വില്‍പ്പന സമ്മര്‍ദ്ദത്തില്‍ റെക്കോഡ് കാറ്റില്‍ പറത്തി സൂചികകള്‍, കൊട്ടക്കിനും അദാനിക്കും ക്ഷീണമായി വീണ്ടും ഹിന്‍ഡന്‍ബെര്‍ഗ്

ഉയരുമ്പോള്‍ വില്‍ക്കുക, കുറയുമ്പോള്‍ വാങ്ങുക എന്ന സിദ്ധാന്തത്തിലായിരുന്നു ഓഹരി വിപണിയുടെ ഇന്നത്തെ നീക്കം. ഇരു സൂചികകളും പുതിയ റെക്കോഡ് താണ്ടും വരെ ഈ ഒരു രീതി പിന്തുടര്‍ന്നു. പക്ഷെ വ്യാപാരാന്ത്യം വരെ ആ നേട്ടം നിലനിറുത്താനായില്ല. നേരിയ നഷ്ടത്തോടെയാണ് ഇരു സൂചികകളും ഇന്ന് വ്യാപാരം അവസാനിപ്പിച്ചത്. നിഫ്റ്റി 24,236.35 വരെ ഉയര്‍ന്ന ശേഷം 18 പോയിന്റ് നഷ്ടത്തോടെ 24,123.85ല്‍ ക്ലോസ് ചെയ്തു. സെന്‍സെക്‌സ് 79,855.87 പോയിന്റ് വരെ ഉയര്‍ന്ന ശേഷം 35 പോയിന്റ് നഷ്ടത്തോടെ 79,441.45ലുമെത്തി.

ഐ.സി.ഐ.സി.ഐ ബാങ്ക്, ഭാരതി എയര്‍ടെല്‍, കൊട്ടക് മഹീന്ദ്ര ബാങ്ക്, എസ്.ബി.ഐ എന്നിവയാണ് ഇന്ന് കനത്ത വില്‍പ്പന സമ്മര്‍ദ്ദത്തിലകപ്പെട്ടത്. അതേസമയം എച്ച്.ഡി.എഫ്.സി ബാങ്ക്, ലാര്‍സന്‍ ആന്‍ഡ് ട്യൂബ്രോ, ഇന്‍ഫോസിസ്, ടി.സി.എസ് എന്നിവ ഇന്ന് സൂചികകളെ വലിയ നഷ്ടത്തിലേക്ക് പോകാതെ പിടിച്ചു നിറുത്തി.
വിവിധ സൂചികകളുടെ പ്രകടനം
നിഫ്റ്റി മീഡിയ, ഐ.ടി, റിയല്‍റ്റി, ഓയില്‍ ആന്‍ഡ് ഗ്യാസ് എന്നിവ ഒഴികെയുള്ള സൂചികകളെല്ലാം തന്നെ നഷ്ടത്തിലായിരുന്നു. നിഫ്റ്റി ബാങ്ക് 0.74 ശതമാനം ഇടിഞ്ഞപ്പോള്‍ പി.എസ്.യു ബാങ്ക് 1.82 ശതമാനവും പ്രൈവറ്റ് ബാങ്ക് 0.83 ശതമാനവും ഇടിഞ്ഞു. എഫ്.എം.സി.ജി, ഓട്ടോ സൂചികകളും യഥാക്രമം 0.80 ശതമാനം, 0.79 ശതമാനം നഷ്ടത്തിലായിരുന്നു. നിഫ്റ്റി മിഡ് ക്യാപ് സൂചിക 0.78 ശതമാനവും സ്‌മോള്‍ക്യാപ് സൂചിക 0.45 ശതമാനവും ഇടിഞ്ഞു.
ബി.എസ്.ഇയില്‍ ഇന്ന് 4,008 ഓഹരികളാണ് വ്യാപാരം നടത്തിയത്. ഇതില്‍ 2,036 ഓഹരികളും മുന്നേറി. 1,880 ഓഹരികളുടെ വില ഇടിഞ്ഞു. 92 ഓഹരികളുടെ വില മാറിയില്ല.
അംബുജ സിമന്റ്‌സ്, ഗ്രാസിം ഇന്‍ഡസ്ട്രീസ്, ഐ.സി.ഐ.സി.ഐ ലൊംബാര്‍ഡ്, ജെ.എസ്.ഡബ്ല്യു സ്റ്റീല്‍, ഇന്‍ഫോ എഡ്ജ്, പെര്‍സിസ്റ്റന്റ് സിസ്റ്റംസ്, ട്രെന്റ്, അള്‍ട്രാ ടെക് സിമന്റ്, സൊമാറ്റോ തുടങ്ങി 358 ഓഹരികള്‍ ഇന്ന് 52 ആഴ്ചയിലെ ഉയര്‍ന്ന വില തൊട്ടു. 17 ഓഹരികള്‍ താഴ്ന്ന വിലയിലേക്കും പോയി. 10 ഓഹരികളാണ് അപ്പര്‍സര്‍ക്യൂട്ടിലുള്ളത്. മൂന്ന് ഓഹരികള്‍ ലോവര്‍ സര്‍ക്യൂട്ടിലുമുണ്ട്.
കയറിയും ഇറങ്ങിയും
സെബിയുടെ കാരണം കാണിക്കല്‍ നോട്ടീസ് ലഭിച്ച ഹിന്‍ഡന്‍ബെര്‍ഗ് വിശദീകരണവുമായി രംഗത്ത് വന്നതോടെ കൊട്ടക് മഹീന്ദ്ര ബാങ്കിന്റെയും അദാനി ഗ്രൂപ്പ് കമ്പനികളുടെയും ഓഹരികളില്‍ ഇടിവുണ്ടായി.
കൊ
ട്ടക് ബാങ്ക് രൂപീകരിച്ച ഫണ്ട് ഉപയോഗിച്ച് അദാനി എന്റര്‍പ്രൈസസ് ഓഹരികള്‍ ഷോര്‍ട്ട് സെല്‍ ചെയ്തുവെന്നാണ് ആരോപണം. കൊട്ടക് മഹീന്ദ്ര ബാങ്ക് ഓഹരി വില 2.49 ശതമാനം ഇടിഞ്ഞു. അദാനി ഗ്രൂപ്പിലെ എ.സി.സി, അദാനി പോര്‍ട്‌സ്, അദാനി ടോട്ടല്‍ ഗ്യാസ്, അദാനി വില്‍മര്‍, എന്‍.ഡി.ടി.വി ഒഴികെയുള്ള ഓഹരികളും ഇടിവിലാണ്.

