മാരുതിയുടെ ബലത്തില്‍ മുന്നേറ്റം, റെക്കോഡില്‍ വ്യാപാരം അവസാനിപ്പിച്ച് സൂചികകള്‍

മാരുതി സുസുകിയുടെയും കണ്‍സ്യൂമര്‍ ഓഹരികളുടെയും കരുത്തില്‍ സര്‍വകാല റെക്കോഡില്‍ വ്യാപാരം അവസാനിപ്പിച്ച് സൂചികകള്‍. ആഗോള വിപണികളില്‍ നിന്നുള്ള കരുത്തുറ്റ വളര്‍ച്ചാ പ്രതീക്ഷകള്‍ക്കൊപ്പം വിദേശ നിക്ഷേപകരുടെ തിരിച്ചുവരവും ഉണ്ടായതാണ് വിപണിയെ ഉഷാറാക്കിയത്. നിഫ്റ്റിയും സെന്‍സെക്‌സും ഇന്ന് പുതിയ റെക്കോഡ് തൊട്ടിരുന്നു. റെക്കോഡിലാണ് വ്യാപാരം അവസാനിപ്പിച്ചതും. വ്യാപാരത്തിനിടെ 80,397.17 വരയെത്തിയ സെന്‍സെക്‌സ് 391 പോയിന്റ് ഉയര്‍ന്ന് 80,352ലാണ് വ്യാപാരം അവസാനിപ്പിച്ചത്. 24,443.60 വരെ എത്തിയ നിഫ്റ്റി 113 നേട്ടത്തോടെ 24,433ലുമെത്തി.

മാരുതി സുസുകി, മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര, ഐ.ടി.സി, സണ്‍ഫാര്‍മ എന്നിവ ഇന്ന് രണ്ട് മുതല്‍ ആറ് ശതമാനം വരെ ഉയര്‍ന്ന് വിപണിക്ക് തുണയായി നിന്നപ്പോള്‍ റിലയന്‍സ് ഇന്‍ഡസ്ട്രീസ്, കൊട്ടക് ബാങ്ക്, ബജാജ് ഫിനാന്‍സ്, ജെ.എസ്.ഡബ്ല്യു എന്നിവ നഷ്ടത്തിന്റെ പാതയിലായി.
അടിസ്ഥാനപരമായി ശക്തമായ ഓഹരികളിലേക്ക് നിക്ഷേപകര്‍ ശ്രദ്ധിച്ചതാണ് ഇന്നലത്തെ തളര്‍ച്ചയില്‍ നിന്ന് വിപണിയെ ഉണര്‍ത്തിയത്. എന്നാല്‍ റിലയന്‍സും ഇന്‍ഫോസിസും പോലുള്ള വമ്പന്‍ ഓഹരികളില്‍ ലാഭമെടുക്കലും നടന്നു.
ആഗോള വിപണികള്‍ യു.എസില്‍ നിന്നുള്ള വാര്‍ത്തകള്‍ക്ക് കാത്തിരിക്കുന്നതിനാല്‍ സമ്മിശ്ര പ്രകടനമാണ് കാഴ്ചവച്ചത്. അമേരിക്കന്‍ കേന്ദ്ര ബാങ്കായ ഫെഡറല്‍ റിസര്‍വിന്റെ ചെയര്‍മാന്‍ ജെറോം പവലിന്റെ പ്രസ്താവന ഇന്നും നാളെയുമായി പുറത്തുവരും.
വിശാല വിപണിയുടെ നീക്കം
വിവിധ സെക്ടറുകളെടുത്താല്‍ നിഫ്റ്റി ഓട്ടോ 2.2 ശതമാനം ഉയര്‍ന്നു. നിഫ്റ്റി ഫാര്‍മ, ബാങ്ക്, ഫിനാന്‍ഷ്യല്‍ സര്‍വീസസ്, റിയല്‍റ്റി, ഹെല്‍ത്ത്‌കെയര്‍ തുടങ്ങിയ മേഖലകളും ഇന്ന് ഉയര്‍ന്നാണ് വ്യാപാരം അവസാനിപ്പിച്ചത്. നിഫ്റ്റി ഐ.ടിയും ഓയില്‍ ആന്‍ഡ് ഗ്യാസും മാത്രമാണ് ഇന്ന് നഷ്ടത്തില്‍പെട്ടത്. ഹൈബ്രിഡ് കാറുകള്‍ക്ക് രജിസ്‌ട്രേഷന്‍ നികുതി പൂര്‍ണമായും ഒഴിവാക്കിയതാണ് ഓട്ടോ ഓഹരികള്‍ക്ക് ഗുണമായത്.

