ഐ.ടിയിലേറി സൂചികകള്‍ മുന്നോട്ട്; ഓഹരിവില 20% കുതിച്ച കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡിന്റെ വിപണിമൂല്യം ₹21,000 കോടി ഭേദിച്ചു

ആഗോളതലത്തില്‍ നിന്ന് സമ്മിശ്രക്കാറ്റ് ആഞ്ഞടിക്കുകയും ഡിസംബറിലെ റീറ്റെയ്ല്‍ പണപ്പെരുപ്പക്കണക്ക് സംബന്ധിച്ച ആശങ്ക കാര്‍മേഘം പോലെ പടരുകയും ചെയ്തിട്ടും തുടര്‍ച്ചയായ മൂന്നാംദിവസവും നേട്ടത്തോടെ വ്യാപാരം അവസാനിപ്പിച്ച് ഇന്ത്യന്‍ ഓഹരി സൂചികകള്‍.

ഉച്ചയ്ക്കുശേഷം ഐ.ടി ഓഹരികളില്‍ ഉള്‍പ്പെടെ ദൃശ്യമായ മികച്ച വാങ്ങല്‍ ട്രെന്‍ഡാണ് സെന്‍സെക്‌സിനും നിഫ്റ്റിക്കും നേട്ടത്തില്‍ വ്യാപാരം അവസാനിപ്പിക്കാന്‍ സഹായകമായത്. ഇന്ന് മുന്നേറിയ ഒട്ടുമിക്ക ഓഹരികളും നേട്ടം സ്വന്തമാക്കിയത് ഉച്ചയ്ക്ക് ശേഷമാണ്.
നേരിയ നഷ്ടത്തോടെ വ്യാപാരം ആരംഭിച്ച സെന്‍സെക്‌സ് ഇന്ന് ഒരുവേള 71,110.98 വരെ താഴ്‌ന്നെങ്കിലും പിന്നീട് 71,733.84 വരെ ഉയര്‍ന്നു. 271.50 പോയിന്റ് (0.38%) നേട്ടവുമായി 71,657.71ലാണ് സെന്‍സെക്‌സുള്ളത്. ഒരുവേള 21,448 വരെ താഴുകയും 21,641.85 വരെ ഉയരുകയും ചെയ്ത നിഫ്റ്റിയുള്ളത് 73.85 പോയിന്റ് (0.34%) നേട്ടവുമായി 21,618.70ല്‍.
വിശാലവിപണിയില്‍ മിന്നി ഐ.ടിയും മീഡിയയും
ഡിസംബര്‍പാദത്തിലെ പ്രവര്‍ത്തനഫലങ്ങള്‍ വൈകാതെ പുറത്തുവരാനിരിക്കേ ഐ.ടി ഓഹരികളിലാണ് ഇന്ന് മുന്നേറ്റം കണ്ടത്. മുഖ്യ സൂചികകളുടെ മൊത്തത്തിലുള്ള കയറ്റത്തിന് ഐ.ടി ഓഹരികളുടെ പ്രകടനം നിര്‍ണായകമായി.
നിഫ്റ്റി ഐ.ടി ഇന്ന് 0.50 ശതമാനം നേട്ടമുണ്ടാക്കി. നിരവധി ബ്ലോക്ക് ഡീലുകള്‍ നിറഞ്ഞുനിന്ന മീഡിയ ഓഹരികളുടെ മുന്നേറ്റത്തിന്റെ കരുത്തില്‍ നിഫ്റ്റി മീഡിയ സൂചിക 3.47 ശതമാനം ഉയര്‍ന്നു.
വിവിധ ഓഹരി വിഭാഗങ്ങൾ ഇന്ന് കാഴ്ചവച്ച പ്രകടനം

