ആഗോള സൂചനകൾ വിപരീതം; കമ്പനികൾക്കു ലാഭമാർജിൻ കുറയുന്നു; ക്രൂഡ് ഓയിലും ലോഹങ്ങളും താഴോട്ട്; ഫ്യൂച്ചർ ഗ്രൂപ്പ് പാപ്പർ നടപടിയിലേക്ക്

ഫ്രാൻസിൽ ഇമ്മാനുവൽ മാക്രാേൺ ഭരണം നിലനിർത്തി. യൂറോയ്ക്കും ഫ്രഞ്ച് ഓഹരികൾക്കും ഇന്നു നേട്ടം ഉണ്ടാകും. യുക്രെയ്ൻ യുദ്ധം തുടരുന്നു. യുഎസ് സ്റ്റേറ്റ് സെക്രട്ടറി യുക്രെയ്നിൽ എത്തി ചർച്ച നടത്തി. പ്രമുഖ ആഗാേള ടെക് കമ്പനികൾ (ആപ്പിൾ, ഗൂഗിൾ, ഫേസ്ബുക്ക്, മൈക്രോസോഫ്റ്റ്, ആമസോൺ തുടങ്ങിയവ) ഈയാഴ്ച റിസൽട്ട് പുറത്തുവിടും. ട്വിറ്റർ ഏറ്റെടുക്കാനുള്ള ഇലോൺ മസ്കിൻ്റെ ശ്രമം വിജയിക്കുമെന്നു സൂചന. മസ്കിൻ്റെ പ്രതിനിധികളുമായി ട്വിറ്റർ ചർച്ച നടത്തി. ചൈനയിൽ തലസ്ഥാനമായ ബെയ്ജിംഗിലും കോവിഡ് ബാധ കൂടുന്നു. ലോക്ക് ഡൗൺ ആശങ്ക കൂടി. ക്രൂഡ് ഓയിൽ വില കുറഞ്ഞു.


ഇങ്ങനെയൊക്കെയാണു ലോക കാര്യങ്ങൾ. പക്ഷേ ഏഷ്യൻ രാജ്യങ്ങളിൽ ഓഹരി വിപണികൾ ഇന്നു രാവിലെ വീണ്ടും താഴ്ന്നു. ജപ്പാനിലും ദക്ഷിണ കൊറിയയിലും സൂചികകൾ ഒന്നര ശതമാനത്തിലേറെ ഇടിഞ്ഞു. ഇന്ത്യൻ വിപണിയും താഴ്ചയിലേ തുടങ്ങൂ എന്നാണു ഡെറിവേറ്റീവ് വിപണി നൽകുന്ന സൂചന. ഡോളർ സൂചിക വീണ്ടും കയറിയത് രൂപ അടക്കം വിവിധ രാജ്യങ്ങളുടെ കറൻസികളെ ദുർബലമാക്കും.

കഴിഞ്ഞയാഴ്ച കയറ്റിറക്കങ്ങൾക്കൊടുവിൽ ഗണ്യമായ താഴ്ചയാേടെയാണ് ഏഷ്യ മുതൽ അമേരിക്ക വരെ വിപണികൾ ക്ലോസ് ചെയ്തത്. സെൻസെക്സ് ആഴ്ചക്കണക്കിൽ 1.96 ശതമാനം താണപ്പോൾ അമേരിക്കയിലെ ഡൗ ജോൺസ് സൂചിക 1.86 ശതമാനം ഇടിഞ്ഞു. ഇന്നും താഴുമെന്ന സൂചനയാണ് രാവിലെ ഫ്യൂച്ചേഴ്സ് വ്യാപാരത്തിൽ കിട്ടുന്നത്.

