Begin typing your search above and press return to search.
മുന്നിൽ അനിശ്ചിതത്വം; വിലക്കയറ്റവും മാന്ദ്യവും ഭീഷണി; ലോഹങ്ങൾ പിടി വിട്ടു കയറുന്നു; ക്രൂഡ് ഉയർന്നു തന്നെ
എക്സിറ്റ് പോൾ ബിജെപിക്കു യുപിയിൽ മികച്ച വിജയം സൂചിപ്പിച്ചത് ഇന്നു വിപണിയിൽ ഒരാശ്വാസ റാലിക്കു വഴിതെളിക്കേണ്ടതായിരുന്നു.എന്നാൽ എതിരായ സൂചനകളാണ് ആഗോള വിപണികളിൽ നിന്നു ലഭിച്ചത്. പാശ്ചാത്യ വിപണികളിൽ വലിയ ഇടിവുണ്ടായി. ഇന്നു രാവിലെ ഏഷ്യൻ വിപണികൾ തുടക്കത്തിൽ രണ്ടു ശതമാനത്തിലധികം ഇടിഞ്ഞു. സിംഗപ്പുരിലെ എസ്ജി എക്സ് നിഫ്റ്റിയും താഴ്ചയിലാണ്. 15,638-ൽ ആണ് എസ്ജി എക്സ് നിഫ്റ്റി ഇന്നലെ ക്ലോസ് ചെയ്തത്. ഇന്നു രാവിലെ അത് 15,795 ലേക്കു കയറി. പിന്നീടു ചാഞ്ചാടി. ഇന്ത്യൻ വിപണി ഇന്നു ചെറിയ താഴ്ചയോടെ വ്യാപാരം തുടങ്ങുമെന്നാണു സൂചന.
ഇന്നലത്തെ തകർച്ചയോടെ സെൻസെക്സ് സർവകാല റിക്കാർഡിൽ നിന്നു 15.1 ശതമാനവും നിഫ്റ്റി 14.75 ശതമാനവും താഴ്ചയിലാണ്. ഇനിയും ഗണ്യമായ താഴ്ച പലരും ഭയപ്പെടുന്നുണ്ട്. യുക്രെയ്ൻ യുദ്ധഗതി ശുഭസൂചനകളൊന്നും നൽകാത്തതാണു കാരണം.
തിങ്കളാഴ്ച തുടക്കം മുതൽ താഴ്ചയിലായിരുന്ന ഇന്ത്യൻ വിപണി ഉച്ചയ്ക്കു ശേഷം നഷ്ടം അൽപം കുറച്ചു. യൂറോപ്യൻ വിപണികൾ വലിയ താഴ്ചയോടെ തുടങ്ങിയിട്ട് വ്യാപാരാന്ത്യത്തിൽ നഷ്ടം കുറച്ചു. ഇതിനെ പിന്തുടർന്ന് യു എസ് വിപണി നേരിയ നഷ്ടത്തിൽ വ്യാപാരം ആരംഭിച്ച് വലിയ താഴ്ചയിൽ അവസാനിപ്പിച്ചു. യൂറോപ്യൻ സൂചികകൾ അഞ്ചു ശതമാനം തകർച്ചയിൽ നിന്ന് ഒന്ന് - രണ്ട് ശതമാനം നഷ്ടത്തിലേക്കു കയറി ക്ലോസ് ചെയ്തു. യുഎസ് സൂചികകൾ രണ്ടര മുതൽ മൂന്നര വരെ ശതമാനം ഇടിവിലാണ് അവസാനിച്ചത്.
സെൻസെക്സ് ഇന്നലെ 1491.06 പോയിൻ്റ് (2.74%) തകർച്ചയോടെ 52,842.75 ലും നിഫ്റ്റി 382.2 പോയിൻ്റ് (2.35%) ഇടിവോടെ 15,863.15 ലും ക്ലോസ് ചെയ്തു. മിഡ് ക്യാപ് സൂചിക 2.37 ശതമാനവും സ്മോൾ ക്യാപ് സൂചിക 2.04 ശതമാനവും താണു. മെറ്റൽ നിഫ്റ്റി ഒഴികെ എല്ലാ ബിസിനസ് സൂചികകളും ഇടിഞ്ഞു. റിയൽറ്റി (5.47% ഇടിവ്), ബാങ്ക് ( 4.47%), പി എസ് യു ബാങ്ക് (4.77%), ഓട്ടോ (4.21%) തുടങ്ങിയവ താഴ്ചയ്ക്കു മുന്നിൽ നിന്നു.