നിഫ്റ്റി മെറ്റല്‍ (0.95%) സൂചികയും മികച്ച പിന്തുണ നല്‍കി. അടിസ്ഥാന പലിശനിരക്കില്‍ വൈകാതെ കുറവുകളുണ്ടാകുമെന്ന വിലയിരുത്തല്‍, അടിസ്ഥാനസൗകര്യ മേഖലയിലെ പുതിയ പദ്ധതികള്‍ തുടങ്ങിയവയുടെ ബലത്തിലാണ് മെറ്റല്‍ ഓഹരികളുടെ മുന്നേറ്റം.
നിഫ്റ്റി എഫ്.എം.സി.ജി (-0.40%), പി.എസ്.യു ബാങ്ക് (-0.26%), റിയല്‍റ്റി (-0.11%) എന്നിവ ഇന്ന് നഷ്ടം രേഖപ്പെടുത്തി. നിഫ്റ്റി സ്‌മോള്‍ക്യാപ്പ് സൂചികയും 0.15 ശതമാനം താഴ്ന്നു. നിഫ്റ്റി മിഡ്ക്യാപ്പ് 0.29 ശതമാനം നേട്ടത്തിലേറി. 0.25 ശതമാനമാണ് ബാങ്ക് നിഫ്റ്റിയുടെ നേട്ടം.
ഇവരാണ് താരങ്ങള്‍
റിലയന്‍സ് ഇന്‍ഡസ്ട്രീസ്, എച്ച്.സി.എല്‍ ടെക്, ഐ.സി.ഐ.സി.ഐ ബാങ്ക്, ടാറ്റാ മോട്ടോഴ്‌സ്, വിപ്രോ, ജെ.എസ്.ഡബ്ല്യു സ്റ്റീല്‍, ഇന്‍ഡസ്ഇന്‍ഡ് ബാങ്ക് എന്നിവയാണ് ഇന്ന് സെന്‍സെക്‌സില്‍ തിളങ്ങിയ പ്രമുഖര്‍.
റെയില്‍ വികാസ് നിഗം ലിമിറ്റഡ് (RVNL), ഡെല്‍ഹിവെറി, യെസ് ബാങ്ക്, മാന്‍കൈന്‍ഡ് ഫാര്‍മ, ഐ.ആര്‍.എഫ്.സി (ഇന്ത്യന്‍ റെയില്‍വേ ഫിനാന്‍സ് കോര്‍പ്പറേഷന്‍) എന്നിവയാണ് ഇന്ന് 3.15-6.29 ശതമാനം മുന്നേറി നിഫ്റ്റി 200ല്‍ ഏറ്റവുമധികം നേട്ടമുണ്ടാക്കിയത്.
ഇന്ന് കൂടുതൽ നേട്ടമുണ്ടാക്കിയ ഓഹരികൾ

