പണപ്പെരുപ്പ പേടി വീണ്ടും: ഓഹരികളില്‍ നഷ്ടം തുടരുന്നു

ആശ്വാസനിരക്കിലേക്ക് കുത്തനെ താഴ്ന്ന റീട്ടെയ്ല്‍ പണപ്പെരുപ്പം ഇന്ത്യന്‍ ഓഹരി സൂചികകളില്‍ വീണ്ടും ആശങ്കയുടെ കരിനിഴല്‍ വീഴ്ത്തുന്നു. ഏപ്രിലില്‍ റീട്ടെയ്ല്‍ പണപ്പെരുപ്പം ഒന്നരവര്‍ഷത്തെ താഴ്ചയായ 4.7 ശതമാനത്തിലേക്ക് താഴ്ന്നിരുന്നു.

ഇത് പരിഗണിച്ച് ഇക്കഴിഞ്ഞ പണനയത്തില്‍ റിസര്‍വ് ബാങ്ക് പലിശനിരക്കുകള്‍ മാറ്റമില്ലാതെ നിലനിറുത്തുകയും ചെയ്തിരുന്നു. എന്നാല്‍, പണപ്പെരുപ്പം കുറഞ്ഞെങ്കിലും നിയന്ത്രണങ്ങളില്‍ അയവ് വരുത്താന്‍ തത്കാലം ഉദ്ദേശിക്കുന്നില്ലെന്ന റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ശക്തികാന്ത ദാസിന്റെ അഭിപ്രായമാണ് നിക്ഷേപകരെ വലയ്ക്കുന്നത്. മേയിലെ പണപ്പെരുപ്പ കണക്ക് ജൂണ്‍ 12ന് (തിങ്കളാഴ്ച) പുറത്തുവരും. പണപ്പെരുപ്പത്തില്‍ നേരിയ വര്‍ദ്ധനയെങ്കിലുമുണ്ടായാല്‍ പലിശനിരക്ക് വീണ്ടും കൂട്ടാന്‍ റിസര്‍വ് ബാങ്ക് മടിക്കില്ലെന്ന വിലയിരുത്തലുകളാണ് ആശങ്കയുടെ കാര്‍മേഘത്തിന് കാരണം.

വിവിധ ഓഹരി വിഭാഗങ്ങളുടെ ഇന്നത്തെ പ്രകടനം


സെന്‍സെക്‌സ് 223 പോയിന്റിടിഞ്ഞ് (0.35 ശതമാനം) 62,625ലും നിഫ്റ്റി 71.15 പോയിന്റ് താഴ്ന്ന് 18,563ലുമാണ് വ്യാപാരാന്ത്യമുള്ളത്. സെന്‍സെക്‌സില്‍ ഇന്ന് ഒരു കമ്പനിപോലും അപ്പര്‍ സര്‍ക്യൂട്ടിലെത്തിയില്ല. രണ്ട് കമ്പനികള്‍ ലോവര്‍ സര്‍ക്യൂട്ടിലായിരുന്നു. 172 കമ്പനികള്‍ 52-ആഴ്ചത്തെ ഉയരത്തിലെത്തിയെങ്കിലും സൂചികയെ നേട്ടത്തിലേക്ക് ഉയര്‍ത്താനായില്ല.

31 കമ്പനികള്‍ 52-ആഴ്ചത്തെ താഴ്ചയിലെത്തി. 1,679 കമ്പനികള്‍ ഇന്ന് നേട്ടമുണ്ടാക്കിയപ്പോള്‍ 1,862 കമ്പനികള്‍ നഷ്ടത്തിലേക്ക് വീണു. 107 കമ്പനികളുടെ ഓഹരിവിലയില്‍ മാറ്റമുണ്ടായില്ല. അടുത്തയാഴ്ചത്തെ ഫെഡറല്‍ റിസര്‍വിന്റെ പണനയ പ്രഖ്യാപനത്തിലേക്കും ഉറ്റുനോക്കുകയാണ് നിക്ഷേപകര്‍. ഫെഡറല്‍ റിസര്‍വും പലിശ നിലനിറുത്തുമോ അതോ കൂട്ടുമോയെന്ന ആശങ്കയും ശക്തമാണ്.
നിരാശപ്പെടുത്തിയവര്‍
സ്വകാര്യബാങ്ക്, റിയല്‍റ്റി എന്നിവ ഒഴികെയുള്ള എല്ലാ നിഫ്റ്റി സൂചികകളും ഇന്ന് നഷ്ടത്തിലായിരുന്നു. പി.എസ്.യു ബാങ്കോഹരികള്‍ 1.21 ശതമാനവും എഫ്.എം.സി.ജി 0.92 ശതമാനവും ഇടിഞ്ഞു.
ഇന്ന് ഏറ്റവുമധികം ഇടിവ് നേരിട്ടവർ