സിംഗപ്പുർ എക്സ്ചേഞ്ചിലെ ഡെറിവേറ്റീവ് വ്യാപാരത്തിൽ എസ്ജിഎക്സ് നിഫ്റ്റി വെള്ളിയാഴ്ച 17,015 വരെ താഴ്ന്നു. ഇന്നു രാവിലെ
16,944 വരെ താഴ്ന്നു. പിന്നീട് 16,986 ലേക്കു കയറി. ഇന്ത്യൻ വിപണി ഗണ്യമായ താഴ്ചയിൽ വ്യാപാരം തുടങ്ങുമെന്നാണ് ഇതിലെ സൂചന.

വെള്ളിയാഴ്ച ആഗാേള കാറ്റിൽപ്പെട്ട് ഇന്ത്യൻ വിപണിയും കുത്തനേ താണു. സെൻസെക്സ് 714.53 പോയിൻ്റ് (1.23%) ഇടിഞ്ഞ് 57,19715 ലും നിഫ്റ്റി 220.65 പോയിൻ്റ് (1.27%) ഇടിഞ്ച് 17,171.95 ലും ക്ലോസ് ചെയ്തു. മിഡ്, സ്മോൾ ക്യാപ് സൂചികകൾ താരതമ്യേന ചെറിയ താഴ്ചയേ കാണിച്ചുള്ളൂ. ബാങ്ക് സൂചിക തകർച്ചയ്ക്കു മുന്നിൽ നിന്നു. 2.1% താഴ്ച. മെറ്റലുകൾ 1.97%, ഫാർമ 1.82%, ഹെൽത്ത് കെയർ 1.79%, ധനകാര്യ കമ്പനികൾ 1.74% എന്നിങ്ങനെ താഴ്ന്നു.
വിദേശനിക്ഷേപകർ വിൽപനത്തോതു വർധിപ്പിച്ചു. 2461.72 കോടിയുടെ ഓഹരികളാണു വെള്ളിയാഴ്ച അവർ വിറ്റഴിച്ചത്. ഏപ്രിലിൽ ഇതുവരെ 29, 206.19 കോടിയുടെ വിൽപനയാണ് അവർ ക്യാഷ് വിപണിയിൽ നടത്തിയത്. സ്വദേശി ഫണ്ടുകൾ വെള്ളിയാഴ്ച 1602.35 കോടിയുടെ ഓഹരികൾ വാങ്ങി.
വിപണി ബെയറിഷ് ആണ്. ഇന്നു നിഫ്റ്റി 17,149-നു മുകളിലേക്ക് ക്ലോസിംഗ് ഉയർത്തിയില്ലെങ്കിൽ കൂടുതൽ താഴ്ചകളിലേക്കു വിപണി പോകും എന്നു സാങ്കേതിക വിശകലന വിദഗ്ധർ പറയുന്നു. 16,710-16,860 മേഖലയിൽ ചെന്നിട്ടേ തിരിച്ചു കയറ്റം സാധ്യമാകൂ എന്നു ചിലർ കണക്കാക്കുന്നു.
ഇന്നു നിഫ്റ്റിക്ക് 17,110-ലും 17,045-ലുമാണു സപ്പോർട്ട് ഉള്ളത്. ഉയർന്നാൽ 17, 275-ഉം 17,380-ഉം തടസങ്ങളാകും.