ഇന്ന് നേട്ടം കുറിച്ചവര്‍

ഗോദ്‌റേജ് പ്രോപ്പര്‍ട്ടീസ് ഇന്ന് നാല് ശതമാനത്തിലധികം നേട്ടവുമായി നിഫ്റ്റിയിലെ മുഖ്യ നേട്ടക്കാരായി. സംവര്‍ധന മദേഴ്‌സണ്‍ ഇന്റര്‍നാഷണല്‍, ദീപക് നൈട്രൈറ്റ്, കൊഫോര്‍ജ്, എല്‍ ആന്‍ഡ് ടി എന്നിവയാണ് നേട്ടത്തില്‍ മുന്നുള്ള മറ്റ് ഓഹരികള്‍.

ഗോദ്‌റേജ് പ്രോപ്പര്‍ട്ടീസ് 3,150 കോടി രൂപ മുതല്‍ മുടക്ക് വരുന്ന 2,000 ഭവനങ്ങളുടെ പദ്ധതി പ്രഖ്യാപിച്ചതാണ് ഇന്ന് ഓഹരിയെ നാല് ശതമാനം ഉയര്‍ത്തിയത്.

വോളിയം അടിസ്ഥാനപ്പെടുത്തിയല്ലാതെയുള്ള ബ്രോക്കര്‍മാര്‍ക്ക് ഏകീകത നിരക്ക് നിശ്ചയിക്കാന്‍ സെബി നിര്‍ദേശിച്ചതിനെ തുടര്‍ന്ന് ബ്രോക്കിംഗ് സ്‌റ്റോക്കുകള്‍ ഇന്ന് ഇടിഞ്ഞു. മോട്ടിലാല്‍ ഒസ്‌വാള്‍ 4.2 ശതമാനവും എസ്.എം.സി ഗ്ലോബല്‍ സെക്യൂരിറ്റീസ് മൂന്ന് ശതമാനവും ഇടിഞ്ഞു. ബോംബെ സ്‌റ്റോക്ക് എക്‌സ്‌ചേഞ്ച് ഓഹരികളിലും ഇത് 3.3 ശതമാനം ഇടിവുണ്ടാക്കി.