വിവിധ സൂചികകളുടെ ഇന്നത്തെ പ്രകടനം

ഇന്ന് ബി.എസ്.ഇയിലെ ലിസ്റ്റഡ് കമ്പനികളുടെ സംയോജിത വിപണി മൂല്യം 451.3 ലക്ഷം കോടിയായി. 1.6 ലക്ഷം കോടി രൂപയുടെ വര്‍ധനയാണ് നിക്ഷേപകരുടെ സമ്പത്തിലുണ്ടായത്.
ബി.എസ്.ഇയില്‍ ഇന്ന് 4,026 ഓഹരികള്‍ വ്യാപാരം നടത്തി. ഇതില്‍ 2,011 ഓഹരികളും നേട്ടത്തിലായി. 1,920 ഓഹരികള്‍ വിലയിടിവ് നേരിട്ടു. 93 ഓഹരികളുടെ വിലകള്‍ക്ക് മാറ്റമുണ്ടായില്ല.
ഐ.സി.ഐ.സി.ഐ ബാങ്ക്, സൊമാറ്റോ, ഡോ റെഡ്ഡീസ് ലാബ്‌സ്, ലുപിന്‍, ഗെയില്‍, ആര്‍.ഇ.സി എന്നിവയടക്കം 331 ഓഹരികളുടെ വില 52 ആഴ്ചയിലെ ഉയര്‍ന്ന നിലവാരത്തിലെത്തി. 24 ഓഹരികള്‍ താഴ്ന്ന വില തൊട്ടു.
ഇന്ന് 11 ഓഹരികളാണ് അപ്പര്‍ സര്‍ക്യൂട്ടിലുള്ളത്. ലോവര്‍ സര്‍ക്യൂട്ടില്‍ ഒറ്റ ഓഹരി മാത്രം.
അരി കയറ്റുമതിയ്ക്ക് ഏര്‍പ്പെടുത്തിയിരുന്ന നിയന്ത്രണം നീക്കാനൊരുങ്ങുന്നുവെന്ന വാര്‍ത്തകള്‍ ഇന്ന് റൈസ് സ്‌റ്റോക്കുകളെ 14 ശതമാനം വരെ ഉയര്‍ത്തി. കെ.ആര്‍.ബി.എല്‍ ഓഹരി 13 ശതമാനം ഉയര്‍ന്ന് 349 രൂപയിലെത്തി. എല്‍.ടി ഫുഡ്‌സ് 14.5 ശതമാനം ഉയര്‍ന്ന് ഓഹരി വില 52 ആഴ്ചയിലെ ഉയര്‍ന്ന നിലവാരമായ 296 രൂപയിലെത്തി. കൊഹിനൂര്‍ ഫുഡ്‌സ് ഓഹരി 11 ശതമാനം ഉയര്‍ന്ന് 46.50 രൂപയിലുമായി. ഒക്ടോബറോടെ പുതിയ വിളവെടുപ്പ് ആരംഭിക്കുന്നതിനാല്‍ രാജ്യത്ത് അരി കെട്ടക്കിടക്കുന്നത് ഒഴിവാക്കാനാണ് നിയന്ത്രണം നീക്കുന്നത്.
കുതിച്ചും കിതച്ചും
നിഫ്റ്റി 50യില്‍ മാരുതി സുസുക്കി, ഡിവിസ് ലാബ്‌സ്, മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര എന്നിവയാണ് കൂടുതല്‍ നേട്ടമുണ്ടാക്കിയത്.
മുംബൈയില്‍ സി.എന്‍.ജിയുടെയും പി.എന്‍.ജിയുടെയും വില വര്‍ധിപ്പിച്ചത് ഇന്ന് മഹാനഗര്‍ ഗ്യാസിന്റെ ഓഹരി വിലയില്‍ അഞ്ച് ശതമാനത്തിലധികം വര്‍ധനയുണ്ടാക്കി.
ജൂപ്പിറ്റര്‍ വാഗണ്‍സ് ഓഹരി വില ഇന്ന് മൂന്ന് ശതമാനം ഉയര്‍ന്നു. ക്വാളിഫൈഡ് ഇന്‍സ്റ്റിറ്റ്യൂഷണൽ പ്ലേസ്‌മെന്റ് വഴി മൂലധനം സമാഹരിക്കുന്നതിന് ഫണ്ട് റെയ്‌സിംഗ് കമ്മിറ്റി അനുമതി നല്‍കിയതാണ് ഓഹരി വില ഉയര്‍ത്തിയത്.

നേട്ടത്തിലേറിയവര്‍

ഗ്ലാന്‍ഡ് ഫാര്‍മയാണ് ഇന്ന് നിഫ്റ്റി 200 കൂടുതല്‍ ഉയര്‍ന്ന ഓഹരി. 6.87 ശതമാനമാണ് വര്‍ധന. മാരുതി സുസുക്കി ഇന്ത്യ 6.52 ശതമാനവും യൂണിയന്‍ ബാങ്ക് ഓഫ് ഇന്ത്യ 4.77 ശതമാനവും അദാനി പവര്‍ 2.26 ശതമാനവും ബോഷ് 3.53 ശതമാനവും മുന്നേറ്റത്തിലായി.

