പണപ്പെരുപ്പക്കണക്കില്‍ കണ്ണുംനട്ട് ഓഹരി; സെന്‍സെക്‌സിന് 99 പോയിന്റ് നേട്ടം

മേയിലെ പണപ്പെരുപ്പക്കണക്ക്, വ്യാവസായിക ഉത്പാദന സൂചികയുടെ (ഐ.ഐ.പി) വളര്‍ച്ചാക്കണക്ക് എന്നിവ ഇന്ന് വൈകിട്ട് വരാനിരിക്കേ, ഇന്ത്യന്‍ ഓഹരി സൂചികകളില്‍ ഇന്ന് വ്യാപാരം നടന്നത് ഏറെ കരുതലോടെ. ഇരു കണക്കുകളും 14ന് അമേരിക്കന്‍ കേന്ദ്രബാങ്കായ ഫെഡറല്‍ റിസര്‍വ് പ്രഖ്യാപിക്കുന്ന പണനയവും വിലയിരുത്തിയ ശേഷമാകും ഇനി നിക്ഷേപകര്‍ ഉറച്ച തീരുമാനങ്ങളെടുക്കുക. അതുവരെ ജാഗ്രതയോടെയുള്ള ഇടപെടലുകള്‍ക്കാണ് സാദ്ധ്യത.

വിവിധ ഓഹരി വിഭാഗങ്ങൾ ഇന്ന് നടത്തിയ പ്രകടനം


ഇന്ന് സെന്‍സെക്‌സ് 99.08 പോയിന്റ് (0.16 ശതമാനം) 99.08ലും നിഫ്റ്റി 38.10 പോയിന്റ് നേട്ടവുമായി (0.21 ശതമാനം) 18,601.50ലുമാണ് വ്യാപാരം പൂര്‍ത്തിയാക്കിയത്. ഐ.ടി ഓഹരികളാണ് ഇന്ന് പ്രധാനമായും ഓഹരി സൂചികകളെ നേട്ടത്തില്‍ നിലനിറുത്തിയത്.

നിഫ്റ്റി ഐ.ടി സൂചിക 1.51 ശതമാനം മുന്നേറി. റിയല്‍റ്റി സൂചികയില്‍ 1.41 ശതമാനം കുതിപ്പുണ്ടായി. മീഡിയ 1.13 ശതമാനം ഉയര്‍ന്നു. നിഫ്റ്റി മിഡ്ക്യാപ്പ് 0.55 ശതമാനവും സ്‌മോള്‍ക്യാപ്പ് 0.87 ശതമാനവും ഉയര്‍ന്നു. നിഫ്റ്റി ബാങ്ക്, ധനകാര്യം, ഫാര്‍മ, സ്വകാര്യബാങ്ക്, ഹെല്‍ത്ത്‌കെയര്‍ സൂചികകള്‍ 0.02 മുതല്‍ 0.10 ശതമാനംവരെ താഴേക്കിറങ്ങി.
ബി.എസ്.ഇയുടെ മൂല്യം 287 ലക്ഷം കോടി
ബി.എസ്.ഇയുടെ നിക്ഷേപക മൂല്യം ഇന്ന് 1.25 ലക്ഷം കോടി രൂപ വര്‍ദ്ധിച്ച് 287.98 ലക്ഷം കോടി രൂപയായിട്ടുണ്ട്. സെന്‍സെക്‌സില്‍ ഇന്ന് രണ്ട് കമ്പനികള്‍ ലോവര്‍ സര്‍ക്യൂട്ടിലായിരുന്നു. അപ്പര്‍ സര്‍ക്യൂട്ടില്‍ ഒരു ഓഹരിയും വ്യാപാരം ചെയ്യപ്പെട്ടില്ല.
245 കമ്പനികള്‍ 52-ആഴ്ചത്തെ ഉയരത്തിലെത്തി. 42 കമ്പനികള്‍ 52-ആഴ്ചത്തെ താഴ്ചയിലും. 2,092 കമ്പനികളുടെ ഓഹരികള്‍ ഇന്ന് നേട്ടത്തിലാണ്. 1,632 കമ്പനികള്‍ നഷ്ടത്തിലും. 138 കമ്പനികളുടെ ഓഹരിവിലയില്‍ മാറ്റമില്ല.
നേട്ടത്തിലേറിയവര്‍
സൊമാറ്റോ ഓഹരികള്‍ ഇന്നും മുന്നേറ്റം തുടര്‍ന്നു. ഇന്ന് ഒരുവേള കമ്പനിയുടെ ഓഹരി 52-ആഴ്ചത്തെ ഉയരമായ 80.3 രൂപവരെ എത്തി. വ്യാപാരാന്ത്യം വില 77.79 രൂപയാണ്.
ഐ.ടി ഓഹരികളാണ് സൂചികകളുടെ നേട്ടത്തിന് ചുക്കാന്‍ പിടിച്ചത്. എച്ച്.സി.എല്‍ ടെക്, ഇന്‍ഫോസിസ് എന്നിവയ്ക്ക് മികച്ച വാങ്ങല്‍താത്പര്യമുണ്ടായി. എന്‍.ടി.പി.സി., മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര, ടി.സി.എസ്., നെസ്‌ലെ, ടെക് മഹീന്ദ്ര എന്നിവയും ഇന്ന് മികച്ച പ്രകടനം നടത്തി.
ഇന്ന് കൂടുതൽ നേട്ടം കുറിച്ചവർ