ക്രൂഡിനു വില താഴുന്നു

ലോക വിപണിയിൽ ക്രൂഡ് ഓയിൽ വില താഴാേട്ടു നീങ്ങുകയാണ്. ആഗാേള ജിഡിപി വളർച്ച കുറയുമെന്നും ക്രൂഡ് ഓയിൽ ആവശ്യം ഗണ്യമായി കുറയുമെന്നുമാണു വിലയിരുത്തൽ. മാക്രോൺ വിജയിച്ചതിനാൽ റഷ്യൻ എണ്ണ വാങ്ങുന്നത് നിർത്താനുള്ള ചർച്ച യൂറോപ്യൻ യൂണിയൻ പുനരാരംഭിക്കും. എങ്കിലും ഉടനടി തീരുമാനം പ്രതീക്ഷിക്കുന്നില്ല. ലോകത്തിൽ പ്രതിദിന ക്രൂഡ് ഓയിൽ ആവശ്യം 14 ലക്ഷം വീപ്പ കണ്ട് കുറയുമെന്നാണു വിപണി വിദഗ്ധർ കണക്കുകൂട്ടുന്നത്. ബ്രെൻ്റ് ഇനം ക്രൂഡ് ഇന്നു രാവിലെ 105.2 ഡോളറിൽ നിന്നു 104 ഡോളറായി താഴ്ന്നു. ഇനിയും താഴ്ന്നേക്കും.
വ്യാവസായിക ലോഹങ്ങൾ താഴാേട്ടു നീങ്ങുകയാണ്. വെള്ളിയാഴ്ച നിക്കലും സിങ്കും ഒഴികെ ഉള്ളവയുടെ വില താണു. അലൂമിനിയം 1.6 ശതമാനത്തോളം ഇടിഞ്ഞു. ആവശ്യം കുറയും എന്നതാണു വിഷയം. ഉൽപന്നം കിട്ടാനുള്ള വിഷമം ഇപ്പോൾ വിപണിയെ അലോസരപ്പെടുത്തുന്നില്ല.

സ്വർണം താഴോട്ട്

സ്വർണം ഉയരാനുള്ള ഓരാേ ശ്രമത്തിലും പരാജയപ്പെടുന്നു. കഴിഞ്ഞയാഴ്ച 1932-1933 ഡോളർ മേഖലയിൽ ക്ലോസ് ചെയ്ത സ്വർണം ഇന്ന് 1926- 1928 മേഖലയിലാണ്. കേരളത്തിൽ ശനിയാഴ്ച പവന് 240 രൂപ കുറഞ്ഞ് 39,200 രൂപ ആയിരുന്നു. വിദേശ വിപണിയിലെ ഇടിവ് തുടരുകയാണെങ്കിൽ ഇന്നും വില കുറയാം. രൂപ കൂടുതൽ ദുർബലമായാൽ സ്വർണവില ഉയർന്നു നിൽക്കും.
ഡോളർ കഴിഞ്ഞയാഴ്ച ശക്തി കൂട്ടി. ഇന്നു ഡോളർ സൂചിക അൽപം താഴ്ന്നെങ്കിലും 101 നു മുകളിലാണ്. വെള്ളിയാഴ്ച ഡോളർ 76.48 രൂപയിലേക്ക് കയറി. ഇന്നു രൂപ താഴ്ന്നാൽ 77 രൂപയിലേക്കുള്ള ഡോളറിൻ്റെ യാത്ര വേഗത്തിലാകും.