വിദേശികൾ വിൽപന കുറയ്ക്കുന്നില്ല
വിദേശ നിക്ഷേപകർ ഇന്നലെയും വിൽപന തുടർന്നു.7482.08 കോടി രൂപയുടെ ഓഹരികൾ അവർ ക്യാഷ് വിപണിയിൽ വിറ്റു. ഈ മാസം നാലു ദിവസം കൊണ്ട് വിദേശികളുടെ വിൽപന 26,096.69 കോടി രൂപയായി. സ്വദേശി ഫണ്ടുകൾ 5331 കോടിയുടെ ഓഹരികൾ വാങ്ങി. യുഎസ് പലിശ നിരക്ക് കൂടുകയും കടപ്പത്രവിലകൾ കുറയുകയും ചെയ്യുകയാണ്. വിദേശികൾ സുരക്ഷിതമായ യുഎസ് കടപ്പത്രങ്ങൾ വാങ്ങാനാണ് ആഗ്രഹിക്കുന്നത്.
വിപണിയിലെ ബെയറിഷ് മനോഭാവം മാറുന്നില്ല. റിക്കാർഡിൽ നിന്നു ഗണ്യമായി താഴ്ന്നതിനാൽ ആശ്വാസറാലിക്കു സമയമായി എന്നു പലരും പറയുന്നുണ്ടെങ്കിലും വിപണി ഗതി മറ്റുകാരണങ്ങളാൽ തിരിഞ്ഞു പോയിരിക്കുകയാണ്. യുദ്ധം, രൂക്ഷ വിലക്കയറ്റം, സാമ്പത്തിക മുരടിപ്പ് തുടങ്ങിയവയുടെ ആശങ്കകളാണു വിപണിയെ വലിച്ചു താഴ്ത്തുന്നത്.
നിഫ്റ്റിക്ക് ചാർട്ടുകൾ പ്രകാരമുള്ള സമീപ സപ്പോർട്ടുകളെക്കാൾ താഴ്ന്നാണ് ഈ ദിവസങ്ങളിൽ വ്യാപാരം തുടങ്ങുന്നതും അവസാനിക്കുന്നതും.
ക്രൂഡ് ഉയർന്നു തന്നെ
ക്രൂഡ് ഓയിൽ വില ഇന്നലെ സ്പോട്ട് വിപണിയിൽ വീപ്പയ്ക്ക് 139 ഡാേളർ വരെ എത്തി. പിന്നീടു താണു. ഇന്നു രാവിലെ 127 ഡോളറിലാണു സ്പോട്ട് വ്യാപാരം. ബ്രെൻറ് ഇനം ഏപ്രിൽ അവധിവില 123. 2 ഡോളറിൽ ഇന്നലെ ക്ലോസ് ചെയ്തു. ഇന്നു രാവിലെ വില 122 ഡോളറിലേക്കു താണു. റഷ്യയുടെ എണ്ണ വാങ്ങുന്നതിന് നിയന്ത്രണവും അധിക നികുതിയും ചുമത്താനാണു യുഎസ് ആലോചിക്കുന്നത്. യൂറോപ്യൻ രാജ്യങ്ങളെ ഇപ്പോൾ ഉപരോധ ഭാഗമാക്കണോ എന്നു തീരുമാനിച്ചിട്ടില്ല. ക്രൂഡ് ഉപരോധിച്ചാൽ യൂറോപ്പിലേക്കു പ്രകൃതി വാതകം നൽകുന്നതു മുടക്കുമെന്നു റഷ്യ പറയുന്നു. എങ്കിലും പ്രകൃതിവാതക വില ഇന്നലെ അഞ്ചു ഡോളറിൽ നിന്ന് 4.8 ഡോളറിലേക്കു താണു.
ലോഹങ്ങൾ കുതിക്കുന്നു
വ്യാവസായിക ലോഹങ്ങൾ വലിയ കുതിപ്പിലാണ് നിക്കൽ ഇന്നലെ 44.4 ശതമാനം കുതിച്ചു. ടണ്ണിന് 29,775 ഡോളറിൽ നിന്ന് 42,995 ലേക്ക്. ചെമ്പുവില 10,730 ഡോളറിലേക്കു കയറി. ഇരുമ്പയിര് വില നാലു ശതമാനം ഉയർന്നു. കഴിഞ്ഞയാഴ്ച 10 ശതമാനം വർധിച്ച യൂറോപ്യൻ സ്റ്റീൽ വില ഇന്നലെ മൂന്നു ശതമാനം ഉയർന്നു. ലിഥിയം മുതൽ പല്ലാഡിയം വരെയുള്ള അപൂർവ ലോഹങ്ങൾക്കു വില പല മടങ്ങായി.
സ്വർണം ഇന്നലെ 2005 ഡോളർ വരെ ഉയർന്നു. ഇടയ്ക്ക് 1961 ഡോളർ വരെ താഴ്ന്നെങ്കിലും ഇന്നു രാവിലെ 1993- 1995
ഡോളറിലേക്കെത്തി. വില വീണ്ടും കയറുമെന്നു വ്യാപാരികൾ പറയുന്നു.