ചില ബ്രോക്കറേജ് ഏജന്‍സികളില്‍ നിന്ന് വാങ്ങുക (buy) റേറ്റിംഗ് കിട്ടയതിനെ തുടര്‍ന്ന് ഡെല്‍ഹിവെറി ഓഹരി ഇന്ന് 9.14 ശതമാനം മുന്നേറി. പ്രെസ്റ്റീജ് എസ്റ്റേറ്റ്‌സ്, എച്ച്.പി.സി.എല്‍., ഇന്‍ഡസ് ടവേഴ്‌സ്, ആര്‍.ഇ.സി എന്നിവയാണ് ഇന്ന് ഏറ്റവുമധികം നേട്ടമുണ്ടാക്കിയ മറ്റ് ഓഹരികള്‍.
നിരാശപ്പെടുത്തിയവര്‍
എസ്.ആര്‍.എഫ്., ഇന്റര്‍ഗ്ലോബ് എവിയേഷന്‍ (ഇന്‍ഡിഗോ), ആല്‍കെം ലാബ്, ജെ.എസ്.ഡബ്ല്യു എനര്‍ജി, കണ്ടെയ്‌നര്‍ കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ എന്നിവയാണ് ഇന്ന് ഏറ്റവുമധികം നഷ്ടം നേരിട്ടത്.
ഇന്ന് കൂടുതൽ നഷ്ടം നേരിട്ടവർ


ഓഹരി ഉടമകള്‍ ഓഹരി പങ്കാളിത്തം നേരിയ തോതില്‍ കുറയ്ക്കുമെന്ന വാര്‍ത്തകളാണ് ഇന്‍ഡിഗോ വിമാനക്കമ്പനിയുടെ മാതൃസ്ഥാപനമായ ഇന്റര്‍ഗ്ലോബിന് തിരിച്ചടിയായത്. പവര്‍ ഗ്രിഡ്, എല്‍ ആന്‍ഡ് ടി., മാരുതി, ടൈറ്റന്‍, എച്ച്.ഡി.എഫ്.സി ബാങ്ക്, വിപ്രോ എന്നിവയും നഷ്ടത്തിലാണ്.
മുന്നേറി നിറ്റ ജെലാറ്റിന്‍, കൊച്ചി കപ്പല്‍ശാല
കേരളം ആസ്ഥാനമായ കമ്പനികളുടെ ഓഹരികള്‍ ഇന്ന് പൊതുവേ മികച്ച നേട്ടത്തിലാണുള്ളത്. ആസ്റ്റര്‍ (1.15 ശതമാനം), കൊച്ചിന്‍ മിനറല്‍സ് ആന്‍ഡ് റൂട്ടൈല്‍ (2.4 ശതമാനം), ഈസ്റ്റേണ്‍ ട്രെഡ്‌സ് (3.25 ശതമാനം), ഹാരിസണ്‍സ് മലയാളം (1.7 ശതമാനം), ഇന്‍ഡിട്രേഡ് (0.65 ശതമാനം), കല്യാണ്‍ ജുവലേഴ്‌സ് (1.26 ശതമാനം), കേരള ആയുര്‍വേദ (1.67 ശതമാനം). കെ.എസ്.ഇ (1.07 ശതമാനം), റബ്ഫില (2.41 ശതമാനം), വി-ഗാര്‍ഡ് (0.80 ശതമാനം) എന്നിവയൊഴികെയുള്ള കമ്പനികളെല്ലാം നേട്ടമുണ്ടാക്കി.
കേരള ഓഹരികളുടെ ഇന്നത്തെ പ്രകടനം