അയോധ്യ രാമക്ഷേത്രം തുറക്കുന്നതിനോട് അനുബന്ധിച്ച് റെയില്‍വേ എടുക്കുന്ന പുതിയ സര്‍വീസുകളും പദ്ധതികളുമടക്കമുള്ള തീരുമാനങ്ങളാണ് ആര്‍.വി.എന്‍.എല്‍ അടക്കമുള്ള റെയില്‍വേ ഓഹരികള്‍ക്ക് ഊര്‍ജമായത്.
ധനകാര്യ സ്ഥാപനമായ ആര്‍.ഇ.സിയുമായി 35,000 കോടി രൂപയുടെ അടിസ്ഥാനസൗകര്യ വികസന പദ്ധതിക്കുള്ള കരാറും ആര്‍.വി.എന്‍.എല്‍ ഒപ്പുവച്ചിട്ടുണ്ട്.
155.5 കോടി രൂപയുടെ ബ്ലോക്ക് ഡീലിന്റെ കരുത്തില്‍ നെറ്റ്‌വര്‍ക്ക്18 മീഡിയ ഓഹരി ഇന്ന് 20 ശതമാനം കുതിച്ച് അപ്പര്‍-സര്‍കീട്ടിലെത്തി. 78 കോടി രൂപയുടെ ബ്ലോക്ക് ഡീല്‍ പശ്ചാത്തലത്തില്‍ ഉപകമ്പനിയായ ടിവി18 ഓഹരികളുടെ വിലയും 16 ശതമാനം മുന്നേറി.
നെറ്റ്‌വര്‍ക്ക് 18, മണികണ്‍ട്രോള്‍, ഫസ്റ്റ്‌സ്‌പോട്ട് തുടങ്ങിയവ വൈകാതെ വയാകോം18ന് കീഴിലാകും. ജിയോ സിനിമയുടെ മാതൃസ്ഥാപനവുമാണ് വയാകോം18. പുതിയ മരുന്നുകള്‍ വിപണിയിലിറക്കുമെന്ന് പ്രഖ്യാപിച്ചിട്ടുള്ള അസ്ട്രസെനേക ഫാര്‍മ ഓഹരി 18 ശതമാനം മുന്നേറ്റമുണ്ടാക്കി.
നിരാശപ്പെടുത്തി ഇവര്‍
എന്‍.ടി.പി.സി., പവര്‍ഗ്രിഡ്, അള്‍ട്രാടെക് സിമന്റ്, ആക്‌സിസ് ബാങ്ക് എന്നിവയാണ് സെന്‍സെക്‌സില്‍ ഇന്ന് കൂടുതല്‍ നഷ്ടം നേരിട്ട പ്രമുഖ ഓഹരികള്‍. സോന ബി.എല്‍.ഡബ്ല്യു, എന്‍.എം.ഡി.സി., ഇന്ദ്രപ്രസ്ഥ ഗ്യാസ്, ഓയില്‍ ഇന്ത്യ, ഡിവീസ് ലാബ് എന്നിവയാണ് നിഫ്റ്റി 200ല്‍ കൂടുതല്‍ നഷ്ടം നേരിട്ടത്.
ഇന്ന് കൂടുതൽ നഷ്ടം നേരിട്ടവർ