നഷ്ടത്തിലായവര്‍

കഴിഞ്ഞ ദിവസം വലിയ മുന്നേറ്റം കാഴ്ചവച്ച റെയില്‍ വികാസ് നിഗം ലിമിറ്റഡ് ആണ് ഇന്ന് കൂടുതല്‍ വിലനഷ്ടം രേഖപ്പെടുത്തിയത്. ഓഹരി വില 3.69 ശതമാനം താഴ്ന്ന്‌ 545 രൂപയിലെത്തി. ഐ.ആര്‍.എഫ്.സി ഓഹരി 2.51 ശതമാനം ഇടിഞ്ഞു. പേയ്ടിഎമ്മിന്റെ മാതൃ കമ്പനിയായ വണ്‍ 97 കമ്മ്യൂണിക്കേഷന്‍സ് 2.4 ശതമാനവും ബന്ധന്‍ ബാങ്ക് 1.92 ശതമാനവും നഷ്ടത്തിലാണ്.
മുന്നേറ്റം തുടർന്ന് ആഡ് ടെക്കും സെല്ല സ്‌പേസും

കേരള കമ്പനി ഓഹരികളില്‍ ഇന്ന് 10.75 ശതമാനം ഉയര്‍ന്ന ഹാരിസണ്‍സ് മലയാളം ഓഹരികളാണ് മികച്ച പ്രകടനം കാഴ്ചവച്ചത്. തേയില ഉത്പാദനം കുറഞ്ഞതു മൂലം വില ഉയര്‍ന്നതായുള്ള കണക്കുകള്‍ പുറത്തുവന്നതാണ് ഹാരിസണ്‍സ് ഉള്‍പ്പെടെയുള്ള തേയില കമ്പനി ഓഹരികള്‍ക്ക് ഗുണമായത്. രാജ്യത്തെ മുഖ്യ തേയില ഉത്പാദക സംസ്ഥാനമായ അസമില്‍ ഈ വര്‍ഷം ഇതുവരെ ഉത്പാദനത്തില്‍ 100 മില്യണ്‍ കിലോഗ്രാമിന്റെ കുറവാണുണ്ടായത്. മേയില്‍ ഉത്പാദനം മുന്‍ വര്‍ഷത്തെ ഇതേ കാലയളവിനെ അപേക്ഷിച്ച് 30 ശതമാനം കുറവുണ്ടായി. ടീ ബോര്‍ഡിന്റെ കണക്കുപ്രകാരം തേയില വില 20 ശതമാനമാണ് ജൂണില്‍ വര്‍ധിച്ചത്. അതേ സമയം തേയില കയറ്റുമതി മുന്‍ വര്‍ഷത്തേക്കാള്‍ 37 ശതമാനം വര്‍ധിക്കുകയും ചെയ്തു.

Also Read : ₹25 കോടി വിപണി മൂല്യമുള്ള ഈ കേരള കമ്പനി ആലുവയിലെ ആസ്തികള്‍ വില്‍ക്കുന്നു; ₹94 കോടിയുടെ ഇടപാട്

കേരള കമ്പനി ഓഹരികളുടെ പ്രകടനം

എ.വി.റ്റി നാച്വറല്‍ പ്രോഡക്ട്‌സ് ഓഹരിയും ഇന്ന് 4.53 ശതമാനം ഉയര്‍ന്നു. അപ്പോളോ ടയേഴ്‌സ്, ആസ്പിന്‍വാള്‍, സി.എസ്.ബി ബാങ്ക്, ജിയോജിത് ഫിനാന്‍ഷ്യല്‍ സര്‍വീസസ് തുടങ്ങിയ ഓഹരികളും ഇന്ന് നേട്ടത്തില്‍ മുന്നില്‍ നിന്നു. ആഡ് ടെക് സിസ്റ്റംസ് ഇന്നും 5 ശതമാനം അപ്പര്‍ സര്‍ക്യൂട്ടിലാണ്. സെല്ല സ്‌പേസ് ഓഹരികളും ഉയര്‍ച്ച തുടര്‍ന്നു. ഓഹരി വില അഞ്ച് ശതമാനത്തോളം ഉയർന്ന് 13.34 രൂപയിലെത്തി. സഫ സിസ്റ്റംസ്‌, ബി.ടി.എന്‍ ടെക്‌സ്റ്റൈല്‍സ്, കേരള ആയുര്‍വേദ, റബ്ഫില എന്നിവയാണ് ഇന്ന് കൂടുതല്‍ നഷ്ടത്തിലേക്ക് പോയ കേരള ഓഹരികള്‍.

Related Articles

Next Story

Videos

Share it