ് ഡിജിറ്റല്‍ വാലറ്റുകളും.
വിവധ തരത്തിലുള്ള ക്രിപ്‌റ്റോകറന്‍സികള്‍ ഒരു വാലറ്റില്‍ തന്നെ സൂക്ഷിക്കുന്നതിന് എക്‌സ്‌ചേഞ്ചുകള്‍ അനുമതി നല്‍കാറുണ്ട്. സാധാരണ ക്രിപ്റ്റ്കറന്‍സികള്‍ വാലറ്റുകളില്‍ സൂക്ഷിക്കുന്നതിന് ഫീസുകളൊന്നും ഈടാക്കില്ല, കറന്‍സികള്‍ വില്‍ക്കുന്ന സമയത്താകും വാലറ്റ് ചാര്‍ജ് നല്‍കേണ്ടിവരിക.


Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it