ടാറ്റാ സ്റ്റീല്‍, എസ്.ബി.ഐ., എച്ച്.യു.എല്‍., എച്ച്.സി.എല്‍ ടെക്, ഏഷ്യന്‍ പെയിന്റ്‌സ് ഓഹരികളില്‍ ഇന്ന് കനത്ത വില്‍പന സമ്മര്‍ദ്ദമുണ്ടായി. കെമിക്കല്‍സ് രംഗത്തെ എസ്.ആര്‍.എഫ് ലിമിറ്റഡ്, ഐ.സി.ഐ.സി.ഐ പ്രുഡന്‍ഷ്യന്‍, ദീപക് നൈട്രൈറ്റ്, ഐ.സി.ഐ.സി.ഐ ലോമ്പാര്‍ഡ്, വോള്‍ട്ടാസ് എന്നിവയാണ് ഇന്ന് ഏറ്റവുമധികം നഷ്ടം നേരിട്ട കമ്പനികള്‍.
നേട്ടത്തിലേറിയവര്‍
ഹിന്ദുസ്ഥാന്‍ എയറോനോട്ടിക്‌സ്, പേയ്ടിഎം, ടാറ്റാ കമ്മ്യൂണിക്കേഷന്‍സ്, സൊമാറ്റോ, അവന്യൂ സൂപ്പര്‍മാര്‍ട്ട്‌സ് എന്നിവയാണ് ഇന്ന് ഏറ്റവുമധികം നേട്ടമുണ്ടാക്കിയ ഓഹരികള്‍. പ്രമുഖ ബ്രോക്കറേജ് സ്ഥാപനങ്ങള്‍ 'വാങ്ങല്‍' (buy) സ്റ്റാറ്റസ് നല്‍കിയതാണ് പേയ്ടിഎമ്മിന് നേട്ടമാകുന്നത്.
ഇന്ന് ഏറ്റവുമധികം നേട്ടം രചിച്ചവർ

ഇന്‍ഡസ്ഇന്‍ഡ് ബാങ്ക്, ആക്‌സിസ് ബാങ്ക്, പവര്‍ ഗ്രിഡ്, എല്‍ ആന്‍ഡ് ടി., അള്‍ട്രാടെക് സിമന്റ്, ടാറ്റാ മോട്ടോഴ്‌സ് എന്നിവയും ഇന്ന് നേട്ടത്തിലാണ്. ഒരുവര്‍ഷത്തെ ഉയരത്തിലാണ് സൊമാറ്റോ ഓഹരികള്‍ കുതിച്ചുകയറിയത്. സൊമാറ്റോയുടെ ഏറ്റവും പുതിയ പരസ്യം ദളിതരെ അപമാനിക്കുന്നതാണെന്ന് ചൂണ്ടിക്കാട്ടി സാമൂഹിക മാദ്ധ്യമങ്ങളില്‍ ബഹിഷ്‌കരണ ടാഗുകള്‍ വ്യാപകമാണ്. പക്ഷേ, ഓഹരിവില ഇന്ന് മുന്നേറുകയായിരുന്നു. പരസ്യം സൊമാറ്റോ പിന്‍വലിച്ചിട്ടുണ്ട്; മാപ്പും പറഞ്ഞു.
മുന്നേറി മണപ്പുറം
കേരളം ആസ്ഥാനമായ ഓഹരികളില്‍ ഇന്ന് ഏറ്റവുമധികം തിളക്കം മണപ്പുറം ഫിനാന്‍സിനായിരുന്നു; ഓഹരി 4.13 ശതമാനം മുന്നേറി. കടപ്പത്രങ്ങളിലൂടെ കമ്പനി ധനസമാഹരണം നടത്തുമെന്ന വാര്‍ത്തകളാണ് നേട്ടമായത്. വിദേശ ധനകാര്യ സ്ഥാപനങ്ങള്‍ (എഫ്.ഐ.ഐ) വന്‍തോതില്‍ മണപ്പുറം ഫിനാന്‍സ് ഓഹരികള്‍ വാങ്ങിക്കൂട്ടിയതും നേട്ടമായി.
ഇന്ന് കേരള കമ്പനികൾ കാഴ്ചവെച്ച പ്രകടനം

നീറ്റ ജെലാറ്റിന്‍, പാറ്റ്‌സ്പിന്‍, അപ്പോളോ ടയേഴ്‌സ്, ഹാരിസണ്‍സ് മലയാളം എന്നിവ രണ്ട് ശതമാനത്തിലധികം നേട്ടമുണ്ടാക്കി.
സ്‌കൂബിഡേ 3.28 ശതമാനം ഇടിഞ്ഞു. വണ്ടര്‍ല 2.77 ശതമാനം, ഫാക്ട് 2.35 ശതമാനം എന്നിങ്ങനെയും നഷ്ടത്തിലാണ്. എ.വി.ടി., കിംഗ്‌സ് ഇന്‍ഫ്ര, കിറ്റെക്‌സ്, കെ.എസ്.ഇ., സൗത്ത് ഇന്ത്യന്‍ ബാങ്ക് എന്നിവ ഒരു ശതമാനത്തിലധികവും നഷ്ടം നേരിട്ടു.
Anilkumar Sharma
Anilkumar Sharma  

Assistant Editor

Related Articles

Next Story

Videos

Share it