ഡിസംബര്‍ പാദത്തില്‍ വിദേശ പോര്‍ട്ട്‌ഫോളിയോ നിക്ഷേപകര്‍ (FPIS) 4,000 കോടി രൂപയുടെ ഊര്‍ജ ഓഹരികള്‍ വിറ്റൊഴിഞ്ഞുവെന്ന വാര്‍ത്തകളുടെ പശ്ചാത്തലത്തിലായിരുന്നു ഇന്ന് ഈ ശ്രേണിയിലെ ഓഹരികളുടെ വീഴ്ച.
വിപണിയുടെ ട്രെന്‍ഡ്
നിഫ്റ്റി 50ല്‍ ഇന്ന് 26 ഓഹരികള്‍ നേട്ടത്തിലും 24 എണ്ണം നഷ്ടത്തിലുമായിരുന്നു. റിലയന്‍സ് ഇന്‍സ്ട്രീസ്, എച്ച്.ഡി.എഫ്.സി ബാങ്ക്, കോട്ടക് ബാങ്ക്, അദാനി എന്റര്‍പ്രൈസസ് എന്നിവയാണ് ഇന്ന് നിഫ്റ്റി 50ല്‍ ഏറ്റവും സജീവമായിരുന്ന ഓഹരികള്‍.
ഗോള്‍ഡ്മാന്‍ സാച്‌സില്‍ നിന്ന് 'വാങ്ങല്‍' (Buy) സ്റ്റാറ്റസ് സ്വന്തമാക്കിയ റിലയന്‍സ് ഇന്‍ഡസ്ട്രീസ് ഓഹരി ഇന്ന് പുതിയ ഉയരവും കുറിച്ചു. ഹരിതോര്‍ജത്തിന് ഊന്നല്‍ നല്‍കി ഗുജറാത്തില്‍ രണ്ടുലക്ഷം കോടി രൂപയുടെ നിക്ഷേപം നടത്തുമെന്ന് വൈബ്രന്റ് ഗുജറാത്ത് സംഗമത്തിന്റെ ആദ്യദിനമായ ഇന്ന് അദാനി ഗ്രൂപ്പ് ചെയര്‍മാന്‍ ഗൗതം അദാനി വ്യക്തമാക്കിയിരുന്നു. ഈ പശ്ചാത്തലത്തില്‍ അദാനി എന്റര്‍പ്രൈസസ് ഓഹരി ഇന്ന് 3 ശതമാനം കയറി.
ബി.എസ്.ഇയില്‍ 2,045 ഓഹരികള്‍ നേട്ടത്തിലും 1,790 എണ്ണം നഷ്ടത്തിലുമായിരുന്നു. 100 ഓഹരികളുടെ വില മാറിയില്ല.
433 ഓഹരികള്‍ 52-ആഴ്ചത്തെ ഉയരത്തിലും 14 എണ്ണം താഴ്ചയിലുമായിരുന്നു. അപ്പര്‍-സര്‍കീട്ട് ശൂന്യമായിരുന്നു. ലോവര്‍-സര്‍കീട്ടില്‍ ഒരു കമ്പനിയെ കണ്ടു. ബി.എസ്.ഇയിലെ ലിസ്റ്റഡ് കമ്പനികളുടെ മൊത്തം നിക്ഷേപകമൂല്യം ഇന്ന് 1.28 ലക്ഷം കോടി രൂപ വര്‍ധിച്ച് 368.76 ലക്ഷം കോടി രൂപയായി.
കപ്പല്‍ശാലയുടെ ദിവസം
കേരളത്തില്‍ നിന്നുള്ള ലിസ്റ്റഡ് കമ്പനികളില്‍ ഇന്ന് കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡിന്റെ ആറാട്ടാണ് കണ്ടത്. തുടക്കംമുതല്‍ നേട്ടത്തിലായിരുന്നു ഓഹരി പിന്നീട് 20 ശതമാനം കുതിച്ച് അപ്പര്‍-സര്‍കീട്ടിലെത്തി. കമ്പനിയുടെ വിപണിമൂല്യം 21,000 കോടി രൂപയെന്ന മാജിക്‌സംഖ്യയും ഭേദിച്ചു. ഇന്ന് ഒറ്റദിവസം 4,000 കോടിയോളം രൂപയുടെ കുതിപ്പ് വിപണിമൂല്യത്തിലുണ്ടായി. വ്യാപാരാന്ത്യം മൂല്യം 21,120 കോടി രൂപയാണ്.
കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡിന്റെ ഓഹരിവിഭജനം ഇന്ന് പ്രാബല്യത്തില്‍ വന്ന പശ്ചാത്തലത്തിലാണ് ഓഹരികളുടെ കുതിപ്പ് (read more).
കേരള ഓഹരികളുടെ ഇന്നത്തെ പ്രകടനം

ആസ്പിന്‍വാള്‍ ഓഹരിയും ഇന്ന് 20 ശതമാനം മുന്നേറ്റമുണ്ടാക്കി. കിംഗ്‌സ് ഇന്‍ഫ്ര, സെല്ല സ്‌പേസ്, യൂണിറോയല്‍ മറീന്‍ എന്നിവയാണ് 4.87-5 ശതമാനം നേട്ടത്തോടെ കൂടുതല്‍ മുന്നേറിയ മറ്റ് കേരള ഓഹരികള്‍.
സൗത്ത് ഇന്ത്യന്‍ ബാങ്ക്, സി.എസ്.ബി ബാങ്ക്, മണപ്പുറം ഫിനാന്‍സ്, വെര്‍ട്ടെക്‌സ്, ഹാരിസണ്‍സ് മലയാളം എന്നിവയാണ് 1.5-4.8 ശതമാനം താഴ്ന്ന് കൂടുതല്‍ നഷ്ടം രേഖപ്പെടുത്തിയവ.
ഉപകമ്പനിയായ ആശീര്‍വാദ് മൈക്രോഫിനാന്‍സിന്റെ ഐ.പി.ഒയ്ക്ക് അനുമതി നല്‍കുന്നത് സെബി തത്കാലം നീട്ടിവച്ചെന്ന വാര്‍ത്തകളാണ് മണപ്പുറം ഫിനാന്‍സ് ഓഹരികള്‍ക്ക് തിരിച്ചടിയായത് (read more).
Anilkumar Sharma
Anilkumar Sharma  

Assistant Editor

Related Articles

Next Story

Videos

Share it