മ്യൂച്വല്‍ ഫണ്ട് നേട്ടമുണ്ടാക്കിയില്ലെങ്കില്‍ ഇനി ഫണ്ട് മാനേജര്‍മാരുടെയും കൈപൊള്ളും!

ഇനി മ്യൂച്വല്‍ ഫണ്ടുകള്‍ മികച്ച പ്രകടനം കാഴ്ചവെച്ചില്ലെങ്കില്‍ അതിലെ നിക്ഷേപകരുടെ മാത്രമല്ല, ഫണ്ട് മാനേജ് ചെയ്യുന്ന ഉന്നത ഉദ്യോഗസ്ഥരുടെയും 'കൈപൊള്ളും.' 32 ലക്ഷം കോടി രൂപയുടെ വലിപ്പമുള്ള ഇന്ത്യന്‍ മ്യൂച്വല്‍ ഫണ്ട് ഇന്‍ഡസ്ട്രയില്‍ ദൂരവ്യാപക ഫലങ്ങളുളവാക്കും വിധമുള്ള ചട്ടമാണ് റെഗുലേറ്ററായ സെക്യൂരിറ്റീസ് ആന്‍ഡ് എക്‌സ്‌ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യയുടെ (സെബി) കൊണ്ടുവന്നിരിക്കുന്നത്.

പുതിയ ചട്ടപ്രകാരം മ്യൂച്വല്‍ ഫണ്ട് ഹൗസുകളിലെ ഉന്നത ഉദ്യോഗസ്ഥരുടെ വേതനത്തിന്റെ ഏറ്റവും കുറഞ്ഞത് അഞ്ചില്‍ ഒരു ഭാഗമെങ്കിലും അവര്‍ മാനേജ് ചെയ്യുന്ന ഫണ്ടിന്റെ യൂണിറ്റായാകണം നല്‍കേണ്ടത്. ഫണ്ടുകളുടെ പ്രകടനത്തില്‍, അതിന്റെ നേതൃത്വത്തിലിരിക്കുന്നവര്‍ക്ക് കുറേക്കൂടി ഇടപെടലുണ്ടാകാനായാണ് ഈ നീക്കം. മാത്രമല്ല, ഇനി ഫണ്ടുകളുടെ പ്രകടനം മോശമായാല്‍ നിക്ഷേപകന് മാത്രമല്ല പണ നഷ്ടമുണ്ടാവുക; ഫണ്ട് മാനേജര്‍മാര്‍ക്കുമുണ്ടാകും.

മ്യൂച്വല്‍ ഫണ്ടുകളുടെ അസറ്റ് അലോക്കേഷനില്‍ സംഭവിക്കുന്ന പാളിച്ചകള്‍ മൂലം അടുത്തിടെ അനവധി മ്യൂച്വല്‍ ഫണ്ട് നിക്ഷേപകര്‍ക്ക് സാമ്പത്തിക നഷ്ടം സംഭവിച്ചിരുന്നു. ചില ഫണ്ടുകള്‍ മികച്ച പ്രകടനം കാഴ്ചവെയ്ക്കുമ്പോള്‍ മറ്റ് ചിലത് നിക്ഷേപകര്‍ക്ക് നേട്ടം സമ്മാനിച്ചിരുന്നില്ല. സെബിയുടെ ഈ നീക്കത്തെ തുടര്‍ന്ന് ഫണ്ട് മാനേജര്‍മാര്‍ അസറ്റ് അലോക്കേഷന്റെ കാര്യത്തില്‍ കുറച്ചുകൂടി ശ്രദ്ധ ചെലുത്തിയേക്കുമെന്നാണ് നിരീക്ഷകര്‍ പറയുന്നത്.
പുതിയ ചട്ടം ഇങ്ങനെ
$ ഉദ്യോഗസ്ഥരുടെ വേതനത്തിന്റെ ഭാഗമായി എല്ലാമാസവും മ്യൂച്വല്‍ ഫണ്ട് യൂണിറ്റുകള്‍ അവര്‍ക്ക് അലോട്ട് ചെയ്യണം.

$ അത്തരം യൂണിറ്റുകള്‍ക്ക് മൂന്നുവര്‍ഷം ലോക്ക് ഇന്‍ പിരീഡുണ്ട്.

$ തെറ്റായ നീക്കങ്ങള്‍ വല്ലതും നടത്തിയതായി ശ്രദ്ധയില്‍ പെട്ടാല്‍ യൂണിറ്റുകള്‍ തിരിച്ചുപിടിക്കും.

$ ഓപ്പണ്‍ എന്‍ഡഡ് സ്‌കീമുകള്‍, ഇടിഎഫുകള്‍ എന്നിവയ്ക്കും ഇത് ബാധകമാണ്.

$ ക്ലോസ് എന്‍ഡഡ് സ്‌കീമുകള്‍ക്കുള്ള ചട്ടങ്ങള്‍ വേറെ പുറത്തിറക്കും.


Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it