Begin typing your search above and press return to search.
സ്റ്റാര്‍ഹെല്‍ത്ത് ഐപിഓയ്ക്കും വന്‍ തിരിച്ചടി; മൂന്നാം ദിവസവും മരവിപ്പ്
സ്റ്റാര്‍ ഹെല്‍ത്ത് ആന്‍ഡ് അലൈഡ് ഇന്‍ഷുറന്‍സ് കമ്പനി ലിമിറ്റഡിന്റെ ഐപിഓയ്ക്ക് തിരിച്ചടി, വേണ്ടത്ര സബ്‌സ്‌ക്രിപ്ഷന്‍ ലഭിക്കാതെ ബിഡ്ഡിംഗ് മൂന്നാം ദിവസവും തുടരുന്നു. രണ്ടാം ദിവസമായ ഇന്നലെ പ്രാഥമിക പബ്ലിക് ഓഫറിന്റെ ആകെ ഓഹരികളുടെ 20 ശതമാനം മാത്രമായിരുന്നു സബ്സ്‌ക്രൈബ് ചെയ്തത്.
ഒരു ഷെയറിന് 870-900 രൂപയായിരുന്നു പ്രൈസ് ബാന്‍ഡ് നിശ്ചയിച്ചിരുന്നത്. ബിഡ്ഡിംഗിന്റെ മൂന്നാം ദിനമായ വ്യാഴാഴ്ച രാവിലെ 10.39 വരെ 22 ശതമാനം മാത്രമാണ് ഇഷ്യൂ സബ്സ്‌ക്രൈബുചെയ്തത്. ഇഷ്യു പരാജയപ്പെടുമോ എന്ന സംശയം ഉയര്‍ത്തുന്നതായാണ് ബിഎസ്ഇയിലെ ഡാറ്റ കാണിക്കുന്നതെന്ന് റിപ്പോര്‍ട്ടുകള്‍.
4,49,08,947 ഓഹരികളില്‍ നിന്ന് ആകെ 98,96,560 ഓഹരികള്‍ക്കായി മാത്രമാണ് അപേക്ഷകള്‍ ലഭിച്ചത്. റീറ്റൈയ്ല്‍ നിക്ഷേപകരുടെ ക്വാട്ടയ്ക്കാണ് ഏറ്റവും കൂടുതല്‍ വരിക്കാരായത്. എന്നാല്‍ ലേലത്തിന്റെ അവസാന ദിവസം സാധാരണയായി ഐപിഒകളിലേക്ക് ഫണ്ടുകള്‍ ഒഴുകാറുണ്ട്. അത്തരം സ്ഥാപനങ്ങളുടെ പേരുകളിലേക്കായിരിക്കും ഇനി കണ്ണുകള്‍.
എന്നാല്‍ രാകേഷ് ജുന്‍ജുന്‍വാലയുടെ പിന്തുണയുള്ള കമ്പനിയിലേക്ക് മ്യൂച്വല്‍ഫണ്ടുകള്‍ എത്തിയിരുന്നില്ല. ഇന്നലെ വരെയുള്ള ഡേറ്റ പ്രകാരം എഡല്‍വെയ്‌സ് മ്യൂച്വല്‍ ഫണ്ട് മാത്രമാണ് നിക്ഷേപം നടത്തിയിട്ടുള്ളത്. ഏതായാലും നിറം മങ്ങിപ്പോയ ഐപിഒ ആയിട്ട് ഈ വര്‍ഷത്തെ ഏറ്റവും വലിയ മൂന്നാമത്തെ ഐപിഒ ആയ സ്റ്റാര്‍ ഹെല്‍ത്തിനെ കാണാം. അവസാന ദിവസമായ ഇന്നത്തെ പ്രതികരണം വൈകുന്നേരത്തോടെ അറിയാം.
Next Story
Videos