ഫ്യൂച്ചർ പാപ്പർ നടപടിയിലേക്ക്; റിലയൻസിനു ലാഭക്കച്ചവടം

ഫ്യൂച്ചർ ഗ്രൂപ്പിൻ്റെ കാര്യം കഷ്ടത്തിലായി. തങ്ങളുടെ ഓഫർ ബാങ്കുകൾ നിരസിച്ചതോടെ തങ്ങൾക്കു ഫ്യൂച്ചറിനെ വാങ്ങാനുള്ള സാധ്യത ഇല്ലാതായെന്നു റിലയൻസ് പ്രസ്താവന ഇറക്കി. ഇനി ഫ്യൂച്ചർ ഗ്രൂപ്പിനെ മൊത്തം പാപ്പർ നടപടിയിലേക്ക് നീക്കാനാണു ബാങ്കുകൾ ശ്രമിക്കുന്നത്.
ജനുവരിയിൽ 28,921 കോടി രൂപയുടെ ബാധ്യതകൾ ഉണ്ടായിരുന്ന ഫ്യൂച്ചർ ഗ്രൂപ്പിനെ പാപ്പർ നടപടിയിലാക്കിയാൽ കിട്ടാവുന്നതു 3000 കോടി രൂപയിൽ താഴെയാണെന്നു നിരീക്ഷകർ കണക്കാക്കുന്നു. റിലയൻസ് നേരത്തേ 24,713 കോടി രൂപയ്ക്ക് ഫ്യൂച്ചർ ഗ്രൂപ്പിൻ്റെ റീട്ടെയിൽ ബിസിനസ് എടുക്കാൻ സന്നദ്ധമായിരുന്നു. അതു തങ്ങളുമായുള്ള കരാറിനു വിരുദ്ധമാണെന്നു പറഞ്ഞ് ആമസോൺ നിയമയുദ്ധം നടത്തി വരികയാണ്.
പാപ്പർ നടപടി ആരംഭിച്ചാലും ഫ്യൂച്ചറിൻ്റെ 947 സ്റ്റോറുകൾ റിലയൻസ് കൈവശപ്പെടുത്തിയതിനു മാറ്റം ഉണ്ടാകില്ല. അതു വേറൊരു പാട്ടക്കരാറിൻ്റെ ഭാഗമായ പിടിച്ചടക്കലായിരുന്നു. ബിഗ് ബസാറിൻ്റെ 342 വലിയ ഷോറൂമുകൾ അടക്കമാണു റിലയൻസ് 947 സ്റ്റോറുകൾ സ്വന്തമാക്കിയത്. പാപ്പർ നടപടിയിലൂടെ ഫ്യൂച്ചറിൻ്റെ ശിഷ്ട ആസ്തികൾ കൈവശമാക്കാനും റിലയൻസ് ഉദ്ദേശിക്കുന്നു. വലിയ ലാഭക്കച്ചവടമായി അതു മാറും.

ആശങ്ക: കമ്പനികൾക്കു ലാഭമാർജിൻ കുറയുന്നു

വിലക്കയറ്റം, പലിശവർധന എന്നീ ആശങ്കകൾക്കു പുറമേ ഇന്ത്യയിൽ കമ്പനികളുടെ ലാഭമാർജിൻ കുറയുന്നതിനെപ്പറ്റി ആശങ്ക വളർന്നിട്ടുണ്ട്. ആദ്യം നാലാം പാദ റിസൽട്ട് പുറത്തുവിട്ട 70 കമ്പനികളുടെ (ഐടി കമ്പനികളെ പെടുത്താതെ) ലാഭ മാർജിൻ 11.5 ശതമാനമാണു വർധിച്ചത്. എന്നാൽ മൂന്നാം പാദത്തിൽ ഇവയുടെ ലാഭ മാർജിൻ 12.6 ശതമാനം കൂടിയതാണ്. 11 ഐടി കമ്പനികളുടെ വരുമാനവളർച്ച മൂന്നാം പാദത്തിലെ 19 ശതമാനത്തിൽ നിന്നു നാലാംപാദത്തിൽ 18.5 ശതമാനമായി കുറഞ്ഞു.
വിറ്റുവരവും ലാഭവും വർധിക്കുന്നു. പക്ഷേ പ്രവർത്തന ലാഭത്തിലടക്കം ലാഭ മാർജിനുകൾ കുറയുന്നു. വിലക്കയറ്റം മൂലം പ്രവർത്തനച്ചെലവ് വർധിച്ചതാണു കാരണം. ഇതു നിക്ഷേപകർക്കു കമ്പനികളെപ്പറ്റിയുള്ള വിലയിരുത്തൽ മാറാൻ കാരണമാകും.
അമേരിക്കൻ ടെക് ഭീമന്മാരുടെ റിസൽട്ടുകൾ കുറഞ്ഞ വളർച്ചയും താഴ്ന്ന ലാഭത്തോതുമാകും കാണിക്കുക എന്ന ആശങ്കയിലാണ്. അങ്ങനെ സംഭവിച്ചാൽ ഇന്ത്യയിലും ഐടി കമ്പനികളിൽ വിൽപന സമ്മർദം വർധിക്കും.


This section is powered by Muthoot Finance


T C Mathew
T C Mathew  
Related Articles
Next Story
Videos
Share it