രൂപ ഇന്നലെ ഒരു ശതമാനത്തിലധികം ഇടിഞ്ഞു. ഡോളർ 76.93 രൂപയിൽ ക്ലോസ് ചെയ്തു റിക്കാർഡിട്ടു. ഡോളർ സൂചികയും ക്രൂഡ് വിലയും ഉയരുന്നതു രൂപയെ ദുർബലമാക്കും.
പിടിവിട്ടു വിലക്കയറ്റം
ക്രൂഡ് ഓയിൽ മുതൽ ലോഹങ്ങൾ വരെയുള്ളവയുടെ വില റോക്കറ്റ് പോലെ കുതിച്ചു കയറുന്നത് പൊതു വിലക്കയറ്റം പിടി വിട്ടു കയറാൻ കാരണമാകും. കുതിച്ചു പായുന്ന വിലക്കയറ്റത്തോടൊപ്പം സാമ്പത്തിക വളർച്ചയിൽ മാന്ദ്യവും ഉണ്ടാകും എന്നാണു ഭീതി. ഇന്ധന വില ഈ ദിവസങ്ങളിൽ വർധിപ്പിക്കുമെന്നാണു സൂചന. ഭക്ഷ്യ എണ്ണകളുടെയും ധാന്യങ്ങളുടെയും വിലക്കയറ്റം അടുക്കള ബജറ്റുകളുടെ താളം തെറ്റിക്കും. നിത്യോപയോഗ സാധനങ്ങൾ, ഇലക്ട്രാേണിക് സാധനങ്ങൾ, ഗൃഹോപകരണങ്ങൾ, വാഹനങ്ങൾ തുടങ്ങിയവയുടെ വില വർധിപ്പിക്കാതെ പിടിച്ചു നിൽക്കാനാവില്ലെന്നു കമ്പനികൾ പറയുന്നു. പല നിർമാതാക്കളും പത്തു ശതമാനത്തിനടുത്ത വില വർധനയാണു പ്ലാൻ ചെയ്യുന്നത്. ഇവയൊന്നും വിപണിക്കു സുഖകരമായ അന്തരീക്ഷമല്ല നൽകുന്നത്.
റഷ്യൻ ക്രൂഡിന് ഉപരോധം?
ഇന്നലെ രാത്രി രണ്ടു പ്രധാന വാർത്തകൾ ഉണ്ടായി. ഒന്ന്: റഷ്യയിൽ നിന്നുള്ള ക്രൂഡ് ഓയിലും പ്രകൃതി വാതകവും വിലക്കാൻ യുഎസ് കോൺഗ്രസിലെ ഭരണ- പ്രതിപക്ഷങ്ങൾ ധാരണയിലെത്തി. രണ്ട്: നാറ്റോയിൽ ചേരില്ലെന്നും റഷ്യ നേരത്തേ പിടിച്ച ക്രൈമിയയും റഷ്യൻ പക്ഷക്കാരുടെ കൈയിലുള്ള ഡോൺ ബാസ് പ്രദേശവും കൈയൊഴിയാമെന്നും യുക്രെയ്ൻ സമ്മതിച്ചാൽ യുദ്ധം നിർത്താമെന്നു റഷ്യൻ പ്രസിഡൻ്റ് വ്ലാദിമിർ പുടിൻ പറഞ്ഞു.
യുദ്ധവിരാമ ചർച്ചകൾക്കു വഴി തുറക്കാവുന്നതാണു പുടിൻ്റെ നിലപാട്. അതേ സമയം റഷ്യൻ സമ്പദ്ഘടനയെയും യുദ്ധ ശേഷിയെയും ശ്വാസം മുട്ടിക്കുന്നതാണ് റഷ്യൻ ഇന്ധന ഉപരോധം. ക്രൂഡ് ഓയിൽ വില അചിന്ത്യമായ ഉയരങ്ങളിൽ എത്തിക്കാനും ഇന്ധന ഉപരോധം കാരണമാകും. സൗദി അറേബ്യ കഴിഞ്ഞാൽ ഏറ്റവുമധികം ക്രൂഡ് കയറ്റുമതി ചെയ്യുന്ന രാജ്യമാണു റഷ്യ. വിലക്ക് റഷ്യയെ മാത്രമല്ല എല്ലാ രാജ്യങ്ങളെയും ബാധിക്കും. 2008-ൽ 147.5 ഡോളർ വരെ കയറിയ ക്രൂഡ് ഓയിൽ വില ഉപരോധം വന്നാൽ 200 ഡാേളറിൽ എത്തുമെന്നാണു ചിലർ പ്രവചിക്കുന്നത്. 300 ഡോളറിലെത്തുമെന്ന് ഒരു റഷ്യൻ പ്രസിദ്ധീകരണം എഴുതി.
This section is powered by Muthoot Finance
Next Story
Videos