മികച്ച പ്രവര്‍ത്തന ഫലാനന്തരമുള്ള കുതിപ്പ് കിംഗ്‌സ് ഇന്‍ഫ്ര തുടരുന്നു. ഇന്ന് 10.77 ശതമാനമാണ് മുന്നേറ്റം. ആഗോളതലത്തില്‍ ഫാര്‍മ ജെലാറ്റിന്‍ വിപണി പത്തുവര്‍ഷത്തിനകം 192 കോടി ഡോളര്‍ മറികടക്കുമെന്ന റിപ്പോര്‍ട്ടുകളെ തുടര്‍ന്ന് നിറ്റ ജെലാറ്റിന്‍ ഓഹരി 8.09 ശതമാനം ഉയര്‍ന്നു.
കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡ് ഇന്ന് 3.31 ശതമാനം ഉയര്‍ന്നു. നേവി കപ്പലിന്റെ നവീകരണത്തിനായി കഴിഞ്ഞവാരം 300 കോടി രൂപയുടെ പുതിയ കരാര്‍ കപ്പല്‍ശാലയ്ക്ക് ലഭിച്ചിരുന്നു. മുത്തൂറ്റ് കാപ്പിറ്റല്‍ 3.69 ശതമാനവും സ്‌കൂബിഡേ ഡേ 3.61 ശതമാനവും സൗത്ത് ഇന്ത്യന്‍ ബാങ്ക് 3.44 ശതമാനവും വെര്‍ട്ടെക്‌സ് 3.54 ശതമാനവും നേട്ടം ഇന്ന് രേഖപ്പെടുത്തി.
രൂപയ്ക്ക് നേട്ടം, ക്രൂഡോയിലിന് കോട്ടം
രൂപ ഇന്ന് ഡോളറിനെതിരെ നേരിയ നേട്ടം കുറിച്ചു. 82.46ല്‍ നിന്ന് 82.43ലേക്കാണ് മൂല്യം മെച്ചപ്പെട്ടത്. അമേരിക്കയുടെ പണപ്പെരുപ്പക്കണക്ക്, കേന്ദ്ര ബാങ്കായ ഫെഡറല്‍ റിസര്‍വിന്റെ പണനയ പ്രഖ്യാപനം എന്നിവ വരാനിരിക്കേ ഡോളര്‍ ആഗോളതലത്തില്‍ ചാഞ്ചാടിയതാണ് രൂപയ്ക്ക് നേരിയ ആശ്വാസമായത്.
ക്രൂഡോയില്‍ വില കഴിഞ്ഞവാരത്തെ ചാഞ്ചാട്ടത്തിനൊടുവില്‍ ഇന്ന് കനത്ത നഷ്ടത്തിലാണ്. കഴിഞ്ഞവാരം 73ന് ഡോളറിന് മുകളിലായിരുന്ന ഡബ്ല്യു.ടി.ഐ ക്രൂഡ് വിലയുള്ളത് ഇപ്പോള്‍ 68 ഡോളറില്‍. ബ്രെന്റ് വില 77.6 ഡോളറില്‍ നിന്ന് 73 ഡോളറിലെത്തി.
Anilkumar Sharma
Anilkumar Sharma  

Assistant Editor

Related Articles
Next Story
Videos
Share it