ഓഹരിവിപണിയിലെ ഇടപാടുകാര്‍ക്ക് അപകടസാധ്യത കുറഞ്ഞ പുതിയ പേമെന്റ് സംവിധാനം ഒരുക്കാന്‍ സെബി

ഓഹരി വിപണി ഇടപാടുകള്‍ക്കു പുതിയ പേമെന്റ് സംവിധാനം നടപ്പാക്കുന്ന കാര്യം പരിഗണിച്ച് സെക്യൂരിറ്റീസ് ആന്‍ഡ് എക്‌സ്‌ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ (SEBI). ഇടപാട് പൂര്‍ത്തിയാക്കിയതിന് ശേഷം മാത്രം ഇടപാടുകാരന്റെ ബാങ്ക് അക്കൗണ്ടില്‍ നിന്ന് പണം ഫലപ്രദമായി ഡെബിറ്റ് ചെയ്യുന്ന തരത്തിലാകും പുതിയ പേമെന്റ് ഗേറ്റ് വേ സെറ്റ് ചെയ്യുക.

പുതിയ രീതി വന്നാല്‍ ഒരു നിക്ഷേപകന്റെ ബാങ്ക് അക്കൗണ്ടില്‍ നിന്നുള്ള ഫണ്ടുകള്‍ ബ്രോക്കറിലേക്ക് പോകാതെ തന്നെ നേരിട്ട് വ്യാപാരം തീര്‍പ്പാക്കാന്‍ കഴിയും. നിലവില്‍, ഇത്തരമൊരു സംവിധാനം ഐ.പി.ഒ വിപണിയില്‍ ഉപയോഗിക്കുന്നുണ്ട്. ഇതേ 'ഫണ്ട്- ബ്ലോക്കിംഗ് മെക്കാനിസം' സാധാരണ ട്രേഡിംഗിലേക്ക് കൂടി കൊണ്ടുവരുന്ന കാര്യമാണ് സെബി പരിഗണിക്കുന്നത്.
ഐ.പി.ഒ ഇടപാടുകാര്‍ക്ക് സുപരിചിതമായ ASBA അല്ലെങ്കില്‍ അസ്ബ എന്ന് അറിയപ്പെടുന്ന ബ്ലോക്കിംഗ് സംവിധാനം തന്നെയാണ് പുതിയ രീതിയിലും പരിഗണിക്കുന്നതെന്നു അടുത്തവൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. പുതിയ സംവിധാനം നിക്ഷേപകന്റെയും ഇടപാടുകളുടേയും അപകട സാധ്യത ഗണ്യമായി കുറയ്ക്കുമെന്നാണു വിലയിരുത്തല്‍.
പുതിയ സംവിധാനത്തെ കുറിച്ച് സെബിയും, നാഷണല്‍ പേയ്‌മെന്റ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയും (എന്‍.പി.സി.ഐ), സ്റ്റോക്ക് എക്‌സ്‌ചേഞ്ചുകളുടെ ക്ലിയറിംഗ് കോര്‍പ്പറേഷനുകളും തമ്മില്‍ ചര്‍ച്ച നടത്തിയെന്നും റിപ്പോര്‍ട്ടുണ്ട്.
നിലവില്‍, സ്റ്റോക്ക് ബ്രോക്കര്‍മാര്‍ ആണ് സ്റ്റോക്ക് മാര്‍ക്കറ്റ് സെറ്റില്‍മെന്റ് പ്രക്രിയയില്‍ ക്ലിയറിംഗ് കോര്‍പ്പറേഷനേയും, നിക്ഷേപകരെയും തമ്മില്‍ ബന്ധിപ്പിക്കുന്നത്. ഒരു നിക്ഷേപകന്‍ ഒരു സ്റ്റോക്ക് വാങ്ങുന്നതിനുള്ള ഫണ്ട് ബ്രോക്കര്‍ക്ക് അയയ്ക്കണം, തുടര്‍ന്ന് അത് ക്ലിയറിംഗ് കോര്‍പ്പറേഷനിലേക്ക് മാറ്റുന്നു. ഇതു സമയമെടുക്കുന്ന പ്രക്രിയയായി വിദഗ്ധര്‍ കാണുന്നു.
പുതിയ സംവിധാനം വന്നാല്‍ നിക്ഷേപകന്റെ ബാങ്ക് അക്കൗണ്ടില്‍ നിന്ന് ക്ലിയറിംഗ് കോര്‍പ്പറേഷനിലേക്ക് ഫണ്ട് ട്രാന്‍സ്ഫര്‍ നേരിട്ട് നടത്താമെന്നതിനാല്‍ സ്റ്റോക്ക് മാര്‍ക്കറ്റ് സെറ്റില്‍മെന്റില്‍ സുതാര്യതയും വേഗതയും വരും. എന്നാല്‍ ഇത് ബ്രോക്കര്‍മാരുടെ പ്രാധാന്യം ഇല്ലാതാക്കുമെന്നതിനാല്‍ മേഖലയില്‍ എതിര്‍പ്പുകളുമുണ്ട്. ഈ വര്‍ഷം മേയ് 1 മുതല്‍ നടപ്പിലാക്കിയ ചില നിയമങ്ങള്‍, ഒരു ക്ലയന്റിന്റെ പണം മറ്റൊരാളുടെ അഡ്വാന്‍സ് മാര്‍ജിന്‍ റിക്വയര്‍മെന്റുകള്‍ക്കായി ഉപയോഗിക്കുന്നതില്‍ നിന്ന് ബ്രോക്കര്‍മാരെ വിലക്കിയിരുന്നു.
സ്റ്റോക്ക് എക്‌സ്‌ചേഞ്ചുകളിലും മറ്റ് ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമുകളിലും സ്റ്റോക്ക് ബ്രോക്കര്‍മാര്‍ മുഖേന മ്യൂച്വല്‍ ഫണ്ട് യൂണിറ്റുകള്‍ വാങ്ങുന്ന നിക്ഷേപകര്‍ക്കായി, ഫണ്ട് ഹൗസിലേക്ക് ചാനല്‍ ചെയ്യുന്നതിന് മുമ്പ് ക്ലയന്റ് പണം ബ്രോക്കര്‍മാര്‍ വഴി ശേഖരിക്കുന്ന രീതിയും സെബി നിര്‍ത്തിവച്ചിരിക്കുകയാണ്. റീറ്റെയ്ല്‍ നിക്ഷേപകര്‍ക്ക് ഉപകാരപ്രദമാകുന്ന കൂടുതല്‍ കാര്യങ്ങള്‍ വരും ദിവസങ്ങളില്‍ സെബി നടപ്പാക്കിയേക്കും.


Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it