നൂറു കോടി രൂപയുടെ ബ്രോക്ക് ഡീല്‍ നടന്നതിനെ തുടര്‍ന്ന് ഐ.ആര്‍.ഇ.ഡി.എ ഓഹരി വ്യാപാരത്തിന്റെ അവസാന നിമിഷങ്ങളില്‍ 6 ശതമാനത്തിലധികം ഉയര്‍ന്നു. ഫോളോ ഓണ്‍ ഓഫര്‍ വഴി 4,000-5,000 കോടി സമാഹരിക്കാന്‍ ഐ.ആര്‍.ഇ.ഡി.എ അനുമതി തേടുന്നുണ്ട്.

യു.എ.ഇയില്‍ നിന്ന് 375 കോടി രൂപയുട ഓര്‍ഡര്‍ ലഭിച്ചതിനെ തുടര്‍ന്ന് ഗാന്ധാര്‍ ഓയില്‍ ഇന്ന് നാല് ശതമാനം ഉയര്‍ന്നിരുന്നു.

ഇന്ന് നഷ്ടം കുറിച്ചവര്‍

മാക്‌സ് ഹെല്‍ത്ത്‌കെയര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഇന്ന് 4.46 ശതമാനം ഇടിവുമായി നിഫ്റ്റിയിലെ മുഖ്യ നഷ്ടക്കാരാണ്. ബി.എസ്.ഇ, വോഡഫോണ്‍, ഐഡിയ , ഫോര്‍ട്ടിസ് ഹെല്‍ത്ത്‌കെയര്‍, ശ്രീറാം ഫിനാന്‍സ് എന്നിവയാണ് ഇന്ന് കൂടുതല്‍ നഷ്ടം നേരിട്ട ഓഹരികള്‍.

വാഹന വില്‍പ്പനയില്‍ ജൂണ്‍ മാസത്തില്‍ ഇടിവ് രേഖപ്പെടുത്തിയത് ഓട്ടോ ഓഹരികളെ ബാധിച്ചു. മാരുതി സുസുക്കി ഓഹരി ഇന്ന് 0.55 ശതമാനം ഇടിവിലായി.
മുന്നേറ്റത്തിൽ കേരള ആയുര്‍വേദ

കേരള ആയുര്‍വേദ ഓഹരികളാണ് ഇന്ന് 10 ശതമാനം നേട്ടവുമായി കേരള കമ്പനി ഓഹരികളില്‍ മുന്നില്‍. ഹാരിസണ്‍സ് മലയാളം ഓഹരികള്‍ ഇന്ന് 5.73 ശതമാനം ഉയര്‍ന്നു.

കേരള കമ്പനി ഓഹരികളിലെ പുതുമുഖമായ ആഡ്‌ടെക് ഇന്നും അഞ്ച് ശതമാനം അപ്പര്‍സര്‍ക്യൂട്ടിലെത്തി. ഓഹരി വില 100 രൂപ കടന്നു. റബ്ഫില ഇന്റര്‍നാഷണല്‍, പോപ്പീസ് കെയര്‍, വി-ഗാര്‍ഡ് എന്നിവയും ഇന്ന് നേട്ടത്തില്‍ മുന്നില്‍ നിന്നു. ജിയോജിത് ഓഹരികളിന്ന് ഏഴ് ശതമാനത്തോളം ഇടിഞ്ഞു.


ഒന്നാം പാദപ്രവര്‍ത്തനകണക്കുകള്‍ പുറത്തുവിട്ടതിനെ തുടര്‍ന്ന് സി.എസ്.ബി ബാങ്ക് ഓഹരി ഇന്ന് രാവിലത്തെ വ്യാപാരത്തിനിടെ അഞ്ച് ശതമാനം ഉയര്‍ന്നിരുന്നു. നിലവില്‍ 1.67 ശതമാനം ഉയര്‍ന്ന് 381.5 രൂപയിലാണ് ഓഹരി.

ഒന്നാം പാദത്തില്‍ നിക്ഷേപ വളര്‍ച്ച കുറഞ്ഞ സൗത്ത് ഇന്ത്യന്‍ ബാങ്ക് ഓഹരികള്‍ ഒരു ശതമാനത്തിലധികം താഴ്ന്നു. വെര്‍ട്ടെക്‌സ്, സ്‌കൂബി ഡേ തുടങ്ങിയ ഓഹരികളും നഷ്ടത്തില്‍ മുന്നിലെത്തി.

Related Articles
Next Story
Videos
Share it